Follow Us On

11

January

2025

Saturday

ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മപ്പെരുന്നാളില്‍ ഗാനങ്ങള്‍ ആലപിച്ചത് യുഎഇയില്‍നിന്നുള്ള കുട്ടികള്‍

ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മപ്പെരുന്നാളില്‍ ഗാനങ്ങള്‍ ആലപിച്ചത് യുഎഇയില്‍നിന്നുള്ള കുട്ടികള്‍
തിരുവനന്തപുരം: ധന്യന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് യുഎഇയില്‍ നിന്നുള്ള 22 കുട്ടികള്‍.
സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സീറോമലങ്കര സഭയിലെ മറ്റു മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയിലെ ഗാനങ്ങള്‍ ആലപിക്കാനുള്ള ഭാഗ്യമാണ് യുഎഇയിലെ മലങ്കര കത്തോലിക്ക  സഭാംഗങ്ങളായ കുട്ടികളെ തേടിയെത്തിയത്. സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലായിരുന്നു വചന സന്ദേശം നല്‍കിയത്.
പങ്കെടുത്ത കുട്ടികളെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവ് ഉപയോഗിച്ച അംശവടിയും കാണുവാനും ഉപയോഗിച്ച സ്ലീബ കാതോലിക്ക  ബാവയുടെ കരങ്ങളില്‍നിന്ന് മുത്തി അനുഗ്രഹം പ്രാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കാതോലിക്ക ബാവ എഴുതിയ മെസേജ് അടങ്ങിയ ഫലകം കുട്ടികള്‍ക്കു ഉപഹാരമായി നല്‍കി. ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് കറ്റാനത്തിന് കാതോലിക്ക ബാവ ഫലകം നല്‍കി ആദരിച്ചു.
യുഎ ഇ മലങ്കര കത്തോലിക്ക സഭ കോ-ഓര്‍ഡിനേറ്റര്‍ ഫാ. റെജി വര്‍ഗീസ് മണക്കലേട്ട്, മലങ്കര കാത്തോലിക് ചില്‍ഡ്രസ് ലീഗ് ഡയറക്ടര്‍ ഫാ. മാത്യൂസ് ആലുമ്മൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ചായിരുന്നു കുട്ടികളെ കേരളത്തിലേക്ക് യാത്രയാക്കിയത്. ഗാനങ്ങള്‍ പഠിപ്പിച്ചത് ക്വയര്‍ മാസ്റ്റര്‍ സുബിന്‍ പണിക്കരാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ 2019 ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. അതിനു മുന്നോടിയായി പാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് മലങ്കര ആരാധനക്രമത്തില്‍ പിതാക്കന്മാരെ സ്വീകരിക്കുന്ന ഗാനം ആലപിച്ചുകൊണ്ട് കുട്ടികളുടെ വീഡിയോ ഇറക്കിയിരുന്നു.
തുടര്‍ന്ന് ദുബായ് സെന്റ് മേരീസ് ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ എത്തിയപ്പോള്‍ കുട്ടികളോടൊപ്പം ഗാനം ആലപിക്കുകയും ചെയ്തു.
 അവരുടെ പാട്ട് ഇഷ്ടപ്പെട്ട കാതോലിക്ക ബാവ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപെരുന്നാള്‍ വിശുദ്ധ കുര്‍ബാനക്ക് കുട്ടികളെ ഒരുക്കാന്‍ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് കറ്റാനത്തോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, കോവിഡ് വന്നതിനാല്‍ അതു നീണ്ടുപോയി. എന്നാല്‍ ദൈവാനുഗ്രഹംപോലെ ഈ വര്‍ഷം അതിനുള്ള അവസരം അവരെത്തേടി എത്തുകയായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?