തൃശൂര്‍: സംസ്ഥാനത്തെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി എന്നിവരായിരുന്നു മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയത്.
അതിരൂപതയിലെ ഒരു ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച ഭീമഹര്‍ജിയും അവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈ മൂന്നിന് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു 200ല്‍ പരം വരുന്ന ഇടവകകളില്‍ അവകാശ ദിനാചരണവും ഒപ്പു ശേഖരണവും നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്.
2023 മെയ് 17 ന് സര്‍ക്കാരിന് സമര്‍പ്പിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് 14 മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല.
Leave a Comment
Your email address will not be published. Required fields are marked with *