Follow Us On

22

December

2024

Sunday

മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും, എല്ലാവരും കൊടുത്തിരുന്നെങ്കില്‍…

മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും,  എല്ലാവരും കൊടുത്തിരുന്നെങ്കില്‍…

 ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്
യൗവനം മനുഷ്യായുസിലെ വസന്തകാലമാണ്. ഉണര്‍വിന്റെ ഉദയമാണ് യുവത്വം. സ്വപ്‌നസങ്കല്പങ്ങളുടെ സ്വതന്ത്രവിഹായസിലേക്ക് മനുഷ്യമനസ് ഒരു പരുന്തിനെപ്പോലെ പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന കാലഘട്ടം. അജ്ഞതയുടെ അന്ധത നിറഞ്ഞ ആവൃതികള്‍ക്കുള്ളില്‍നിന്നും ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളുടെയും മിഴിയെത്താത്ത ചക്രവാളങ്ങളിലേക്ക് ബുദ്ധി ദ്രുതഗമനം ചെയ്യുന്ന സമയം. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍കൊണ്ട് അരമുറുക്കി സ്വാര്‍ത്ഥം തെളിക്കുന്ന പാതയിലൂടെ സൈ്വരവിഹാരം ചെയ്യാന്‍ ദാഹാര്‍ത്തികൊള്ളുന്ന കാലം. അതുകൊണ്ടുതന്നെ ആയുസില്‍ അതീവ ഗൗരവം അര്‍ഹിക്കുന്ന കാലമാണ് യൗവനം.

ജാഗ്രതവേണം
കുറവുകളുടെയും വീഴ്ചകളുടെയും താഴ്‌വാരങ്ങളോടു വിടചൊല്ലി പരിപൂര്‍ണതയുടെ ഉത്തുംഗശൃംഗങ്ങളെ കാല്‍ക്കീഴിലാക്കാനുള്ള ആരോഹണക്കുതിപ്പില്‍ സ്വന്തം പോരായ്മകളെ പച്ചയായി കാണാന്‍ കഴിയാതെപോകുന്ന ഒരു സമയമാണിത്. പാളം തെറ്റിപ്പോകാവുന്ന ഇന്ദ്രിയചക്രങ്ങളും അപശ്രുതിയിലേക്ക് വഴുതിവീഴാവുന്ന വികാരതന്ത്രികളും കുത്തഴിഞ്ഞുപോകാവുന്ന മൂല്യസംഹിതകളുമൊക്കെ ഈ കാലഘട്ടത്തിലെ കെണിക്കൂട്ടുകാരാണ്. അവയുടെയൊന്നിന്റെയും നീരാളിപ്പിടുത്തത്തില്‍ അകപ്പെടാതെ, ദൈവദാനമായ യൗവനഭാഗ്യത്തെ ഉഷസിന്റെ ഉദരത്തില്‍നിന്നൂറിവരുന്ന ഹിമബിന്ദുപോലെ (സങ്കീ. 110:8) കാത്തുസൂക്ഷിക്കാനുള്ള ധാര്‍മികബാധ്യത യുവജനങ്ങളില്‍ നിക്ഷിത്പമാണ്.

ഇതിനായി വിശുദ്ധിയുടെ വിളനിലവും നൈര്‍മല്യത്തിന്റെ നികേതനവുമായ ദൈവത്തെ അനുദിനം അനുസ്മരിച്ച് (സഭാപ്രസം. 12:1) അവിടുത്തെ കരംഗ്രഹിച്ചുകൊണ്ട് ഒരു നിഴല്‍പോലെ യൗവനത്തില്‍ നടന്നുനീങ്ങണം. രൂപവും ഭാവവും പ്രാണശ്വാസവും കനിഞ്ഞരുളിയ ആ പ്രപഞ്ചശില്പിയെക്കുറിച്ചുള്ള സ്മരണാംഗുലികളാവണം ഓരോ പ്രഭാതത്തിലും അവരെ തൊട്ടുണര്‍ത്തേണ്ടത്. അവ നിശ്ചയമായും ദൈവവിശ്വാസത്തിന്റെ കാണാപ്പുറങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകും. അവിടെനിന്നുമാണ് യൗവനത്തിന് അത്യന്താപേക്ഷിതമായ വിജ്ഞാനവും വിവേചനാശക്തിയും അവര്‍ ആര്‍ജിച്ചെടുക്കേണ്ടത് (സുഭാ. 1:4). വസ്തുതകളെ നേരിന്റെ വെട്ടത്തില്‍ വിശകലനം ചെയ്യാനും നന്മയെ തിന്മയില്‍നിന്നും വേര്‍തിരിച്ചറിയാനും യുവാക്കള്‍ക്ക് അപ്പോള്‍ സാധിക്കും. മനുഷ്യര്‍ ജന്മനാ കല്മഷരഹിതരും കുലീനരുമാണ്. പിറന്നുവീഴുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ പര്യായമാണ്.

എങ്കിലും വളരുന്നതിനനുസരിച്ച് പലരിലെയും വിശുദ്ധിയുടെ വെട്ടം കെട്ടുപോകുന്നു. നന്മയുടെ നാമ്പ് വാടിപ്പോകുന്നതില്‍ സഹജീവികള്‍ക്കും സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. അത്തരം വിനാശകരമായ സന്ദര്‍ഭച്ചുഴികളില്‍ താഴ്ന്നുപോകാതിരിക്കണമെങ്കില്‍ ചിട്ടപ്പെടുത്തിയ ജീവിതശൈലിയും മുറുകെപ്പിടിച്ചിട്ടുള്ള മാനുഷികമൂല്യങ്ങളും അവര്‍ക്കു കൈമുതലായി ഉണ്ടായിരിക്കണം. ചെറുപ്പംമുതല്‍ യുവജനങ്ങള്‍ക്ക് മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും സദുപദേശങ്ങളിലും ഗുരുമൊഴികളിലും മുഴങ്ങിനില്‍ക്കുന്ന ദൈവസ്വരത്തിന് കാതോര്‍ക്കാന്‍ കഴിയണം. തലമുറകളായി തരപ്പെട്ടുവന്ന തഴക്കദോഷങ്ങളെ താലോലിക്കാതെ, തങ്ങള്‍ക്കു കിട്ടിയിട്ടുള്ള അഞ്ജനശോഭയെഴുന്ന താലന്തുകളെ പരിപോഷിപ്പിച്ചുകൊണ്ട് അവയില്‍നിന്നും മുപ്പതും അറുപതും നൂറുംമേനി വിളവു കൊയ്‌തെടുക്കാനുതകുന്ന ജീവിതരീതി അവര്‍ ക്രമപ്പെടുത്തണം. വീഴ്ചകളെ വിപത്തുകളായി കാണാതെ ആത്മധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കെടാവിളക്കുമേന്തി ശേഷിക്കുന്ന ദൂരം അവര്‍ താണ്ടുകതന്നെവേണം.
ധൂര്‍ത്തപുത്രനെപ്പോലെ (ലൂക്കാ 15:13) പാതിവഴിയില്‍ പിഴച്ചുപോകുന്ന പാദങ്ങളെയോ പാതയോരത്തെ പ്രലോഭനങ്ങളുടെ പിന്നാലെ പരക്കംപാഞ്ഞ ഇന്ദ്രിയാശ്വങ്ങളെയോ അറിവിന്റെ അല്പത്വവും അഹങ്കാരത്തിന്റെ ആധിക്യവുംമൂലമുണ്ടായ അപരാധങ്ങളെയോ ഓര്‍ത്ത് നിരാശയിലേക്ക് ജീവിതത്തെ തള്ളിവിടരുത്.

ഇടറിപ്പോകുന്ന പാദങ്ങള്‍ക്കിടയില്‍ പൊടിയുന്ന മണല്‍ത്തരികള്‍ മന്ത്രിക്കുന്ന മാറ്റുള്ള ഗുണപാഠങ്ങള്‍ മനച്ചെപ്പില്‍ മുത്തുമണികളായി കരുതിവച്ച് അവയ്ക്ക് ആനുപാതികമായ ജീവിതക്രമങ്ങള്‍ മെനഞ്ഞെടുക്കണം. വലിച്ചുപൊട്ടിച്ചിട്ടുള്ള കടപ്പാടുകളുടെ കണ്ണികളെ വിളക്കിച്ചേര്‍ക്കണം. ജീവിതയാത്രയില്‍ മനമിടറാതെ മുന്നേറാന്‍ ഉള്ളംകൈയിലുള്ള സുകൃതങ്ങളും ഉള്ളിന്റെ ഉദ്ദേശ്യശുദ്ധിയും ലക്ഷ്യബോധവും യുവജനങ്ങളെ സഹായിക്കും. സ്വയം കണ്ടെത്തുകയോ മറ്റുള്ളവര്‍ കാട്ടിത്തരുകയോ ചെയ്യുന്ന കുറവുകള്‍ ക്രിയാത്മകമായി പരിഹരിച്ചു ജീവിക്കുമ്പോള്‍ അവരുടെ യൗവനം കഴുകന്റേതുപോലെ നാള്‍ക്കുനാള്‍ നവീകരിക്കപ്പെടാന്‍വേണ്ടി അവരുടെ ജീവിതാന്ത്യത്തോളം കര്‍ത്താവ് അവരെ സംതൃപ്തരാക്കും (സങ്കീ. 103:5).

പക്വത
പ്രായത്തില്‍ വളരുക എന്നാല്‍ പ്രായത്തിനനുസൃതമായി ശരീരപുഷ്ടി പ്രാപിക്കുക അല്ലെങ്കില്‍ വയസുകൂടുക എന്നല്ല അര്‍ത്ഥം. അത് സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ‘പ്രായം’ എന്നതിനെ ‘പക്വത’ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് സ്വായത്തമാക്കാന്‍ ഒരാള്‍ കിണഞ്ഞു പരിശ്രമിക്കുകതന്നെ വേണം. പ്രായം സാധാരണരീതിയില്‍ സംഭവിക്കുന്നതും പക്വത അസാധാരണമായ തരത്തില്‍ സ്വന്തമാക്കേണ്ടതുമായ രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. പക്വത മനസും ശരീരവും പാകമാകുന്ന അവസ്ഥയാണ്. യേശു തന്റെ വാക്കിലും വിചിന്തനത്തിലും ഒരുപോലെ പാകമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. സുദീര്‍ഘമായ പ്രാര്‍ത്ഥന, ഉപവാസം, തപസ് തുടങ്ങിയ ആത്മീയാഭ്യാസങ്ങളിലൂടെയും കഠിനശിക്ഷണങ്ങളിലൂടെയുമാണ് അവന്‍ അങ്ങനെ ആയിത്തീര്‍ന്നത്.

യുവജനങ്ങള്‍ക്ക് ക്രിസ്തു ഒരു പുസ്തകമാകണം. അവനെ വായിച്ചു പഠിക്കണം. വെറും സിക്‌സ്പാക് മെയ്‌വടിവിനും മേനിയഴകിനും മാത്രം പ്രാധാന്യം കല്പിക്കുന്നവര്‍ അവയെക്കാള്‍ പതിന്മടങ്ങ് മേന്മയുള്ളതാണ് പക്വതയാര്‍ന്ന വ്യക്തിത്വം എന്ന വസ്തുത വിസ്മരിക്കരുത്. പ്രായത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ ക്രിസ്തുവിനെപ്പോലെ വളരട്ടെ.

തിരിച്ചറിവുകള്‍
പ്രായത്തിലെന്നപോലെ വിജ്ഞാനത്തിലും യേശു വളര്‍ന്നു. അവനെ തര്‍ക്കത്തില്‍ തോല്‍പിക്കാനോ പാണ്ഡിത്യത്തില്‍ കവച്ചുവയ്ക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. അവന്റെ അപാരമായ അറിവിന്റെ മുമ്പില്‍ അമ്പരന്നുനില്‍ക്കാനേ എല്ലാവര്‍ക്കും സാധിച്ചുള്ളൂ. വിജ്ഞാനം വിലമതിക്കാനാവാത്ത ധനമാണ്. അത് ആവുന്നത്ര വാരിക്കൂട്ടാന്‍ യുവജനങ്ങള്‍ പരിശ്രമിക്കണം. കലാലയജീവിതകാലം നേരാംവണ്ണം വിനിയോഗിച്ചുകൊണ്ട് അറിവിന്റെ നാനാതലങ്ങളെ കരവലയത്തിലാക്കാന്‍ ശ്രദ്ധിക്കണം. കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കി അധഃപതിപ്പിക്കാന്‍ ദുഷ്‌പ്രേരണ നല്‍കുന്ന സകല പ്രസ്ഥാനങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളില്‍നിന്നും അകലംപാലിക്കാനുള്ള ആര്‍ജവം അവര്‍ സമ്പാദിക്കണം. ഒരാള്‍ നേടിയെടുത്ത അറിവ് തിരിച്ചറിവിലേക്ക് നയിക്കുമ്പോഴാണ് അയാളുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത്. പരിജ്ഞാനത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ ക്രിസ്തുവിനെപ്പോലെ വളരട്ടെ.

പ്രായത്തിലും പരിജ്ഞാനത്തിലുമെന്നപോലെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും യേശു വളര്‍ന്നു. അങ്ങനെ വിണ്ണിനും മണ്ണിനും പ്രിയനായി അവന്‍ മാറി. എതിരാളികള്‍ക്കൊഴികെ ഏവര്‍ക്കും അവനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ളവരുടെ പ്രീതിപാത്രമായി മാറാന്‍ യുവജനങ്ങള്‍ പരിശ്രമിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന ബോധ്യവുമുണ്ടായിരിക്കണം. പ്രീതി മറ്റുള്ളവര്‍ക്ക് നമ്മോടു തോന്നേണ്ടണ്ടഒന്നാണ്. നമ്മുടെ വ്യക്തിത്വത്തിനുമീതേ ചുറ്റുമുള്ളവര്‍ പതിപ്പിക്കുന്ന കുറിപ്പടിയാണത്. തന്നിഷ്ടപ്രകാരമുള്ള ജീവിതശൈലി ആഭരണമാക്കി അണിയാതിരിക്കാന്‍ യുവജനങ്ങള്‍ ശ്രദ്ധിക്കണം. എന്റെ വളര്‍ച്ച ആരുടെയെങ്കിലുമൊക്കെ നന്മയ്ക്ക് ഉപകരിക്കുന്നുണ്ടോ എന്നൊക്കെ ഓരോരുത്തരും ആത്മശോധന ചെയ്യണം. ഇല്ലെങ്കില്‍ ഖേദിക്കണം, പിന്നിട്ടത് കുറേ പാഴ്ദിനങ്ങള്‍ മാത്രമായി മാറുകയാണ്. മറ്റുള്ളവരുടെ പ്രീതിയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ ക്രിസ്തുവിനെപ്പോലെ വളരട്ടെ.

കരുണക്കടല്‍
യുവാവായ യേശുവിന്റെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ടുള്ള സന്തോഷസവാരിയാണ് യൗവനം. ഊര്‍ജതേജസുകളുടെ ഉറവിടമായ അവിടുത്തെ അനുഗ്രഹങ്ങളുടെ അക്ഷയപാത്രത്തില്‍നിന്നും ഉണര്‍വും ഉന്മേഷവും സ്വായത്തമാക്കിക്കൊണ്ട് വരുംദിനങ്ങളിലേക്ക് ആവശ്യമായ നിക്ഷേപങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ യൗവനകാലത്ത് കഴിയണം. സ്വര്‍ഗം തരുന്ന സുരഭിലദാനമായ യുവത്വത്തെ നിരുത്തരവാദിത്വപൂര്‍വം നശിപ്പിക്കുന്നത് ദൈവത്തിന്റെ മുമ്പില്‍ കുറ്റകരമാണ്. പ്രായക്കുറവിന്റെ പേരില്‍ ആരാലും അവഗണിക്കപ്പെടാതിരിക്കാന്‍ വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും വിശുദ്ധിയിലും മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃക നല്‍കാനാണ് ദൈവം യുവാക്കളോട് ആവശ്യപ്പെടുന്നത് (1 തിമോ. 4:12).

അങ്ങനെയെങ്കില്‍, ആനന്ദം നിറഞ്ഞൊരു ഹൃദയം യുവത്വം അവര്‍ക്കു സമ്മാനിക്കും. മനുഷ്യസഹജമായ ബലഹീനതയുടെ ബലിഷ്ഠമായ ബാഹുവലയത്തില്‍പെട്ട് തങ്ങള്‍ ചെയ്തുപോയ അപരാധങ്ങള്‍ അങ്ങ് ഓര്‍ക്കരുതേ (സങ്കീ. 25:7) എന്ന് കരുണക്കടലായ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് തങ്ങളുടെ യൗവനത്തെ കുറ്റമറ്റതും കമനീയവുമാക്കി മാറ്റാന്‍ സകല യുവജനങ്ങള്‍ക്കും സാധിക്കണം.
ഓഗസ്റ്റ് 12 ലോകയുവജനദിനമായി ആചരിക്കുമ്പോള്‍ എക്കാലത്തേക്കുമായി രചിക്കപ്പെട്ടിട്ടുള്ള ക്രിസ്തു എന്ന പക്വതയുടെയും പരിജ്ഞാനത്തിന്റെയും പ്രീതിയുടെയും പാഠപുസ്തകത്തെ വഴികാട്ടിയായി കൂട്ടുപിടിച്ചുകൊണ്ട് തങ്ങളുടെ യുവത്വം മഹത്വപൂര്‍ണമാക്കാന്‍ യുവജനങ്ങള്‍ പ്രതിജ്ഞാബദ്ധരാകണം. അവരിലൂടെ യുവാവായ യേശു വിഭാവനം ചെയ്ത പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?