കണ്ണൂര്‍: മഹാജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി തിരുഹ്യദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവില്‍. മനഃശാസ്ത്രസഹായവും കൗണ്‍സലിംഗും തേടുന്നവര്‍ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തില്‍ മനഃശാസ്ത്രത്തിന്റെ അപാര സാധ്യതകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തില്‍ 2000 ജൂലൈ നാലിനാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്.
25 വര്‍ഷം പിന്നിടുമ്പോള്‍ ഈശോയുടെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകള്‍ക്ക് ആശ്വാസമാകാന്‍ ഹൃദയാരാമിന് കഴിഞ്ഞു. കൗണ്‍സലിംഗ് കാലഘട്ടത്തിന്റെ ആവശ്യമെന്നു തിരിച്ചറിഞ്ഞ് ഹൃദയരാം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. കൂടാളിയില്‍ ഹൃദയാരാം ഫാമിലി കൗണ്‍സലിംഗ് സെന്റര്‍, ഇരിട്ടിയില്‍ ഹൃദയാരാം സൈക്കോ എഡ്യൂക്കേഷന്‍ സെന്റര്‍, കര്‍ണാടകയിലെ നെല്ലിയാടിയില്‍ ഹൃദയാരാം മൈന്‍ഡ് കെയര്‍ സെന്റര്‍ എന്നീ ശാഖകളിലൂടെ കേരളത്തിനകത്തും പുറത്തുമായി സേവനരംഗം വിപുലീകരിച്ചു.
ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റിന്‍സി അഗസ്റ്റിന്‍ എസ്എച്ചിന്റെ നേതൃത്വത്തില്‍ ഡോ. സിസ്റ്റര്‍ ജാന്‍സി പോള്‍ എസ്എച്ച് അസിസ്റ്റന്റ് ഡയറക്ടറായും, ഡോ. സിസ്റ്റര്‍ ജ്യോതിസ് പാലയ്ക്കല്‍ എസ്എച്ച് പ്രിന്‍സിപ്പലായും നേതൃത്വം നല്‍കുന്ന ഹൃദയാരാം ജൂബിലി വര്‍ഷത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ഇരുപത്തഞ്ചിന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭം കുറിച്ചു.
ഫാ. ആന്റണി ആനക്കല്ലില്‍, ഫാ. മാത്യു നരിക്കുഴി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഹൃദയാരാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി തിരിതെളിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹൃദയാരാം സ്ഥാപക ഡയറക്ടറും തിരുഹൃദയ സന്യാസിനി സമൂഹം തലശേരി പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ ഡോ. സിസ്റ്റര്‍ ട്രീസ് പാലയ്ക്കല്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ഹൃദയാരാം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റിന്‍സി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ജാന്‍സി പോള്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. ഫാ. ജോസഫ് കാവനാടി, ഫാ. ജോബിന്‍ വലിയപറമ്പില്‍, സിസ്റ്റര്‍ എസ്പിരിറ്റ് മൂലയില്‍, ഡോ. സിസ്റ്റര്‍ ഗ്രേസി ചെല്ലങ്കോട്ട് എസ്എച്ച്, ഹൃദയാരാം പൂര്‍വ വിദ്യാര്‍ഥി സംഘടന (ഹാര്‍ട്ട്) പ്രസിഡന്റ് വി.വി. റിനേഷ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ഹൃദയാരാം സൂപ്പിരിയര്‍ സിസ്റ്റര്‍ അമല ജോര്‍ജ് സ്വാഗതവും ഡോ. സിസ്റ്റര്‍ ജ്യോതിസ് പാലയ്ക്കല്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലിംഗ് സേവനങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കണ്ണൂര്‍: 9447278001, കൂടാളി: 7909193481, ഇരിട്ടി: 9495064600
Leave a Comment
Your email address will not be published. Required fields are marked with *