Follow Us On

22

January

2025

Wednesday

കേരളത്തിന്റെ സന്തോഷ സൂചിക എത്രയായിരിക്കും?

കേരളത്തിന്റെ സന്തോഷ സൂചിക  എത്രയായിരിക്കും?

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്.
1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം
3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം 5. ഉദാരത
6. അഴിമതിയുടെ അഭാവം

അതായത് ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങളില്‍ എത്രമാത്രം സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്; ജനങ്ങളുടെ ആളോഹരി വരുമാനം എത്രയാണ്; ജനങ്ങളുടെ പൊതു ആരോഗ്യസ്ഥിതി എങ്ങനെയാണ്; ജനങ്ങള്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം അനുഭവിക്കാന്‍ പറ്റുന്നുണ്ട്; ജനങ്ങള്‍ എന്തുമാത്രം മറ്റുള്ളവരോട് ഉദാരത കാണിക്കുന്നവരാണ്; ജനങ്ങള്‍ എത്രമാത്രം അഴിമതിയില്‍ നിന്നും മുക്തരാണ്. ഈ ആറ് മാനദണ്ഡങ്ങള്‍ വച്ചാണ് സന്തോഷസൂചിക കണക്കാക്കുന്നത്.
2024-ലെ ലോക സന്തോഷ സൂചിക റിപ്പോര്‍ട്ട് അനുസരിച്ച് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ കഴിയുന്ന രാജ്യം ഫിന്‍ലന്റാണ്. 2,3,4 സ്ഥാനങ്ങളില്‍ ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്റ്, സ്വീഡന്‍ എന്നിവ വരുന്നു. ഇന്ത്യയ്ക്ക് 126-ാം റാങ്ക് മാത്രമാണ് ഉള്ളത്. 143 രാജ്യങ്ങളെയാണ് പഠിച്ചത്. അതിലാണ് ഇന്ത്യക്ക് 126-ാം റാങ്ക്. ഏറ്റവും അവസാനത്തെ റാങ്ക് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിനാണ്.

ഇനി വിവിധ രാജ്യങ്ങള്‍ക്ക് കിട്ടിയ മാര്‍ക്ക് കൂടി നാം താരതമ്യം ചെയ്യണം. ഒന്നാം സ്ഥാനത്ത് വന്ന ഫിന്‍ലന്റിന് 10-ല്‍ 7.74 മാര്‍ക്ക് കിട്ടി. 126-ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് 10-ല്‍ 4.1 മാര്‍ക്കാണ്. 143-ാം സ്ഥാനത്ത് നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് 10-ല്‍ 1.7 മാര്‍ക്കാണ്. അപ്പോള്‍ തോന്നുക വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവ് തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന് ഫിന്‍ലന്റില്‍ ശരാശരി ആളോഹരി വരുമാനം ഏകദേശം 43,48,880 രൂപയാണ്. ഇന്ത്യയില്‍ ഇത് 1,50,906 രൂപയാണ്. അഫ്ഗാനിസ്ഥാനില്‍ അത് 44,240 രൂപയാണ്. തമ്മിലുള്ള അന്തരം എത്ര വലുതാണ്. അപ്പോള്‍ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിലെ വ്യത്യാസം വളരെ വ്യക്തമാണല്ലോ. മറ്റ് മാനദണ്ഡങ്ങളിലും രാജ്യങ്ങള്‍ തമ്മില്‍ വലിയ അന്തരം ഉണ്ട്.
ഈ കാര്യങ്ങള്‍ വായിച്ചപ്പോള്‍ എന്റെ മനസില്‍ ഒരു ജിജ്ഞാസ ഉണ്ടായി. അങ്ങനെയാണെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ സന്തോഷസൂചിക എത്രയായിരിക്കാം? അങ്ങനെ ഒരു പഠനറിപ്പോര്‍ട്ട് എന്റെ അറിവില്‍ ഇല്ല. അതിനാല്‍ മേല്‍വിവരിച്ച ആറ് മാനദണ്ഡങ്ങളുടെയും കേരളത്തിന്റെ മറ്റ് ചില പ്രത്യേകതകളുടെയും വെളിച്ചത്തില്‍ അത് ഊഹിക്കുവാനേ കഴിയൂ. മേല്‍ വിവരിച്ച ആറ് മാനദണ്ഡങ്ങളും വച്ച് കേരള ജനതയെ പറ്റി ചിന്തിക്കാം.

ഒന്നാമത്തേത്, സോഷ്യല്‍ സപ്പോര്‍ട്ട്. ജനങ്ങള്‍ക്കായി ധാരാളം ക്ഷേമ പദ്ധതികള്‍ ഉള്ള നാടാണ് കേരളം എന്നതില്‍ തര്‍ക്കമില്ല. തന്മൂലം ഒരു പാട് പേര്‍ക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. ഗവണ്‍മെന്റ് നല്കുന്ന പിന്തുണക്ക് പുറമെ നിരവധി സ്ഥാപനങ്ങളും മതസംവിധാനങ്ങളും വ്യക്തികളുമെല്ലാം പാവപ്പെട്ടവര്‍ക്ക് ധാരാളം സാമൂഹ്യപിന്‍ബലം നല്കുന്നുണ്ട്. വീട് വച്ചു നല്കുക, വിവാഹ പഠന സഹായങ്ങള്‍ നല്കുക, ചികിത്സാസഹായം നല്കുക, പ്രായമായവരെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംരക്ഷിക്കുക തുടങ്ങി നിരവധി മേഖലകളില്‍ മതസ്ഥാപനങ്ങളും സാമൂഹ്യസംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം വലിയ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എങ്കിലും ഇപ്പോള്‍ നല്കുന്നതൊന്നും മതിയാകുന്നില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ പോലും മുടങ്ങിക്കിടക്കുന്ന അവസ്ഥ. ഇത് സന്തോഷസൂചിക ചെറുതായിരിക്കുവാന്‍ കാരണമാകുന്നുണ്ട്.

രണ്ടാമതായി ആളോഹരി വരുമാനം ഫിന്‍ലന്റില്‍ അത് 43,48,880 രൂപ. കേരളത്തില്‍ അത് 1,74,214 രൂപ. വ്യത്യാസം വളരെ വലുതാണല്ലോ. അതനുസരിച്ച് സന്തോഷസൂചികയിലും ഗണ്യമായ വ്യത്യാസം ഉണ്ടായിരിക്കും. മൂന്നാമത്തേത് ആരോഗ്യസ്ഥിതി. കേരളത്തിന്റെ സ്ഥിതി എന്താണ്? നല്ലൊരു പങ്ക് മനുഷ്യര്‍ രോഗികള്‍ ആണ്. മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ വളരെയധികം. ഏത് ആശുപത്രിയില്‍ ചെന്നാലും രോഗികളുടെ തിരക്കാണ്. പണം ഇല്ലാത്തതുകൊണ്ട് ചികിത്സിക്കാന്‍ പോകാത്തവരും ധാരാളം. സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മേഖലയില്‍ വലിയ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാലും മതിയാകുന്നില്ല. മരുന്നിനും ടെസ്റ്റുകള്‍ക്കുമെല്ലാം പുറത്തുപോകേണ്ടി വരുന്ന അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെ കൂടുതല്‍ ആണല്ലോ. ധാരാളം അംഗപരിമിതര്‍ ബുദ്ധിപരിമിതര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ യാതൊരു സര്‍ക്കാര്‍ സഹായവും കിട്ടാത്തവരായി കഴിയുന്നു. അതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കേരളത്തിന് വലിയ മാര്‍ക്കും ഒന്നും കിട്ടുകയില്ല.

അടുത്തത് സ്വാതന്ത്ര്യം. അത് ഉണ്ടെന്ന് പറയാം. അതേ സമയം ചിലര്‍ സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുന്നതും ആ മേഖലയില്‍ ഒരുപാട് പേരുടെ സന്തോഷം കുറയാന്‍ കാരണമാകുന്നുണ്ട്. നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍, കൊലപാതകങ്ങള്‍, കൊള്ള, ലഹരിവസ്തുക്കളുടെ ഉല്പാദനം, വിതരണം, ലൈംഗികാതിക്രമങ്ങള്‍, ഉപയോഗം തുടങ്ങിയവയെല്ലാം സമൂഹത്തിന്റെ സന്തോഷസൂചിക കുറക്കുന്നത്.
മറ്റൊന്ന് അഴിമതി. അത് ഇവിടെ ഒട്ടും കുറവല്ല എന്ന് മാധ്യമവാര്‍ത്തകളും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ കേരളത്തിലെ ജനങ്ങളുടെ സന്തോഷസൂചിക അത്ര മികച്ചതൊന്നുമല്ല. ഒരുപാട് മനുഷ്യര്‍ വിവിധ കാരണങ്ങളാല്‍ നരകിച്ച് ജീവിക്കുന്നവരാണ്. ആളുകളെ അടുത്ത് അറിയുമ്പോഴും അവരോട് സംസാരിക്കുമ്പോഴും നാട്ടില്‍ നിന്ന് വരുന്ന നിരവധി വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നമുക്കത് ബോധ്യപ്പെടും.
എല്ലാവരും കൂടി ശ്രമിച്ചാല്‍, നമുക്ക് നമ്മുടെ സന്തോഷസൂചിക കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. പക്ഷേ മനസ് വേണം. അത് എല്ലാവര്‍ക്കും ഉണ്ടോ? ഉണ്ടാകുമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?