മിസിസിപ്പി/യുഎസ്എ: യുഎസിലെ ലൂസിയാനാ സംസ്ഥാനത്തെ അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നടത്തുന്ന 130 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഓഗസ്റ്റ് 14ന് ആരംഭിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനമായ 15ന് അവസാനിക്കും.. ദിവ്യകാരുണ്യ പുനരുജ്ജീവിന യജ്ഞത്തിന്റെയും പരമ്പരാഗതമായി നദിയിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുന്ന കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യപ്രദിക്ഷിണം നടക്കുക.
14 ബോട്ടുകള്‍ നദിയിലൂടെയുള്ള ദിവ്യകാരുണ്യനാഥനെ അനുഗമിക്കും. 17 അടി ഉയരമുള്ള ക്രൂശിതരൂപവുമായി നീങ്ങുന്ന ബോട്ടാവും ഈ പ്രദക്ഷിണത്തിന്റെ ഏറ്റവും മുമ്പില്‍ അണിനിരക്കുന്നത്. തുടര്‍ന്ന് ദിവ്യകാരുണ്യനാഥന്റെ ആഗമനം അറിയിച്ചുകൊണ്ട് മണികള്‍ മുഴക്കുന്ന ബോട്ടുകള്‍ തൊട്ടുപിന്നാലെ കടന്നുവരും. തുടര്‍ന്നാവും 14 അടി ഉയരമുള്ള അരുളിക്കയില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള ബോട്ട് കടന്നുവരുക. ചരിത്രപരവും മതപരവുമായി ഏറെ പ്രാധാന്യമുള്ള ഈ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ ലൂസിയാനാ ഗവര്‍ണറും പ്രാദേശിക മേയര്‍മാരും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ അസാധാരണമായ പരസ്യപ്രഖ്യാപനമാണ് ഈ ദിവ്യകാരുണ്യപ്രദക്ഷിണമെന്ന് ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ചുബിഷപ് ഗ്രിഗറി അയ്മണ്ട് പറഞ്ഞു. പ്രദക്ഷിണം കടന്നുപോകുന്ന വഴിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയും പ്രഭാഷണങ്ങളും കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *