തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്.
കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും.
തുടര്‍ന്ന് 1.30 ന് ജീവന്റെ മൂല്യം ഉയര്‍ത്തി കാണിക്കുന്ന നാടകവും രണ്ടിന് പൊതുസമ്മേളനവും നടക്കും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിക്കും.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ്, നാഷണല്‍ എക്യുമെനിക്കല്‍ പ്രസിഡന്റ് ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കല്‍ദായ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, മെയ്‌റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിള്‍ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ജീവന്‍ സംരക്ഷണറാലിയില്‍ പതിനായിരത്തോളം പേര്‍ അണിനിരക്കും. റാലിക്കുശേഷം ജീവ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം സമര്‍പ്പണവും അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിനായുള്ള പതാക കൈമാറ്റവും മ്യൂസിക് ഷോയും നടക്കും.
ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഭാഗമായി, പിറക്കാതെപോയ പൈതങ്ങള്‍ക്കായി തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ സ്മാരകം നിര്‍മിച്ചു. 12 അടി ഉയരവും മൂന്നടി വീതിയുമുള്ള, കൈക്കുമ്പിളിലെ ഗര്‍ഭസ്ഥശിശുവിന്റെ രൂപമാണ് ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്തിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ തയാറാക്കിയത്.
ആഗോളതലത്തില്‍ അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും എല്ലാ വര്‍ഷവും നടത്തിവരുന്ന റാലി ഇന്ത്യയില്‍ 2022-ല്‍ ഡല്‍ഹിയിലും 2023ല്‍ പൂനെയിലുമാണ് നടത്തിയത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോ-ലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്തലേറ്റ്, അതിരൂപത പ്രോ-ലൈഫ് സമിതി എന്നിവ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *