Follow Us On

08

January

2025

Wednesday

വയനാടിനു കൊടുക്കുന്ന പ്രാധാന്യം വിലങ്ങാടിനും നല്‍കണം

വയനാടിനു കൊടുക്കുന്ന പ്രാധാന്യം വിലങ്ങാടിനും നല്‍കണം
കോഴിക്കോട്: വയനാടിനു സമാനമായ ദുരന്തമാണ് കോഴിക്കോട്ടെ വിലങ്ങാടും സംഭവിച്ചതെന്നും വയനാടിന് നല്‍കുന്ന അതേ പ്രാധാന്യം വിലങ്ങാടിനും നല്‍കണമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മേഖലയില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളം ഒരു മനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ദുരിതദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. വയനാട് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടലിന് കാര്യമായ പൊതുജനശ്രദ്ധയോ മാധ്യമശ്രദ്ധയോ ലഭിച്ചിട്ടില്ല.
വിലങ്ങാട് ഒരു മരണം സംഭവിക്കുകയും ഇരുപത്താറോളം വീടുകള്‍ ഒലിച്ചുപോകുകയും ചെയ്തു. എഴുപതോളം വീടുകള്‍ വാസയോഗ്യമല്ലാതായി. നാനൂറോളം ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. അനേകം വീടുകള്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വീടുകള്‍, കാര്‍ഷിക വിളകള്‍, വാഹനങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി വേദനിക്കുന്ന കാഴ്ചകളാണ് എങ്ങുമുള്ളത്. വിലങ്ങാട് മേഖലയിലേക്ക് സര്‍ക്കാരിന്റെ സവിശേഷമായ ശ്രദ്ധ വേണം. വീടു നഷ്ടപ്പെട്ടവര്‍ക്ക് സഹായം ഉറപ്പാക്കണം; മാര്‍ പാംപ്ലാനി പറഞ്ഞു.
 സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസപ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരും. ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തലശേരി അതിരൂപത സാമ്പത്തിക സഹായം നല്‍കും. ഇതിനായി അതിരൂപതയിലെ എല്ലാ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രത്യേക സംഭാവന സ്വീകരിക്കുമെന്ന് ആര്‍ച്ചുബിഷപ് പാംപ്ലാനി പറഞ്ഞു.
ഉരുള്‍ നാശം വിതച്ച മേഖലകളിലും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ മാത്യു കുളത്തിങ്കലിന്റെ വീട്ടിലും ആര്‍ച്ചുബിഷപ് സന്ദര്‍ശനം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, വിലങ്ങാട് ഫൊറോന വികാരി റവ. ഡോ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍, മിഥുന്‍ നെല്ലിക്കല്‍, അരുണ്‍ ആഞ്ഞിലിത്തോപ്പില്‍ എന്നിവര്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് ഒപ്പം ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?