താമരശേരി: ജനകീയ പുരോഹിതനെന്ന് സമൂഹം സ്‌നേഹ പൂര്‍വം വിളിച്ചിരുന്ന താമരശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31.07.2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടത്തുള്ള സഹോദര പുത്രന്‍ ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയ സെമിത്തേരിയില്‍ നടക്കും.
കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിഞ്ഞ് മലബാറിന്റെ വളര്‍ച്ചയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത വൈദികരിലൊരാളാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി. മലബാറിലെ പതിനഞ്ചോളം ഇടവകകളില്‍ അദ്ദേഹം വികാരിയായിരുന്നു. ശ്രമദാനത്തിലൂടെ ഓരോ പ്രദേശത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം നേടി. പല ഇടവകകളിലും പാവപ്പെട്ടവര്‍ക്കായി വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നു.
1932 ഒക്ടോബര്‍ 17-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകയില്‍ ഓണയാത്തന്‍കുഴി വര്‍ക്കി ജോസഫ്-ഏലി ഉണ്ണിച്ചെറിയത് ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് ജനനം. പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായശേഷം തലശേരി രൂപതയ്ക്കുവേണ്ടി പാലായിലെ കുമ്മണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.
1964 മാര്‍ച്ച് പതിമൂന്നിന് തലശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. സെമിനാരി കാലത്തുതന്നെ അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വൈദികനായതിനുശേഷം 10 ഓപ്പറേഷനുകള്‍ക്ക് വിധേയനാകേണ്ടിവന്നെങ്കിലും അവയ്‌ക്കൊന്നും അച്ചന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനായില്ല. പെരുവണ്ണാമൂഴി ഇടവക വികാരിയായും കുളത്തുവയല്‍ ഇടവക അസി. വികാരിയുമായിട്ടായിരുന്നു ആദ്യ നിയമനം. പെരുവണ്ണാമൂഴി അണക്കെട്ട് നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അച്ചനായിരുന്നു.
തലശേരി അതിരൂപതയിലെ പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊയില്‍, വിമലശേരി, വെള്ളരിക്കുണ്ട്, താമരശേരി രൂപതയിലെ പന്തല്ലൂര്‍, കാളികാവ്, ഈരൂട്, തേക്കുംകുറ്റി, പശുക്കടവ്, കാറ്റുള്ളമല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എണ്‍പതാം വയസില്‍ കട്ടിപ്പാറ ഇടവകയില്‍ നിന്നു വിരമിച്ച ശേഷം കോഴിക്കോട് മേരിക്കുന്നിലുള്ള ഗുഡ്ഷെപ്പേഡ് പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു. ഈ കാലത്ത് ‘മായാത്ത മഷിത്തുള്ളികള്‍’, ‘ചിന്താരത്‌നങ്ങള്‍’ എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *