Follow Us On

01

January

2025

Wednesday

തോമാശ്ലീഹായുടെ കാലടികള്‍ പതിഞ്ഞ പാക്കിസ്ഥാനിലെ നഗരം

തോമാശ്ലീഹായുടെ  കാലടികള്‍ പതിഞ്ഞ  പാക്കിസ്ഥാനിലെ നഗരം

തോമാശ്ലീഹായുടെ തിരുനാള്‍ദിനമായ ജൂലൈ മൂന്നാം തിയതി ആയിരക്കണക്കിന് ക്രൈസ്തവ തീര്‍ത്ഥാടകരെത്തുന്ന പാക്കിസ്ഥാനിലെ പുരാതന നഗരമാണ് സിര്‍ക്കാപ്പ്. ദക്ഷിണേന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് തോമാശ്ലീഹാ ഇവിടെയെത്തി സുവിശേഷം പ്രസംഗിച്ചത്. എഡി 52നോട് അടുത്ത കാലഘട്ടത്തില്‍ ഗോണ്ടോഫോറസ് രാജാവിന്റെ കൊട്ടാരത്തിലെത്തിയ ശ്ലീഹാ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി കുരിശില്‍ മരിച്ച ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ എല്ലാവര്‍ക്കും ലഭിക്കുന്ന രക്ഷയെക്കുറിച്ചും പ്രസംഗിച്ചു. തോമാശ്ലീഹായുടെ പ്രബോധനത്തില്‍ മതിപ്പ് തോന്നിയ ഗോണ്ടോഫോറസ് രാജാവ് ഒരു കൊട്ടാരം നിര്‍മ്മിക്കുന്നതിനായി തോമാശ്ലീഹായ്ക്ക് വലിയൊരു തുക നല്‍കിയതായും എന്നാല്‍ ശ്ലീഹാ ആ പണം മുഴുവന്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്തതായും മൂന്നാം നൂറ്റാണ്ടില്‍ സിറിയക്ക് ഭാഷയില്‍ രചിക്കപ്പെട്ട തോമായുടെ നടപടികള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തോമാശ്ലീഹായുടെ ഈ നടപടിയെക്കുറിച്ച് അറിഞ്ഞ രാജാവ് തോമാശ്ലീഹായെ ജീവനോടെ ദഹിപ്പിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ തോമാശ്ലീഹാ ജയിലിലായിരുന്ന സമയത്ത് രാജാവിന്റെ സഹോദരന്‍ മരണമടയുകയും പിന്നീട് അത്ഭുതകരമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. സ്വര്‍ഗത്തില്‍ ഗോണ്ടോഫോറസ് രാജാവിനായി തോമാശ്ലീഹാ ഒരു കൊട്ടാരം ഒരുക്കിയിരിക്കുന്നത് താന്‍ കണ്ടെന്ന് അദ്ദേഹം രാജാവിനോട് പറഞ്ഞു. ഇത് രാജാവിനെ മാനസാന്തരത്തിലേക്ക് നയിച്ചതായും അദ്ദേഹവും ജനങ്ങളും ക്രൈസ്തവവിശ്വാസം സ്വീകരിച്ചതായും പാരമ്പര്യം പറയുന്നു. പ്രാചീനനഗരമായ തക്ഷശിലയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് സിര്‍ക്കാപ്പ്. യുണെസ്‌കോ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരമായ സിര്‍ക്കാപ്പ് പുരാവസ്തു നിയമപ്രകാരം സംരക്ഷിത നഗരമാണ്. 1935ല്‍ ഇവിടെ നിന്ന് ലഭിച്ച കുരിശ് ‘തക്ഷശില കുരിശ്’ എന്ന പേരില്‍ ലാഹോറിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിസറക്ഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

നിലവില്‍ ഇവിടെ തീര്‍ത്ഥാടനത്തിനായി എത്തുന്ന വിശ്വാസികള്‍ മൂന്ന് അടി ഉയരമുള്ള ‘ത്രോണ്‍ ഓഫ് സെന്റ് തോമസിന്’ ചുറ്റും തിരികള്‍ തെളിക്കുകയും മാമ്മോദീസാകള്‍ നടത്തുകയും ചെയ്തു വരുന്നു. സിര്‍ക്കാപ്പിന് സമീപമായി പണിതീര്‍ത്ത സെന്റ് തോമസ് ദൈവാലയം 2022-ല്‍ആര്‍ച്ചുബിഷപ് ജോസഫ് അര്‍ഷാദ് വെഞ്ചരിച്ച് വിശ്വാസികള്‍ക്കായി തുറന്നുനല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?