Follow Us On

16

September

2024

Monday

മാടവനയിലെ ദിവ്യകാരുണ്യ അത്ഭുതം; ഫാ. ജോഷി മയ്യാറ്റിലിന്റെ ഫെയ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മാടവനയിലെ ദിവ്യകാരുണ്യ അത്ഭുതം;  ഫാ. ജോഷി മയ്യാറ്റിലിന്റെ ഫെയ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം ചര്‍ച്ചയാകുന്നു. ഈ ഇടവകയിലെ ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി  മാംസ രൂപം പ്രാപിച്ചു. തുടര്‍ന്ന് വരാപ്പുഴ അതിരൂപതാകേന്ദ്രത്തില്‍ അറിയിക്കുകയായിരുന്നു. വാരപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വൈദികരെ അയച്ച് ആ ദിവ്യകാരുണ്യം രൂപതാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പിറ്റേ ഞായറാഴ്ച ആ പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി വീണ്ടും മാംസ രൂപത്തിലായി.
അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ എത്തി ദിവ്യകാരുണ്യം അവിടേക്കു കൊണ്ടുപോയി. മൂന്നാമത്തെ ഞായറാഴ്ചയും ഇതുപോലെ സംഭവിച്ചു. ദിവ്യബലിക്കു ശേഷം വികാരി ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍ സക്രാരിയില്‍ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററല്‍ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. വിവരമറിഞ്ഞ് ജനം ഒഴുകിയെത്താന്‍ തുടങ്ങി. വൈകുന്നേരം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരുന്നതുവരെ വിശ്വാസികള്‍ ദിവ്യകാരുണ്യ ആരാധന നടത്തി. ആര്‍ച്ചുബിഷപ്പും ആരാധനയില്‍ പങ്കുകൊണ്ടു. അദ്ദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയില്‍ വളരാന്‍ ആഹ്വാനം ചെയ്തു കൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി.
കൊച്ചി രൂപതാ വൈദികനും മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികളിലെ ബൈബിള്‍ അധ്യാപകനുമായ ഫാ. ജോഷി മയ്യാറ്റിലിന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു കൂടുതല്‍ ചര്‍ച്ചയായത്. ഇതു സംബന്ധിച്ച ഇനിയുള്ള നടപടിക്രമങ്ങളെക്കുറിച്ചും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
സഭയില്‍ സമാനമായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പലത് നടന്നിട്ടുണ്ട്. അതിനാല്‍, കൃത്യമായ നടപടിക്രമങ്ങള്‍ ഇക്കാര്യത്തിലുണ്ട്. വത്തിക്കാന്റെ അറിവോടെ, ഇതേക്കുറിച്ച് പഠിക്കാന്‍ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ചുബിഷപ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. അതില്‍ കുട്ടിയുടെ രക്തത്തിന്റെ സാന്നിധ്യം കാണപ്പെട്ടാല്‍ അത് അത്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയില്ല. അതിനാല്‍, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അത്ഭുതം എന്ന രീതിയില്‍ പ്രചരി പ്പിക്കുന്നത് ശരിയല്ലെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാടവനയില്‍ മൂന്നു ഞായറാഴ്ചകളില്‍ സംഭവിച്ചത്
ഫാ. ജോഷി മയ്യാറ്റില്‍
രണ്ടാഴ്ച മുമ്പ് എന്റെ പ്രിയ ശിഷ്യന്‍ ഡീക്കന്‍ ജൂഡ് IVD എന്നോടു ചോദിച്ചു: ‘അച്ചന്‍ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?’ ‘അനുദിനം’ എന്നായിരുന്നു എന്റെ മറുപടി. ‘അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?’ എന്റെ മറുപടി പെട്ടെന്നായിരുന്നു: ‘ഇല്ല; ഒരിക്കലും കാണാന്‍ ആഗ്രഹിക്കുന്നുമില്ല.’ ‘എങ്കില്‍, ഇന്നലെ ഞാന്‍ കണ്ടു, അച്ചാ. മാടവന പള്ളിയില്‍ ഒരു പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തിരുവോസ്തി മാംസരൂപം പൂണ്ടു!’ എല്ലാ ഞായറാഴ്ചയും മാടവന സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഡീക്കന്‍ ശുശ്രൂഷ ചെയ്യുന്നയാളാണ് ഡീക്കന്‍ ജൂഡ്.
വികാരി ബഹു. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പിലച്ചന്‍ എന്റെ പ്രിയ സുഹൃത്താണ്. പക്ഷേ, ഞാന്‍ അദ്ദേഹത്തെ വിളിച്ചില്ല. വലിയ സംഭവമാക്കേണ്ട എന്ന് ബോധപൂര്‍വം കരുതി വിളിക്കാതിരുന്നതാണ്. അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയിലാണ് അതുണ്ടായത്. അസ്വാഭാവികമായ ആ സംഭവം കണ്ട് അദ്ദേഹം ആകെ തളര്‍ന്നു പോയി എന്നാണ് ഡീക്കന്‍ ജൂഡ് എന്നോടു പറഞ്ഞത്. എങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം അത് പാറ്റനിലേക്ക് എടുത്തുവച്ചു. പിന്നീട് വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ വിവരമറിയിച്ചു. പിതാവ് ആളയച്ച് ദിവ്യകാരുണ്യം അരമനയിലേക്കു കൊണ്ടുപോയി.
തുടര്‍ന്നുള്ള ദിനങ്ങള്‍ വികാരിയച്ചന്‍ വൈദികരുടെ വാര്‍ഷിക ധ്യാനത്തില്‍ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മധ്യേ വീണ്ടും അതു തന്നെ സംഭവിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ആഗ്‌ന എന്ന അതേ പെണ്‍കുട്ടി ദിവ്യകാരുണ്യ ഈശോയെ നാവില്‍ സ്വീകരിച്ചപ്പോള്‍ മാംസരൂപം കാണപ്പെട്ടു. സെബാസ്റ്റ്യനച്ചന്‍ അതും സൂക്ഷിച്ചു വച്ചു. പിറ്റേന്ന് അരമനയില്‍ നിന്ന് വൈസ് ചാന്‍സലറച്ചന്‍ വന്ന് ദിവ്യകാരുണ്യം കൊണ്ടുപോയി.
ഇന്നും അതേ സംഭവമുണ്ടായി. നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്നത് മൂന്നാമതു അസ്വാഭാവിക രൂപമാറ്റം സംഭവിച്ച ദിവ്യകാരുണ്യമാണ്. ദിവ്യബലിക്കു ശേഷം വികാരിയച്ചന്‍ സക്രാരിയില്‍ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററല്‍ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. അവര്‍ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയില്‍ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകള്‍ നിരയായി വന്ന് ആരാധിച്ചു. കേട്ടറിഞ്ഞ് ജനം ഒഴുകിയെത്താന്‍ തുടങ്ങി. വൈകീട്ട് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് വരുന്നതുവരെ ജനം ദിവ്യകാരുണ്യ ആരാധന നടത്തി. ആര്‍ച്ചുബിഷപ്പും ആരാധനയില്‍ പങ്കുകൊണ്ടു. അദ്ദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയില്‍ വളരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി.
ഇനിയെന്ത്?
സഭയില്‍ സമാനമായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പലത് നടന്നിട്ടുണ്ട്. അതിനാല്‍, കൃത്യമായ നടപടിക്രമങ്ങള്‍ ഇക്കാര്യത്തിലുണ്ട്. വത്തിക്കാന്റെ അറിവോടെ, ഇതെക്കുറിച്ച് പഠിക്കാന്‍ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ചുബിഷപ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. അതില്‍ കുട്ടിയുടെ രക്തത്തിന്റെ സാന്നിധ്യം കാണപ്പെട്ടാല്‍ അത് അത്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയില്ല. അതിനാല്‍, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അത്ഭഭുതം എന്ന രീതിയില്‍ പ്രചരി പ്പിക്കുന്നത് ശരിയല്ല.
വികാരിയച്ചന്‍ പറഞ്ഞത്
ഇന്ന് ഞാന്‍ സെബാസ്റ്റ്യനച്ചനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വളരെ മിതത്വത്തോടും മനസ്സാന്നിധ്യത്തോടും കൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹം ഒടുവില്‍ പറഞ്ഞത് ഇതാണ്: ‘അയോഗ്യരായ നമുക്ക് ഈശോ ഇതൊക്കെ അനുവദിക്കുന്നല്ലോ!’
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?