Follow Us On

09

May

2025

Friday

മാര്‍പാപ്പയുടെ അംഗരക്ഷകന്‍ ഇനിമുതല്‍ വൈദികന്‍

മാര്‍പാപ്പയുടെ  അംഗരക്ഷകന്‍ ഇനിമുതല്‍  വൈദികന്‍

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് മാര്‍പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ കത്തോലിക്ക സഭയെ കൂടുതല്‍ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ജനിച്ചു വളര്‍ന്ന ദിദിയര്‍, 21ാം വയസ്സില്‍ സ്വിസ് ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിശീലനം പൂര്‍ത്തിയാക്കി 2011 മുതല്‍ 2019 വരെ പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു. മാര്‍പാപ്പയുടെ അംഗരക്ഷകന്‍ എന്ന നിലയില്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു ദിദിയറിന്റേത്. വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകരുടെ ഇടപെടലുകളും പാപ്പായുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളായിരുന്നു. അങ്ങനെയാണ്, വത്തിക്കാനിലെ സേവനത്തിനുശേഷം ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ സേവിക്കുന്നതിന് വൈദിക ജീവിതം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്.

വീട്ടുകാര്‍ക്ക് ആദ്യമൊക്കെ അമ്പരപ്പ് ആയിരുന്നെങ്കിലും പിന്നീട് പൂര്‍ണ പിന്തുണയുമായി എല്ലാവരും ദിദിയറിന്റെ കൂടെനിന്നു. ഇതാണ് നിന്റെ വഴി എന്നായിരുന്നു, ദിദിയറിന്റെ പിതാവ് മരിക്കുന്നതിന് മുമ്പ് നല്‍കിയ സന്ദേശം. ഒരു സ്വിസ് ഗാര്‍ഡിന്റെയും പുരോഹിതന്റെയും സത്തയെ ബന്ധിപ്പിക്കുന്ന സേവനത്തിന്റെ മൂല്യങ്ങളില്‍ ഒന്നാണ് അച്ചടക്കവും സൗഹൃദവും. തന്റെ സേവന കാലയളവില്‍ ഏറ്റവും അനുഭവമായി തീര്‍ന്നത് ഈ മൂല്യങ്ങളാണെന്ന് ദീദിയര്‍ പറയുന്നു.

പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ, നിസ്വാര്‍ത്ഥമായി വളരെ വിനയത്തോടെ സ്വയം സമര്‍പ്പിക്കാനുള്ള ആഗ്രഹത്തോടെയാണ് താന്‍ സെമിനാരിയില്‍ പ്രവേശിച്ചതെന്നും ദിദിയര്‍ കൂട്ടിച്ചേര്‍ക്കുന്നു. സഭയും സഭയുടെ ശുശ്രൂഷകരും എപ്പോഴും ആളുകള്‍ക്ക് സംലഭ്യരായിരിക്കണമെന്നതാണ് സ്വിസ് ഗാര്‍ഡ് കോര്‍പ്‌സില്‍ ഉണ്ടായിരുന്നപ്പോള്‍ തനിക്ക് മനസിലായതെന്നും അത് കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ നല്കാന്‍ പൗരോഹിത്യജീവിതത്തിലൂടെ സാധിക്കുമെന്നും ദിദിയര്‍ പറയുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?