Follow Us On

23

November

2024

Saturday

നിര്‍മ്മല കോളേജിലെ സംഭവവികാസങ്ങള്‍ മതേതര സമൂഹത്തിന് പാഠപുസ്തകം: കെസിബിസി ജാഗ്രത കമ്മീഷന്‍

നിര്‍മ്മല കോളേജിലെ സംഭവവികാസങ്ങള്‍ മതേതര സമൂഹത്തിന് പാഠപുസ്തകം: കെസിബിസി ജാഗ്രത കമ്മീഷന്‍
എറണാകുളം: മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകമാണെന്ന് കെസിബിസി സാമൂഹിക ഐക്യജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയോ ഡോഷ്യസ്. സമൂഹത്തില്‍ മതപരവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന ആശയപ്രചാരണങ്ങളും നിര്‍ബ്ബന്ധബുദ്ധികളും ദോഷകരമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് നല്‍കാന്‍ ഈ സംഭവവികാസങ്ങള്‍ വഴിയൊരുക്കി. സമരത്തെ കേരളസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തരമൊരു നീക്കത്തെയും അതിന് പിന്നിലെ ചേതോവികാരങ്ങളെയും മതഭേദമന്യേ മലയാളികള്‍ ഒന്നടങ്കം തള്ളിപ്പറഞ്ഞു.
കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മാതൃകാപരമായിരുന്നു. പ്രകോപനപരമായ നീക്കം നടത്തിയ വിദ്യാര്‍ത്ഥികളോട്, സഭയുടെ ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ, സംയമന ത്തോടെയും സ്‌നേഹവാത്സല്യങ്ങളോടെയുമാണ് മാനേജ്‌മെന്റ് ഇടപെട്ടത്. നിസാരമായ സംഭവങ്ങള്‍പോലും കലഹങ്ങളിലേക്കും കലാപങ്ങളിലേക്കും സമുദായങ്ങള്‍ക്കിടയിലെ വിള്ളലു കളിലേക്കും നയിക്കുന്ന ഒട്ടേറെ മുന്‍കാല അനുഭവങ്ങള്‍ നമുക്കുമുന്നില്‍ ഉണ്ടായിരിക്കെ, ഇത്തരമൊരു വേറിട്ട അനുഭവം സാമുദായിക സഹോദര്യത്തിന് പുതിയൊരു മാര്‍ഗദീപമായി മാറുന്നു.
ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ മുഖ്യധാരാ ഇസ്ലാമിക സമൂഹവും നേതൃത്വങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞതും ഖേദപ്രകടനം നടത്തിയതും ശുഭോദര്‍ക്കമായിരുന്നു. അവിവേകപൂര്‍ണ്ണമായ എടുത്തുചാട്ടങ്ങളെയും സാമൂഹിക സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന നീക്കങ്ങളെയും തള്ളിപ്പറയാനും തിരുത്താനും തയ്യാറായ പ്രാദേശിക മഹല്ല് കമ്മിറ്റി ഉള്‍പ്പെടെയുള്ള സമുദായ നേതൃത്വങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
അതേസമയം, പൊതുസമൂഹത്തില്‍ അമ്പരപ്പുളവാക്കിയ ഇത്തരമൊരു ആവശ്യവാദത്തിന്റെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. തീവ്രചിന്താഗതികള്‍ ഒരു വിഭാഗം യുവജനങ്ങള്‍ക്കിടയില്‍ വേരാഴ്ത്തുന്നതും, ഘട്ടംഘട്ടമായി അത് വ്യാപിക്കുന്നതും തത്ഫലമായ അസ്വാരസ്യങ്ങള്‍ വിവിധ തലങ്ങളില്‍ ഉടലെടുക്കുന്നതും  വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും ആത്മാര്‍ത്ഥമായ തിരുത്തല്‍ നടപടികളും ആവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സമുദായം മാത്രമല്ല, എല്ലാ സമുദായ നേതൃത്വങ്ങളും ഇത്തരത്തില്‍ ഒരു സ്വയം വിലയിരുത്തല്‍ നടത്തുകയും അപകടകരമായ മൗലികവാദ-തീവ്രവാദ ആശയങ്ങളുടെ പ്രചാരണങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയും വേണമെന്ന് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?