Follow Us On

07

September

2024

Saturday

തീറെഴുതി കൊടുക്കാത്ത അവകാശം

തീറെഴുതി കൊടുക്കാത്ത അവകാശം

 ഫാ. മാത്യു ആശാരിപറമ്പില്‍

ക്രൈസ്തവ ഭൂരിപക്ഷമുള്ള തൃശൂരില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ജയിച്ചതില്‍ ക്രൈസ്തവ സമുദായത്തിനുള്ള പങ്കിനെക്കുറിച്ച് പല വ്യാഖ്യാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അത് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹംകൊണ്ടോ മോദിഭരണം നല്ലതായതുകൊണ്ടോ അല്ലെന്ന് മുഖവുരയായി പ്രഖ്യാപിക്കണമെന്ന് വിചാരിക്കുന്നു.
ഭാരതത്തെ ഹൈന്ദവരാജ്യമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത സവര്‍ക്കര്‍ തുടക്കംകുറിച്ച ആര്‍എസ്എസിന്റെ ഹൈന്ദവതീവ്രത നെഞ്ചിലേറ്റുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി. നരേന്ദ്രമോദി എന്ന വ്യക്തിയുടെ ഇമേജും വാക്വിലാസവും നേതൃത്വകഴിവും വികസനത്തിനുവേണ്ടിയുള്ള പരിശ്രമവും തീര്‍ച്ചയായും അംഗീകരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ ആര്‍എസ്എസ് നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്ന തീവ്രഹിന്ദു നിലപാടുകള്‍ രാജ്യത്തിന്റെ ആത്മസൗന്ദര്യമായ മതേതരത്വത്തെ പിച്ചിച്ചീന്തുന്നതാണ്.

‘ലോകാസമസ്ത സുഖിനോ ഭവന്തു’ എന്ന് പാടി വസുധൈക കുടുംബമെന്ന പുണ്യത്തെ പുണരുന്നതാണ് ഈ സംസ്‌കാരം. ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും വൈശ്യനെന്നും ശൂദ്രനെന്നും മനുഷ്യനെ നാലായി തിരിക്കുന്ന സനാധനധര്‍മം പാലിക്കുമ്പോഴും എല്ലാവര്‍ക്കുംവേണ്ടി കൈകള്‍ വിരിച്ച് സ്വാഗതമോതുന്ന വിശാലതയാണ് ഈ ഹിന്ദുസംസ്‌കാരത്തിന്റെ സൗന്ദര്യം. ആ ശ്രേഷ്ഠസൗന്ദര്യത്തെയാണ് തീവ്രഹിന്ദു മൗലികതയില്‍ ബിജെപി സര്‍ക്കാര്‍ വികലമാക്കിയത്.
ആദ്യനൂറ്റാണ്ടില്‍ കടന്നുവന്ന ക്രിസ്തുമതത്തെയും എട്ടാം നൂറ്റാണ്ടില്‍ കടന്നുവന്ന ഇസ്ലാം മതത്തെയും ഇവിടെത്തന്നെ രൂപംപൂണ്ട ബുദ്ധമതം, ജൈനമതം, പാര്‍സി മതം തുടങ്ങിയവയെയും ഉള്‍ക്കൊള്ളുവാന്‍ അതിനാല്‍തന്നെ ഹിന്ദുസംസ്‌കാരത്തിന് കഴിഞ്ഞു. ഒരു ദൈവത്തിന്റെ പേരില്‍മാത്രം ദൈവവിശ്വാസം പ്രഖ്യാപിക്കുന്നവരല്ല ഹിന്ദുസമൂഹം. വിവിധ ഈശ്വരന്മാരും ആചാരങ്ങളും അവര്‍ക്ക് പരിചിതമാണ്.

ഓരോരുത്തരുടെയും ബോധ്യത്തിനും ഇഷ്ടത്തിനനുസരിച്ചും മൂര്‍ത്തികളെ തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം കൊടുക്കുന്ന ബഹുദൈവവിശ്വാസത്തിന്റെ ജീവിതശൈലിയാണ് ഭാരതത്തിലെ ഹൈന്ദസമൂഹം കാത്തുസൂക്ഷിച്ചത്. അതിനാല്‍തന്നെ ക്രിസ്തുമതവും ഇസ്ലാംമതവും വെറുക്കേണ്ടുന്നതാണെന്ന് അവര്‍ക്ക് തോന്നിയിരുന്നില്ല. വിവിധ പേരുകളില്‍ നടത്തിയിരുന്ന ആരാധനയുടെ മറ്റൊരു മൂര്‍ത്തിയായി കടന്നുവന്ന ഈ വിശ്വാസങ്ങളെയും അവര്‍ ഉള്‍ക്കൊണ്ടു. തങ്ങള്‍ക്ക് പരിചിതമല്ലാത്ത ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവരെ പട്ടും വളയും കൊടുത്ത് ആദരിക്കുവാനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കുവാനും ആരാധനാലയങ്ങള്‍ പണിയുവാനും ആ രാജാക്കന്മാര്‍ തയാറായത് അവര്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ആയതുകൊണ്ടാണ്.
ഓരോ മതത്തെയും ആചാരങ്ങളെയും അംഗീകരിക്കുവാനും മതവിശ്വാസത്തിന്റെ പേരില്‍ വ്യക്തികളെ തരംതിരിച്ച് കാണാതിരിക്കുവാനും ജാഗ്രത പുലര്‍ത്തിയ സംസ്‌കാരമായിരുന്നു ഭാരതത്തിന്റേത്. അതിനാലാണ് സ്വതന്ത്രഭാരതത്തിന്റെ മുഖമുദ്രയായി എല്ലാ മതത്തെയും അംഗീകരിക്കുന്ന മതേതരത്വം ഭരണഘടനയില്‍ എഴുതിവച്ചത്.

എന്നാല്‍ ഭാരതത്തെ ഹൈന്ദവ രാജ്യമാക്കുവാന്‍ ദൃഢപ്രതിജ്ഞയെടുത്ത ആര്‍എസ്എസ് അതിന്റെ സ്ഥാപനത്തിന്റെ നൂറാം വര്‍ഷമായ 2025 ആകുമ്പോഴേക്കും അതു നേടിയെടുക്കുവാന്‍ തങ്ങളുടെ രാഷ്ട്രീയ സംവിധാനമായ ബിജെപിയിലൂടെ പരിശ്രമിക്കുകയായിരുന്നു. മറ്റ് മതങ്ങളെ രണ്ടാംതരമായി കണക്കാക്കുന്ന തീവ്രഹിന്ദുവാദത്തിന്റെ പ്രത്യാഘാതമാണ് ഇന്ന് ഭാരതത്തില്‍ വളര്‍ന്നുവരുന്ന മത, വര്‍ഗീയ കലാപങ്ങള്‍. ബിജെപി പത്തുവര്‍ഷംമുമ്പ് ഭരണത്തില്‍ എത്തിയപ്പോള്‍ തങ്ങളുടെ സ്വപ്‌നം പൂര്‍ത്തിയാക്കുവാന്‍ നരേന്ദ്രമോദിയെ ഒരു ഉപകരണമാക്കി ആര്‍എസ്എസ് കരുക്കള്‍ നീക്കുകയായിരുന്നു. ഹൈന്ദവവികാരത്തെ ഉണര്‍ത്താനും ഒന്നിപ്പിക്കുവാനും കഴിയുന്ന തന്ത്രങ്ങളാണ് അവര്‍ ആവിഷ്‌കരിച്ചത്.

ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നീതി നിഷേധിച്ചും നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കിയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയുമാണ് രണ്ടാം മോദി സര്‍ക്കാര്‍ അവസാന നാളുകളില്‍ നിറഞ്ഞാടിയത്. അയോധ്യവിധിയും പൗരത്വനിയമവും അയോധ്യയിലെ പ്രാണപ്രതിഷ്ഠയും ഒരു പരിധിവരെ നോട്ട് നിരോധനവുമൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ക്രിസ്തീയ വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടു. സ്‌കൂളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. മണിപ്പൂര്‍ കലാപം പ്ലാന്‍ ചെയ്ത തിരക്കഥയായിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഒഡീഷയിലും ക്രൈസ്തവപീഡനം അരങ്ങേറി. സന്യാസവസ്ത്രം ധരിച്ച് സിസ്റ്റേഴ്‌സിന് യാത്ര ചെയ്യാനാവാത്ത ഭീകരവസ്ത്രചിന്തയിലേക്ക് ഈ പുണ്യഭൂമി മാറ്റിയെഴുതപ്പെട്ടു. അടുത്ത ദിനങ്ങളില്‍ രാജ്യദ്രോഹംവരെ ആരോപിച്ച് ബാങ്ക് അക്കൗണ്ടുകള്‍വരെ പൂട്ടിച്ചു.

ജയിലില്‍ കിടന്ന് ഒരിറ്റു വെള്ളം കിട്ടാതെ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയൊക്കെ തീരാദുഃഖമായി അവശേഷിക്കുന്നു. ആയിരത്തോളം സുവിശേഷപ്രഘോഷകര്‍ (അവര്‍ കത്തോലിക്കരായാലും മറ്റ് സഭക്കാരായാലും) വിവിധ ജയിലുകളില്‍ അകാരണമായി തടവിലാക്കപ്പെട്ടിരിക്കുന്നു. ഇത്രയും മതപീഡനത്തിന് കാരണമായ ഈ സര്‍ക്കാരിനെ എങ്ങനെയാണ് ഒരു നല്ല വിശ്വാസിക്ക് പിന്തുണക്കുവാന്‍ കഴിയുക?
ഈ വിധത്തില്‍ രാജ്യത്ത് മതവിശ്വാസങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ജനം തിരിഞ്ഞു ചിന്തിച്ചതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന. വെറുപ്പിന്റെയും ഭിന്നതയുടെയും അശുദ്ധി ഭാരതത്തിന്റെ ജീവശ്വാസത്തിലേക്ക് കുത്തിക്കയറ്റുവാനുള്ള തീവ്രപരിശ്രമത്തിന് ഭാരതത്തിന്റെ ആത്മചൈതന്യം അറിയാവുന്ന ഹൈന്ദവജനതയും ന്യൂനപക്ഷങ്ങളും നല്‍കിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ മഹത്തമമായി മാറിയത്.
തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും പാര്‍ട്ടിയെയും തരംതാണ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അധിക്ഷേപിച്ചിട്ടും കേസുകളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും വെറുപ്പിന്റെ കെണിയില്‍ വീഴാതെ, സ്‌നേഹത്തിന്റെ കടതുറക്കാന്‍ രാജ്യംമുഴുവന്‍ നടന്നുപറഞ്ഞ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ ഭാരതത്തിന്റെ സാധാരണ ജനത്തിന് കാണാന്‍ കഴിഞ്ഞു.

എന്നിട്ടും സുരേഷ്‌ഗോപി, തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചു. തങ്ങളുടെ കീശയിലെ നാണയംപോലെ ഒരാളുടെ വോട്ടും സ്ഥിരനിക്ഷേപമല്ല എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഓര്‍മപ്പെടുത്തി. ഒരുരാഷ്ട്രീയ പാര്‍ട്ടിക്കും തന്റെ വേട്ടവകാശം സ്ഥിരമായി തീറെഴുതി കൊടുക്കാത്തവരാണ് ഭൂരിപക്ഷം മലയാളികളും. ആര്‍എസ്എസ് ആശയത്തെയോ മോദിയുടെ ഗ്യാരന്റിയോ പിന്തുണക്കുന്നതുകൊണ്ടല്ല, മാറിചിന്തിക്കുവാന്‍, മാറി നടക്കുവാന്‍ മലയാളി പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന് തൃശൂര്‍കാര്‍ ഒരു അടയാളം മാത്രമാണ്. സുരേഷ് ഗോപിയല്ലാതെ ബിജെപിയുടെ ദേശീയ പ്രസിഡന്റ് നിന്നാല്‍പോലും തൃശൂരില്‍ ജയിക്കില്ലെന്നതും യാഥാര്‍ത്ഥ്യം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?