ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
ഒരു മനുഷ്യന് ഈ ലോകത്തില്‍ ജീവിക്കുവാന്‍ ഒരു അവസരം മാത്രമേ ഉള്ളൂ. ദീര്‍ഘായുസോടും സന്തോഷത്തോടുംകൂടി ആ ജീവിതം ജീവിച്ചുതീര്‍ക്കണം എന്നാണ് എല്ലാവരും കൊതിക്കുന്നത്. ചിലര്‍ക്കത് ലഭിക്കുന്നു, ചിലര്‍ക്കത് പല കാരണങ്ങളാല്‍ ലഭിക്കുന്നില്ല. ലഭിക്കാത്തതിന് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ കാരണങ്ങളുണ്ട്.
പൊതുവേ എല്ലാ മനുഷ്യരും ദീര്‍ഘായുസും സന്തോഷവും അനുഭവിച്ച് ജീവിക്കണമെന്ന് സമൂഹവും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അകാലമരണങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് മനുഷ്യരുടെ കാര്യങ്ങള്‍ നമ്മെ ഒത്തിരി നൊമ്പരപ്പെടുത്തുന്നു. തിരുവനന്തപുരം ആനയിഴഞ്ചാല്‍ അഴുക്ക് കനാലില്‍ വീണ് മരണപ്പെട്ട ജോയിയുടെ കാര്യമാണ് ഒന്നാമത്തേത്. ഷിരൂരില്‍ പ്രകൃതിദുരന്തത്തില്‍പെട്ട് ഇതെഴുതുമ്പോഴും കണ്ടുകിട്ടാത്ത കോഴിക്കോട്ടുകാരനായ അര്‍ജുന്റെ കാര്യമാണ് രണ്ടാമത്തേത്. ജോയിയുടേത് മനുഷ്യനിര്‍മിത ദുരന്തവും അര്‍ജുന്റേത് പ്രകൃതിദുരന്തവുമാണ്.
ഈ രണ്ട് ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും അവരെ രക്ഷിക്കുവാന്‍ സമൂഹവും സര്‍ക്കാരും കാണിച്ച തീവ്രപരിശ്രമങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. ജോയിയെ തിരഞ്ഞ് ഇന്ത്യന്‍നേവി, കേരള പോലീസ്, ഫയര്‍ഫോഴ്‌സ്, നാഷണല്‍ ഡിബാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം തുടങ്ങിയവര്‍ കാണിച്ച ശുഷ്‌കാന്തിയും കഠിനാധ്വാനവും നമ്മള്‍ കാണണം. സര്‍വ വൃത്തികേടുകളുടെയും നിറസാന്നിധ്യമുള്ള ആനയിഴഞ്ചാല്‍ അഴുക്കുകനാലില്‍ ഇറങ്ങി ജോയിയെ തിരയുന്ന മനുഷ്യരെ കണ്ടപ്പോള്‍ വേദന തോന്നി. മനുഷ്യജീവന് അത്രമാത്രം വില സര്‍ക്കാരും ജനങ്ങളും രക്ഷാസേനകളിലെ ഉദ്യോഗസ്ഥരും കാണിക്കുന്നു. അവരെയെല്ലാം അഭിനന്ദിക്കുന്നു. ഇത്രമാത്രം സഹനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും എല്ലാം ഏറ്റെടുത്ത് ഇത്രമാത്രം പണം മുടക്കിയും തിരഞ്ഞിട്ടും ജോയിയുടെ മൃതശരീരം മാത്രമാണ് കിട്ടിയത്. അത് രക്ഷാസേനാംഗങ്ങളുടെ കുഴപ്പംകൊണ്ടല്ല. അവര്‍ ജീവന്‍ പണയംവച്ച് പരിശ്രമിച്ചു. പക്ഷേ ജോയിയുടെ വിധി ഇങ്ങനെയായിപ്പോയി. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനുള്ള ശ്രമത്തില്‍ ജോയി ഒരു രക്തസാക്ഷിയായി. ജോയിയുടെ നാമത്തിന് മുമ്പില്‍ തലകുനിച്ച് വേദനയോടെയും പ്രാര്‍ത്ഥനയോടെയും നില്‍ക്കുന്നു.
കര്‍ണാടകയിലെ ഷിരൂരില്‍വച്ചുണ്ടായ പ്രകൃതിദുരന്തത്തില്‍ കാണാതായ കോഴിക്കോടുകാരന്‍ അര്‍ജുന്റെ കാര്യത്തിലേക്ക് വരാം. അര്‍ജുനെ കാണാതായിട്ട് ഇത് എഴുതുമ്പോള്‍ 12-ാം ദിവസമാണ്. അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചിലിന്റെ വ്യാപ്തി ടെലിവിഷന്‍-പത്രമാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടു. ഒരു മനുഷ്യജീവനുവേണ്ടി രാജ്യം നടത്തുന്ന ഏറ്റവും ശക്തവും കഠിനവും നിശ്ചയദാര്‍ഢ്യവും ഉള്ള അന്വേഷണമാകാം അര്‍ജുനുവേണ്ടി നടത്തിയത്. പോലീസ്, ദുരന്തനിവാരണസേന, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി തുടങ്ങി എത്ര ഏജന്‍സികളാണ് തിരച്ചിനുവേണ്ടി ഇത് എഴുതുമ്പോഴും പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന ത്യാഗങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും അപായസാധ്യതകളും എത്ര വലുതാണ്. അവരുടെതന്നെ ജീവന്‍ പണയംവച്ചാണ് അവര്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനുവേണ്ടി ചെലവാക്കുന്ന പണം എത്ര വലുതാണ്. അതിനെ അഭിനന്ദിക്കുകയാണ്. മനുഷ്യജീവന് നമ്മള്‍ ഇത്രയും വില കൊടുക്കുന്നു. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരോടും ആദരം അറിയിക്കുന്നു.
ഈ രക്ഷാകരദൗത്യങ്ങള്‍ മുന്നോട്ടുപോയപ്പോഴും അവയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും എന്റെ മനസിനെ വേദനിപ്പിച്ച മറ്റു ചില കാര്യങ്ങള്‍ ഓര്‍മയില്‍ വന്നു. രണ്ട് മനുഷ്യരെ രക്ഷിക്കുവാന്‍വേണ്ടി നമ്മള്‍ ഇത്രയും കഷ്ടപ്പാടുകള്‍ നടത്തി. അതേ നമ്മള്‍ ഓരോ വര്‍ഷവും എത്ര മനുഷ്യരെ കൊന്നുകളയുന്നു! ഇന്ത്യയില്‍ ഓരോ വര്‍ഷവും ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഓരോ ആയിരം ജനനങ്ങള്‍ക്കും 260-നും 450-നും ഇടയില്‍ കുഞ്ഞുങ്ങള്‍ അബോര്‍ഷനായിപ്പോകുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ അറുപതുലക്ഷത്തോളം കുഞ്ഞുങ്ങള്‍ അബോര്‍ഷനായി പോകുന്നു. ഇതില്‍ ഇരുപതു ലക്ഷം സ്വാഭാവിക അബോര്‍ഷനും 40 ലക്ഷം മനുഷ്യര്‍ നടത്തുന്ന അബോര്‍ഷനുമാണ്. തിരുവനന്തപുരത്തെ ജോയിക്കും കോഴിക്കോട്ടെ അര്‍ജുനും ഉള്ള വില ഈ കുഞ്ഞുങ്ങള്‍ക്കും ഇല്ലേ? എല്ലാ മനുഷ്യരുടെയും ജീവന് വിലയുണ്ട്. ആ വില നമ്മള്‍ അംഗീകരിക്കണം. ജോയിയും അര്‍ജുനും ഇതിന് നമ്മെ പ്രചോദിപ്പിക്കട്ടെ.
രണ്ടാമത്തെ ദുഃഖം ഇതാണ്: കേരളത്തില്‍ത്തന്നെ ഓരോ വര്‍ഷവും എത്ര മനുഷ്യര്‍ മറ്റു മനുഷ്യരാല്‍ കൊല്ലപ്പെടുന്നു! ജനിച്ചുവീണ കുഞ്ഞുങ്ങള്‍, ശിശുക്കള്‍, യുവജനങ്ങള്‍, പ്രായമായവര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള മനുഷ്യര്‍ കൊല്ലപ്പെടുന്നു. സ്വാര്‍ത്ഥതയുടെ പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍, സല്‍പേര് നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി, ധനത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, തെളിവ് നശിപ്പിക്കാന്‍വേണ്ടി, മന്ത്രവാദത്തിന്റെ ഭാഗമായി, കുടുംബവഴക്കിന്റെ പേരില്‍, അയല്‍പക്ക വഴക്കിന്റെ പേരില്‍…. അങ്ങനെ എന്തിന്റെയെല്ലാം പേരില്‍. 2017 മുതല്‍ 2021 വരെയുള്ള കാലത്ത് 1564 ആളുകളാണ് കേരളത്തില്‍ മറ്റുള്ളവരാല്‍ കൊല ചെയ്യപ്പെട്ടത്. ഒരുവശത്ത് ഒരു ജീവനുവേണ്ടി നമ്മള്‍ കണ്ണീര്‍ ഒഴുക്കുന്നു; മറുവശത്ത് അനേകരെ കൊന്നുകളയുന്നു.
ഒരു കാര്യംകൂടി പറയട്ടെ. ചികിത്സാപിഴവുകള്‍ കാരണവും കുറെപ്പേര്‍ കൊല്ലപ്പെടുന്നുണ്ട്. അതില്‍ ചിലതൊക്കെ വാര്‍ത്തയാകുന്നില്ലെന്നുമാത്രം. നമ്മുടെ ആരോഗ്യസംരക്ഷകര്‍ മനസുവച്ചാല്‍ കുറേ അകാലമരണങ്ങള്‍ ഒഴിവാക്കാം എന്നത് തീര്‍ച്ചയാണ്.
അതിനാല്‍ ജോയിയും അര്‍ജുനും ജീവന്റെ വില നമ്മെ പഠിപ്പിക്കുന്ന രണ്ട് പാഠപുസ്തകങ്ങള്‍ ആകട്ടെ! മനുഷ്യരെ കൊല്ലുന്നവര്‍ക്ക് ഒരു മാനസാന്തരത്തിന്റെ കാരണവുമാകട്ടെ അവര്‍! കഠിനമായ രക്ഷാദൗത്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന രക്ഷാ-ദുരന്തനിവാരണ സേനാംഗങ്ങള്‍, ആരെയും കൊല്ലാതിരിക്കാനും ജീവന്റെ നിലനില്‍പിനുവേണ്ടി നിലകൊള്ളാനും നമുക്ക് ഒരു പ്രചോദനമാകട്ടെ. ജീവന്‍ എടുക്കാന്‍ പറ്റും; പക്ഷേ ജീവന്‍ കൊടുക്കാന്‍ പറ്റില്ല. എല്ലാ കൊലയാളികളും കൊല്ലാന്‍ നടക്കുന്നവരും ഇത് ഓര്‍മവയ്ക്കണമേ. കൊല്ലാന്‍ നടക്കുന്നവര്‍ക്കും ഒരു ജീവനേ ഉള്ളൂ. അത് നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചുകിട്ടില്ല.
Leave a Comment
Your email address will not be published. Required fields are marked with *