Follow Us On

16

September

2024

Monday

പാകം

പാകം

അന്ന് പന്ത്രണ്ട് വയസ് മാത്രമേയുള്ളൂ യേശുവിന്! അവര്‍ കുടുംബമായി പെസഹാത്തിരുന്നാളിനു പോയതാണ്. തിരികെ പോന്നപ്പോള്‍ യേശു ജറുസലേമില്‍ തങ്ങി. അവന്‍ യാത്രാ സംഘത്തോടൊപ്പമുണ്ടാകുമെന്നു കരുതി അമ്മയപ്പന്മാര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുമിത്രാദികള്‍ക്കിടയില്‍ തിരഞ്ഞു കാണാതെ വന്നപ്പോള്‍ അവര്‍ ജറുസലേമിലേക്ക് തിരികെയോടി. മൂന്നു നാളുകള്‍ക്ക് ശേഷം ബാലനായ യേശുവിനെ ദൈവാലയത്തില്‍കണ്ടു. അവന്‍ ആചാര്യന്മാരുടെ നടുവില്‍ ഇരിക്കുന്നു. അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോട് പലതും ആരായുകയും ചെയ്യുന്നു. കേട്ടവരെല്ലാം അവന്റെ ജ്ഞാനത്തില്‍ വിസ്മയം പൂണ്ടു. അമ്മ അവനെ കണ്ട മാത്രയില്‍ത്തന്നെ വിങ്ങിപ്പൊട്ടി. ‘ഉണ്ണി, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?’ അമ്മയപ്പന്മാരുടെ വ്യസനമത്രയും അവര്‍ പങ്കുവെയ്ക്കുന്നു. ഞാന്‍ എന്റെ പിതാവിന്റെ വീട്ടില്‍ ഇരിക്കേണ്ടതല്ലയോ എന്നൊരു വാക്ക് പറഞ്ഞിട്ട് യേശു അവരോടൊപ്പം പോയി നസ്രത്തില്‍ അവര്‍ക്ക് വിധേയനായി ജീവിച്ചു എന്നാണ് തിരുവെഴുത്ത്.

ശരിക്കും നമ്മുടെ അമ്മമാരൊക്കെ ചിലപ്പോള്‍ പറഞ്ഞിട്ടുള്ളമാതിരിയാണ് മറിയത്തിന്റെ ശാസന കലര്‍ന്ന ഈ പരിഭവം ഇത്തവണ വായനയില്‍ തോന്നിയത്. അത്രയ്ക്ക് വലിയ ആളാവാതെ! സമയം വരട്ടെ എന്നൊക്കെ മക്കളോട് പറയാത്ത ഏതമ്മയാണുണ്ടാവുക? ഒരു കഥയുണ്ട്. മഹാജ്ഞാനിയായിരുന്ന ബുദ്ധഭിക്ഷു ജിയൂണിനെക്കുറിച്ചുള്ളതാണ്. അയാള്‍ വിദ്യാര്‍ത്ഥിയായിരുന്നു. കാലത്ത് തന്റെ സഹപാഠികളെ വിളിച്ചുകൂട്ടി പ്രസംഗിക്കുമായിരുന്നു. വലിയ സാമര്‍ത്ഥ്യത്തോടെ ആളുകള്‍ക്ക് മുമ്പില്‍ തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കലാണ് ലക്ഷ്യം. ഈ വിവരം അറിഞ്ഞ അയാളുടെ അമ്മ തന്റെ മകന് ഒരു കത്തെഴുതി. ‘പ്രിയപ്പെട്ട മകനെ, നടക്കുന്ന ഒരു നിഘണ്ടുവാകാനായിരുന്നോ നീ ബുദ്ധമാര്‍ഗം തിരഞ്ഞെടുത്തത്? ഈ ലോകത്തില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്കും പറയാവുന്ന ഉത്തരങ്ങള്‍ക്കും അവസാനമുണ്ടോ? വസ്തുവിവരങ്ങളും വ്യാഖ്യാനങ്ങളും എത്രവേണമെങ്കിലും ഒരാള്‍ക്കുണ്ടാകും. അതുകൊണ്ട് നേടുന്ന പേരിനും പെരുമയ്ക്കും കണക്കില്ല. പക്ഷെ, നിന്റെ ലക്ഷ്യം അതാണോ മകനെ?’ ഇത്രയേ ആ അമ്മ എഴുതിയുള്ളൂ! എന്താണല്ലേ അമ്മമാരൊക്കെ ഇങ്ങനെ ഒരുപോലെ, ശരിക്കും അടയിരിക്കേണ്ട കാലം അമ്മയ്ക്കല്ലേ കുഞ്ഞിനേക്കാള്‍ അറിയാവുന്നത് സഖേ!

ചെറിയൊരു കുസൃതി വിചാരം ഇവിടെയും തോന്നാതിരുന്നില്ല. കാനായിലെ വിവാഹവിരുന്നിലാണ് യേശുവിന്റെ മഹത്വം വെളിപ്പെടുന്ന ആദ്യ അടയാളം സംഭവിക്കുക. അതുവരെയും അമ്മയൊന്നും പറയാഞ്ഞതുകൊണ്ടാണോ നാഴിക വന്നിട്ടില്ല എന്നവന്‍ പറഞ്ഞു മാറിനിന്നത്. എന്നാല്‍ അവനെ അനുസരിക്കാന്‍ അമ്മ പറഞ്ഞനേരം തമ്പുരാന്റെ പരസ്യശുശ്രൂഷയ്ക്ക് തുടക്കമാകുന്നു.
സത്യമായും അമ്മമാരുടെ ഈ ചേര്‍ത്തുപിടിക്കലുണ്ടല്ലോ, നമ്മുടെ നാട്ടുരീതിയില്‍ പറഞ്ഞാല്‍ കണ്ണുകിട്ടാതിരിക്കാനൊക്കെയുള്ള പിന്‍വലിക്കല്‍, അതിനൊരു അച്ചടക്കത്തിന്റെ ആന്തരാര്‍ത്ഥം കൂടെയുണ്ട്. മിനിമം പഠനമൊക്കെ പൂര്‍ത്തിയാക്കി ആശ്രമത്തിലെത്തിയ ആദ്യനാളുകളില്‍ നാട്ടുകാരെ പഠിപ്പിക്കാനുള്ള വലിയ ഉത്സാഹം കാട്ടിയപ്പോള്‍ അടുത്തു ചേര്‍ത്ത് മാസങ്ങളോളം അധികപ്രസംഗങ്ങള്‍ക്ക് വിടാതെ അറയില്‍ പൂട്ടിയ ഗുരുവമ്മ പറഞ്ഞ വാക്കും എങ്ങനെ മറക്കും. ”മൂക്കാത്ത പാവയ്ക്ക കറി വെച്ചാല്‍ കയ്ക്കും കുഞ്ഞ!” ഇപ്പോഴും അപക്വത കൊണ്ടുണ്ടാവുന്ന ആളാകലുകള്‍ക്ക് മാപ്പ്!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?