അജോ ജോസ്
വളരെ പരിമിതമായ ചുറ്റുപാടില്‍ ജീവിച്ചുപോരുന്ന നേപ്പാളിലെ നവല്‍പൂര്‍ ജില്ലയിലെ താരു ആദിവാസി ജനതയുടെ ഗ്രാമമായ ഷെഹരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷവുമായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മൂന്ന് സിസ്റ്റേഴ്‌സ് ചെന്നെത്തി. സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്‍സിലെ സിസ്റ്റര്‍ അഞ്ജലി, സിസ്റ്റര്‍ ജൂലി, സിസ്റ്റര്‍ ആന്‍ ജോസ് എന്നിവര്‍ അതിഥികളായി കഴിഞ്ഞ രണ്ടുമാസമായി ഈ ഗ്രാമത്തില്‍ താമസിച്ചുവരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഗ്രാമീണരുമായി അടുത്തിടപഴകി സുവിശേഷമായി ജീവിക്കാന്‍ ഈ സിസ്റ്റേഴ്‌സിന് സാധിക്കുന്നു.
സുവിശേഷപ്രഘോഷണത്തിനായുള്ള ഏറ്റവും എളുപ്പവഴി ഭവനസന്ദര്‍ശനമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ തുടര്‍ച്ചയായി വീടുകള്‍ സന്ദര്‍ശിക്കുകയാണ്. ഭവനങ്ങളിലെ വീട്ടമ്മമാരില്‍നിന്ന് ചെറിയ ചെറിയ വാക്കുകള്‍ പഠിച്ചെടുക്കുകയും പഠിച്ച വാക്കുകള്‍ ഓര്‍മിച്ചെടുത്ത് ഭാഷയുടെ അതിര്‍വരമ്പുകളെ മറികടക്കാനും സിസ്റ്റേഴ്‌സിന് കഴിയുന്നുണ്ട്. ഏത് വീട്ടില്‍ ചെന്നാലും തങ്ങളെ ഗ്രാമീണര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുകയും അവരില്‍ ഒരാളെപ്പോലെ തങ്ങളോട് പെരുമാറുന്നതും ഈ നാടിന്റെ നന്മകള്‍ വിളിച്ചോതുന്നതാണ്.
വസ്ത്രധാരണത്തിലും ജീവിതരീതിയിലും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ അവരോടൊപ്പം ജീവിച്ച്, അവരില്‍ ഒരാളായി മാറാന്‍ കഴിയുന്നത് സമര്‍പ്പിതജീവിതത്തിന്റെമാത്രം പ്രത്യേകതയാണ്. ഷെഹരി ഗ്രാമത്തിലെ കുഞ്ഞുമക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്ത് അവരുടെ അധ്യാപകരായും ഇന്ന് സിസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്. അതിനാല്‍തന്നെ തങ്ങളുടെ കൃഷിയിടങ്ങളില്‍ വിളയിച്ചെടുക്കു ന്ന പച്ചക്കറികള്‍ സിസ്റ്റേഴ്‌സുമായി പങ്കുവയ്ക്കുന്നതില്‍ ഈ ഗ്രാമവാസികള്‍ മടികാണിക്കാറില്ല.
ഒരിക്കല്‍ കുടിയിറക്കപ്പെട്ടവര്‍
ഷെഹരി വില്ലേജില്‍ കൃഷിയെന്നത് ഒരു ജീവിതസംസ്‌കാരമായി മാറിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കാരണം ചിറവന്‍ നാഷണല്‍ പാര്‍ക്കില്‍നിന്നും കുടിയിറങ്ങിവന്നവരാണ് ഷെഹരി വില്ലേജിലെ താമസക്കാരില്‍ അധികവും. ഒറ്റക്കൊമ്പുള്ള കണ്ടാമൃഗങ്ങളെ അധിവസിപ്പിക്കുന്നതിനായി ചിറവന്‍ നാഷണല്‍ പാര്‍ക്ക് രൂപീകൃതമായപ്പോള്‍ അന്നുവരെ കാട്ടില്‍ വസിച്ചിരുന്ന ആദിവാസി ഗോത്രങ്ങള്‍ക്ക് കാടിറങ്ങേണ്ടിവന്നു. നായാട്ട് നടത്തിയും വനവിഭവങ്ങള്‍ ശേഖരിച്ചും കാടിന്റെ മടിത്തട്ടില്‍ വസിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ട താരുഗോത്രത്തിനും അങ്ങനെ കാടിറങ്ങേണ്ടിവന്നു. പാടങ്ങളൊരുക്കി, ഞാറുനട്ട് നെല്ലുവിളയിച്ചെടുക്കാനുള്ള കൃഷിരീതികള്‍ താരു ഗോത്രജനതയും ഇന്ന് സ്വായത്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹമായി ഈ ഷെഹരി വില്ലേജിലെ ജനതയും മാറി. അധികം സ്വപ്നങ്ങളൊന്നും ഇല്ലാതെ അന്നന്നത്തെ ആഹാരത്തിനുവേണ്ടി ഷെഹരി ഗ്രാമവാസികള്‍ വിത്തുവിതയ്ക്കുമ്പോള്‍, കാലാവസ്ഥ ചതിക്കരുതേ എന്നതാണ് അവരുടെ ഒരേയൊരു പ്രാര്‍ത്ഥന.
ഈ അടുത്ത നാളുകളില്‍ നേപ്പാളിലെ ദേശീയ നെല്‍കൃഷിദിനത്തില്‍ പങ്കെടുക്കാനും അവരോടൊപ്പം ഞാറു നടാനും അവര്‍ സിസ്റ്റേഴ്‌സിനെക്കൂടി ക്ഷണിക്കുകയുണ്ടായി. വളരെ സന്തോഷത്തോടെയാണ് സിസ്റ്റേഴ്‌സ് ആ ചടങ്ങില്‍ പങ്കെടുത്തത്. പ്രാദേശിക സംസ്‌കാരത്തോട് ഇഴുകിച്ചേര്‍ന്ന് ആഹ്ലാദപൂര്‍വം അവരോടൊപ്പം സിസ്റ്റേഴ്‌സും പങ്കുചേര്‍ന്നു. അരി മുഖ്യ ആഹാരമായ ഈ ജനതയോട് ഒപ്പംചേരാന്‍ ഞാറു നടുകവഴി അവര്‍ക്ക് സാധിച്ചു. ഭാവിയിലെ സുവിശേഷയാത്രയില്‍ ഈ ഒരനുഭവം എന്നും അവര്‍ക്ക് കൂട്ടിനുണ്ടാകും. ഓരോ നെല്‍ചെടിയും സൂര്യനെ നോക്കി വളരുന്നതുപോലെ, സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ ക്രിസ്തുകേന്ദ്രീകൃതമായി നിലനിന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കേണ്ടവരാണെന്ന് സിസ്റ്റേഴ്‌സ് നമ്മെ ഓര്‍മപ്പെടുത്തുന്നു.
സിസ്റ്റേഴ്‌സിന്റെ ഈ സുവിശേഷയാത്രയ്ക്ക് നേപ്പാളിലെ ലിറ്റില്‍ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷനിലെ സിഎസ്ടി ഫാദേഴ്‌സ് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. ലോകം മുഴുവനുംപോയി ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും നേപ്പാളിന്റെ മണ്ണ് സ്വാഗതം ചെയ്യുന്നുണ്ടെന്ന് സിഎസ്ടി സഭാംഗമായ ഫാ. റോബിന്‍ കെ.യു സണ്‍ഡേ ശാലോമിനോട് പറഞ്ഞു.
‘വിളവധികം വേലക്കാരോ ചുരുക്കം അതിനാല്‍ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍’ എന്ന ക്രിസ്തുവചനം ഓരോ ഹൃദയങ്ങളിലും ആഴ്ന്നിറങ്ങാനും ലോകം മുഴുവനുമുള്ള മിഷനറിമാര്‍ക്കുവേണ്ടി ഇടമുറിയാതെ പ്രാര്‍ത്ഥിക്കണമെന്നും ഈ സിസ്റ്റേഴ്‌സ് നമ്മെ ഓര്‍മിപ്പിക്കുന്നു.
ഷെഹരി ഗ്രാമത്തിലെ ഗ്രാമീണര്‍ക്കൊപ്പം ഇന്ന് ഈ മൂന്ന് സിസ്റ്റേഴ്‌സിന്റെ പ്രാര്‍ത്ഥനകള്‍കൂടി ഉയരുന്നുണ്ട്. തങ്ങള്‍ നട്ട ഓരോ നെല്‍ചെടികളും നൂറുമേനി ഫലം പുറപ്പെടുവിക്കാനും അതിലൂടെ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മധുരം ഈ താരുഗോത്രജനതയും നുകരട്ടെയെന്നുമാണ് അവരുടെ പ്രാര്‍ത്ഥന.
Leave a Comment
Your email address will not be published. Required fields are marked with *