Follow Us On

22

December

2024

Sunday

അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍

അന്വേഷണ ഏജന്‍സികള്‍ക്ക്  കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍

ഇന്ത്യന്‍ പീനല്‍ കോഡിനു പകരം ഭാരതീയ ന്യായസംഹിതയും സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും നിലവില്‍ വന്നുകഴിഞ്ഞു. ഈ മാറ്റം നീതിന്യായ രംഗത്ത് ഏതുവിധത്തിലുള്ള മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഷെറി ജെ. തോമസ് വിലയിരുത്തുന്നു.

സിനിമാ ഡയലോഗുകളില്‍ പോലും നിറഞ്ഞുനിന്നിരുന്ന ഐപിസി (ഇന്ത്യന്‍ പീനല്‍ കോഡ്) ഇനി ഓര്‍മയാകുന്നു. 2024 ജൂലൈ ഒന്നു മുതല്‍ ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) നിലവില്‍വന്നു. അതിനു മുന്നേ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും തുടര്‍നടപടികള്‍ക്കും മാത്രമായിരിക്കും ഇനി ഐപിസി ബാധകമാവുക. അവയില്‍ പ്രസക്തമായതിനെ പറ്റിയുള്ള കുറിപ്പാണ് ഇത്.
20 പുതിയ കുറ്റകൃത്യങ്ങള്‍ ബിഎന്‍എസ് നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 19 വ്യവസ്ഥകള്‍ എടുത്തുകളഞ്ഞു. 33 കുറ്റകൃത്യങ്ങളുടെ ശിക്ഷാ കാലയളവ് കൂട്ടി. 23 കുറ്റകൃത്യങ്ങള്‍ക്ക് ചുരുങ്ങിയ ശിക്ഷ കാലയളവ് നിര്‍ബന്ധമാക്കി. ആറ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി സാമൂഹ്യ സേവനം വ്യവസ്ഥ ചെയ്യുന്നു.

നിര്‍വചനം
കുട്ടി എന്ന നിര്‍വചനം 18 വയസില്‍ താഴെയുള്ള എല്ലാവരും ഉള്‍പ്പെടുന്ന രീതിയിലാക്കി.
ലിംഗം എന്നതിന്റെ നിര്‍വചനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടി ഉള്‍പ്പെടുത്തി. രേഖകളുടെ നിര്‍വചനത്തില്‍ ഇലക്ട്രോണിക്, ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പുതിയ അധ്യായം നിലവില്‍ വന്നു (അഞ്ചാം അധ്യായം വകുപ്പ് 63 മുതല്‍ 99 വരെ).
സംഘടിത കുറ്റകൃത്യം, ഭീകര പ്രവര്‍ത്തനം, ചെറിയ സംഘടിത കുറ്റകൃത്യങ്ങള്‍, വാഹനമിടിച്ച് നിര്‍ത്താതെ പോകല്‍, ആള്‍ക്കൂട്ട ആക്രമണം, കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുക, ചതിയിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം, തട്ടിപ്പറിക്കല്‍, ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രേരണാകുറ്റം ചെയ്യുക, തെറ്റോ വ്യാജമോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക മുതലായ കുറ്റകൃത്യങ്ങളാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്. ആത്മഹത്യാശ്രമം കുറ്റകൃത്യമല്ല. 5000 രൂപയ്ക്ക് താഴെയുള്ള മോഷണത്തിന് സാമൂഹ്യ സേവനമാണ് ശിക്ഷ.
511 വകുപ്പുകള്‍, 23 അധ്യായങ്ങള്‍ എന്നത് 358 വകുപ്പുകള്‍, 20 അധ്യായങ്ങളായി ചുരുങ്ങി. പല വ്യവസ്ഥകളും ഒരുമിച്ച് ചേര്‍ത്താണ് വകുപ്പുകളുടെ എണ്ണം കുറച്ചത്. ബലാല്‍സംഗ കുറ്റകൃത്യങ്ങളില്‍ (വകുപ്പ് 65) 16 വയസിനു താഴെയുള്ള ഇരകളാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷം വരെയുള്ള കഠിനതടവോ, ശേഷിക്കുന്ന ജീവിതകാലം നീണ്ടുനില്‍ക്കുന്ന തടവും പിഴയും ശിക്ഷയായി ലഭിക്കാം. 12 വയസിന് താഴെയുള്ള കുട്ടികളാണ് ഇരകളെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം വരെ കഠിന തടവോ ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ കഠിനതടവോ വധശിക്ഷയോ വരെ ലഭിക്കാം.

വഞ്ചനയിലൂടെയുള്ള ലൈംഗിക ബന്ധം
വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ, നിറവേറ്റണമെന്ന ഉദ്ദേശമില്ലാതെ വിവാഹ വാഗ്ദാനം നല്‍കിയോ ഉള്ള ബലാല്‍സംഗം അല്ലാത്ത ലൈംഗികബന്ധങ്ങള്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതും ഒപ്പം പിഴയും ലഭിക്കാവുന്നതുമായ കുറ്റകൃത്യങ്ങളാണ്. വഞ്ചനപരമായ മാര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രേരണ, ഉദ്യോഗത്തിന് വേണ്ടിയോ ഉദ്യോഗ കയറ്റത്തിന് വേണ്ടിയോ ഉള്ള കാര്യങ്ങള്‍, വ്യക്തിത്വം മറച്ചുവച്ചുകൊണ്ടുള്ള വിവാഹം എന്നിവയൊക്കെ ഉള്‍പ്പെടും.

ആള്‍ക്കൂട്ട ആക്രമണം
അഞ്ചോ അതില്‍ അധികമോ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് വംശം, ജാതി, സമുദായം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, സമാനമായ കാരണങ്ങളുടെ പേരില്‍ കൊലപാതകം നടത്തിയാല്‍ വധശിക്ഷയോ ജീവിതവും തടവും പിഴയും കൂടിയോ ശിക്ഷയായി ലഭിക്കാം.

അശ്രദ്ധ മൂലമുള്ള മരണം
അപകടകരവും ഉദാസീനവുമായ പ്രവൃത്തിയിലൂടെ മരണം ഉണ്ടാക്കിയാല്‍ തല്‍ഫലമായി ലഭിക്കുന്ന ശിക്ഷ അഞ്ചു വര്‍ഷം വരെ തടവും പിഴയും ആണ്. ചികിത്സയ്ക്കിടെ ഡോക്ടറുടെ പ്രവൃത്തി മൂലമാണ് ഇത്തരത്തില്‍ മരണം സംഭവിക്കുന്നതെങ്കില്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാം. അശ്രദ്ധമായും ഉദ്ദാസിനമായും വാഹനമോടിച്ച് മരണം ഉണ്ടാവുകയും അക്കാര്യം പോലീസിലോ മജിസ്‌ട്രേറ്റിനെയോ ഉടനെ തന്നെ അറിയിക്കാതെ കടന്നുകളഞ്ഞാല്‍ 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. (106(3)) (ഈ വകുപ്പ് ഫലത്തില്‍ വന്നതായി നോട്ടിഫൈ ചെയ്തിട്ടില്ല).

ഭീകര പ്രവര്‍ത്തനം
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷിതത്വം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെ അപായപ്പെടുത്തണമെന്നോ അപായപ്പെടുത്താന്‍ സാധ്യതയുള്ള രീതിയിലോ ആളുകളില്‍ ഭയം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ അതുമൂലം മരണമുണ്ടായാല്‍ വധശിക്ഷയോ ജീവപര്യന്തം തടവും പിഴയുമോ ലഭിക്കാം. മരണം സംഭവിക്കാത്ത മറ്റു സാഹചര്യങ്ങളില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷയും പരമാവധി ജീവപര്യന്തം തടവും പിഴയും ലഭിക്കാം. പോലീസ് സൂപ്രണ്ടിന് താഴെ അല്ലാത്ത ഉദ്യോഗസ്ഥരാണ് ഈ വകുപ്പ് പ്രകാരം അല്ലെങ്കില്‍ യുഎപിഎ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍
ഗുരുതരമായ പരിക്കേല്‍പ്പിച്ച് സ്ഥിരമായ വൈകല്യമോ, കോമ അവസ്ഥയിലോ ആക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷത്തില്‍ കുറയാതെ കഠിനതടവ് ശിക്ഷയോ ജീവിതകാലം മുഴുവനും തടവ് ശിക്ഷയോ ലഭിക്കാം. അഞ്ചോ അതില്‍ അധികം ആളുകളോ സംഘം ചേര്‍ന്ന് വംശം, ജാതി, സമുദായം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, സമാനമായ കാരണങ്ങളുടെ പേരില്‍ ഗുരുതരമായ പരിക്കേല്‍പ്പിച്ചാല്‍ സംഘത്തിലെ ഓരോ അംഗത്തിനും ഏഴുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

അഖണ്ഡതക്ക് എതിരെയുള്ള കുറ്റം
അറിഞ്ഞുകൊണ്ട് മനഃപൂര്‍വം വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ചിഹ്നങ്ങളിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സായുധ കലാപമോ വിധ്വംസക പ്രവര്‍ത്തനങ്ങളോ ചേരിതിരിവോ ഉണ്ടാക്കി രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത, എന്നിവയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണ്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാം.
സര്‍ക്കാരിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ തിരുത്തണമെന്ന ഉദ്ദേശത്തോടുകൂടി മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ ഉണ്ടാക്കാതെ ഉള്ള നിയമപരമായ പ്രതികരണങ്ങള്‍ ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല.

രാജ്യസുരക്ഷിതത്വം
സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു പ്രകടമായ രീതിയിലോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ അല്ലാതെയോ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷിതത്വം എന്നിവയെ ബാധിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്.

ഔദ്യോഗിക കൃത്യവും
ആത്മഹത്യാശ്രമവും
പൊതുസേവകന്റെ ജോലി തടസപ്പെടുത്തുന്നതിനു വേണ്ടിയോ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനു വേണ്ടിയോ ആത്മഹത്യാശ്രമം നടത്തുന്നത് ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ സാമൂഹ്യ സേവന ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.
ക്രിമിനല്‍ കുറ്റങ്ങളുടെ അന്വേഷണവും തെളിവെടുപ്പും ബാധകമാകുന്ന ക്രിമിനല്‍ നടപടി ക്രമം (സിആര്‍പിസി) ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) എന്ന പേരില്‍ പരിഷ്‌കരിച്ചു. ഇന്ത്യന്‍ തെളിവ് നിയമം ഭാരതീയ സാക്ഷ്യ അതിനിയമം എന്ന പേരിലാണ് മാറിയത്. കൊളോണിയല്‍ നിയമങ്ങളെ ഇന്ത്യന്‍ നിയമങ്ങളാക്കി മാറ്റുക എന്ന ഉദ്ദേശത്തില്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശിക്ഷകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്.
അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയും അതുവഴി വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ കടിഞ്ഞാണ്‍ ഇടുകയും ചെയ്തിരിക്കുന്നു. 2014 ലെ നിയമനിര്‍മ്മാണ കൂടിയാലോചന നയത്തിനു വിരുദ്ധമായി ബില്ലുകളുടെ കരടുരൂപം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും. വധശിക്ഷ അത്യപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമേ നല്‍കാവൂ എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴും കൂടുതല്‍ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തിലാണ് പുതിയ നിയമം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?