വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല ഇവിടുത്തെ വിഷയമെന്നും മറ്റുള്ളവരോട് പുലര്‍ത്തുന്ന ബഹുമാനമാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയെന്നുമുള്ള ഓര്‍മപ്പെടുത്തലോടെയാണ് വത്തിക്കാന്റെ കുറിപ്പ് അവസാനിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച ഉദ്ഘാടന ചടങ്ങിലെ ചിത്രീകരണത്തെ നിരാകരിക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് മൂന്ന് കര്‍ദിനാള്‍മാരും 24 ബിഷപ്പുമാരും നേരത്തെ ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. രണ്ട് കോടിയിലേറെ വരുന്ന ജനങ്ങളുടെ വിശ്വാസത്തെ നിസാരവത്കരിച്ചുകൊണ്ട് ബോധപൂര്‍വം നിന്ദിച്ച നടപടിയെ ക്രൈസ്തവനേതാക്കള്‍ കത്തില്‍ അപലപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *