“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” … വിശുദ്ധ പീറ്റർ ഡാമിയന്റെ വാക്കുകളാണിവ.
രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോത്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ അനുരൂപപ്പെടുന്നതിനു വേണ്ടിയാണത്. ”
1950 നവംബർ ഒന്നാം തിയ്യതി പന്ത്രണ്ടാം പീയൂസ് പാപ്പയാണ് ‘അത്യുദാരനായ ദൈവം’ ( മൂണിഫിച്ചന്തിസീമൂസ് ദേവൂസ് ) എന്ന പ്രമാണരേഖയിലൂടെ മാതാവിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ അമ്മ തൻറെ ഭൗതിക ജീവിതത്തിന്റെ പൂർത്തീകരണ ശേഷം ആത്മാവോടും ശരീരത്തോടും കൂടെ സ്വർഗീയ ഭവനത്തിലേക്ക് സ്വർഗ്ഗാരോപണം ചെയ്തു എന്നത് ദൈവികമായ വെളിപ്പെടുത്തി കിട്ടിയ വിശ്വാസ സത്യമാണ്.
യേശുവിൻറെ മരണശേഷം 14 വർഷത്തോളം പരിശുദ്ധ അമ്മ ക്രിസ്തു ശിഷ്യന്മാരുടെ കൂടെ, മറ്റുള്ളവരുടെ ദുഃഖങ്ങളിൽ ആശ്വാസമായി, രോഗികളെ ശുശ്രൂഷിച്ച് ഒരു ക്രിസ്തു സുവിശേഷമായി തന്റെ ജീവിതം മറ്റുള്ളവർക്ക് പകർന്നു നൽകി. ഈശോയുടെ ഇഹലോകവാസത്തിനുശേഷം, 14 വർഷങ്ങൾക്ക് ശേഷമാണ് മറിയത്തിന്റെ മരണം എന്നുള്ളതാണ് പാരമ്പര്യവിശ്വാസം. ഇതിനെ മറിയത്തിന്റെ ഗാഢനിദ്ര എന്നും വിശേഷിപ്പിക്കാറുണ്ട്.
വിശുദ്ധ ജോൺ ഡമഷീൻ പറയുന്നത് അനുസരിച്ച് പരിശുദ്ധ അമ്മയുടെ മരണ സമയത്ത് വിശുദ്ധ തോമാശ്ലീഹാ അവിടെ ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം അവിടെയെത്തിയ തോമാശ്ലീഹാ മാതാവിൻറെ മൃതശരീരം കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, പത്രോസിന്റെ അനുവാദത്തോടെ അവർ കല്ലറ തുറന്നു. എന്നാൽ അവിടെ മാതാവിന്റെ ഭൗതികശരീരം ഉണ്ടായിരുന്നില്ല. തുടർന്ന്, മാതാവ് ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് തന്റെ പുത്രന്റെ അടുത്തേക്ക് എടുക്കപ്പെട്ടു എന്ന് വിശ്വസിച്ചുപോരുന്നു. ആറാം നൂറ്റാണ്ട് മുതൽ പൗരസ്ത്യ സഭയിൽ, ‘മാതാവിൻറെ ഉറക്കത്തിരുന്നാൾ’ എന്ന പേരിൽ ഈ ദിനം ആഘോഷിച്ചു പോകുന്നു. തുടർന്ന് കാലാന്തരത്തിൽ ഇത് സ്വർഗാരോപണ തിരുനാൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
പരിശുദ്ധ അമ്മയെ കുറിച്ച് നാല് വിശ്വാസങ്ങളാണ് ഉള്ളത്: പരിശുദ്ധ മറിയം അമലോത്ഭവയാണ്, പരിശുദ്ധ മറിയം നിത്യകന്യകയാണ്, പരിശുദ്ധ മറിയം ദൈവമാതാവാണ്, പരിശുദ്ധ മറിയം സ്വർഗാരോപിതയാണ്. ആദ്യത്തെ മൂന്നു വിശ്വാസസത്യങ്ങളും നമ്മെ നയിക്കുന്നത് നാലാമത്തെ വലിയ വിശ്വാസരഹസ്യത്തിലേക്കാണ്. പരിശുദ്ധ ‘അമ്മ സ്വർഗത്തിലേക്ക് തന്റെ പുത്രന്റെ സവിധത്തിലേക്ക് കരേറ്റപ്പെട്ടു’എന്ന മഹത്തായ വിശ്വാസം.
യേശുവിനോടൊപ്പം, ഈ ലോകത്തെ രക്ഷിക്കുവാൻ സഹരക്ഷകയായി നിലകൊണ്ട പരിശുദ്ധ കന്യകാമറിയത്തിൻറെ ജീവിതം ഈ ഭൂമിയിലെ ആറടിമണ്ണിൽ ഒതുങ്ങേണ്ടതല്ല, മറിച്ച് തന്റെ പുത്രന്റെ കൂടെ, എന്നും തുടരേണ്ടതാണെന്നുള്ള ബോധ്യമാണ്, സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കുവാൻ നമുക്ക് പ്രചോദനം നൽകുന്നത്.
വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനം പതിനഞ്ചാം അധ്യായം, നാല്പത്തിനാലാം വാക്യത്തിൽ ഇപ്രകാരം പറയുന്നു: “വിതയ്ക്കപ്പെട്ടത് ഭൗതികശരീരം പുനർജനിക്കുന്നത് ആത്മീയ ശരീരം”. പരിശുദ്ധ മറിയത്തിന്റെ ജീവിതവും, ജന്മപാപത്തിന്റെ അഭാവമൊഴിച്ചാൽ എല്ലാം മനുഷ്യസാദൃശ്യമായിരുന്നു. പൂർണ്ണ മനുഷ്യശരീരഘടനയോടെ ഈ ലോകത്തിൽ ദൈവ പുത്രിയായി ജനിച്ച മറിയത്തെ, തന്റെ പുത്രന്റെ അമ്മയാകുവാൻ ദൈവം തിരഞ്ഞെടുത്തതു വഴിയായി ഭൗതീകതയിൽ നിന്നും ഉന്നതമായ ആത്മീയതയിലേക്കുള്ള അവളുടെ തീർത്ഥാടനം ആരംഭിക്കുകയായി. ഈ തീർത്ഥാടനം, തുടർന്ന് സ്വർഗ്ഗത്തിലും തുടരുവാനുള്ള ദൈവപിതാവിന്റെ ഹിതമാണ്, മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ കാതൽ.
‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞ് ദൈവഹിതത്തിനായി തന്നെ തന്നെ വിട്ടു നൽകിക്കൊണ്ട്, ദൈവം വിതച്ച മണ്ണിൽ കർത്താവിന്റെ ദാസിയായി, യേശുവിൻറെ അമ്മയായി, പരിശുദ്ധാത്മാവിന്റെ പ്രിയ മണവാട്ടിയായി തന്നെ ദൈവത്തിന് വിട്ടുകൊടുത്തതിന്റെ പ്രത്യുത്തരമാണ് മാതാവിൻറെ സ്വർഗ്ഗാരോപണം. നിസ്സഹായതയുടെ നിമിഷങ്ങളിൽ സഹായമായും, നിരാശയുടെ സമയങ്ങളിൽ പ്രത്യാശയായും സ്വർഗ്ഗത്തിൽ ഒരു അമ്മയുണ്ട് എന്ന വിശ്വാസത്തിലേക്ക് ഓരോ വ്യക്‌തിയേയും നയിക്കുന്ന ശക്തിയാണ് മാതാവിന്റെ സ്വർഗ്ഗാരോപണം. ഒപ്പം, നമ്മുടെ ഓരോരുത്തരുടെയും ശരീരവും ആത്മാവും വിശുദ്ധിയുടെ കാത്തുസൂക്ഷിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ തിരുനാൾ നമുക്ക് സമ്മാനിക്കുന്നത്.
വിശ്വാസപ്രമാണത്തിൽ നാം ഓരോരുത്തരും ഏറ്റുപറയുന്ന വിശ്വാസ സത്യമാണ് നമ്മുടെ ശരീരത്തിന്റെ ഉയിർപ്പിൽ ഉള്ള വിശ്വാസം. അതുകൊണ്ട് ദൈവം വസിക്കുന്ന ആലയമായ നമ്മുടെ ശരീരത്തെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാനും, ഭൂമിയിൽ എന്നും നിർമ്മലരായി ജീവിക്കുവാനും, മാമോദിസയിലൂടെ നമുക്ക് ലഭിച്ച വെള്ള വസ്ത്രം വിശുദ്ധിയുടെ സൂക്ഷിച്ച് ദൈവത്തിലേക്ക് എത്തിച്ചേരുവാൻ നമ്മെ തന്നെ അനുദിനം തയാറാക്കേണ്ടതിന്റെ ആവശ്യകതയും ഈ തിരുനാൾ അടിവരയിടുന്നു.
കാർഡിനൽ ന്യൂമാൻ പരിശുദ്ധ അമ്മയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്, “പരിശുദ്ധ അമ്മ സ്വർഗ്ഗത്തിന്റെ വാതിലാണ്. ലോകരക്ഷകനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് ഇറങ്ങുവാൻ അനുവദിച്ച വാതിലാണ് പരിശുദ്ധ അമ്മ. നിത്യ സമ്മാനമായ സ്വർഗ്ഗരാജ്യം നേടാൻ മനുഷ്യൻ ഓടിയണയുന്ന വാതിലാണ് പരിശുദ്ധ അമ്മ. ദൈവം ഭൂമിയിലേക്ക് ഇറങ്ങിയതും, മനുഷ്യൻ സ്വർഗ്ഗത്തിലേക്ക് കയറിയതും പരിശുദ്ധ കന്യക മറിയം എന്ന വാതിലിലൂടെയാണ്.”
പരിശുദ്ധ അമ്മയുടെ ജീവിതത്തെക്കുറിച്ച് നമ്മൾ ആഴമായി ചിന്തിക്കുമ്പോൾ അമ്മയുടെ ജീവിതം പറഞ്ഞു വയ്ക്കുന്നത് വിശ്വാസത്തിൽ അടിയുറച്ച ഒരു ജീവിതം ആയിരുന്നു എന്നാണ്. വിശ്വാസത്തിന്റെ ഉദാത്തമാതൃക സ്വന്തം ജീവിതത്തിലൂടെ മനുഷ്യകുലത്തിനു മുഴുവൻ നല്കിയവളാണ് പരിശുദ്ധ മറിയം. വിശ്വാസികൾക്ക് ദൈവം നൽകുന്ന ദാനമാണ്, സ്വർഗ്ഗരാജ്യം.
ദൈവീക പദ്ധതിക്കനുസരിച്ച് തന്റെ ഇഷ്ടങ്ങളും , താത്പര്യങ്ങളും സ്വതന്ത്രമായി ത്യാഗം ചെയ്തു കൊണ്ട്, ദൈവവചനത്തെ സ്നേഹിച്ചവളും, വിശ്വസിച്ചവളുമായ പരിശുദ്ധ കന്യകാമറിയത്തിനു, ദൈവം നൽകിയ ദാനമാണ്, സ്വർഗത്തിലേക്കുള്ള പ്രവേശനം. ദൈവത്തിനായി സ്വയം വിട്ടുകൊടുത്തുകൊണ്ട്, പരിശുദ്ധമായ ജീവിതം ജീവിച്ചപ്പോൾ, യേശു ആയിരിക്കുന്നിടത്ത് അവനോടൊപ്പം ആയിരിക്കുവാൻ ദൈവം മറിയത്തിന് നൽകിയ സമ്മാനമാണ് സ്വർഗ്ഗാരോപണം.
യേശുവിന്റെ ഇഹലോകവാസകാലമത്രയും, അവനോടൊപ്പം ദീർഘദൂരം യാത്രചെയ്തവളാണ് പരിശുദ്ധ കന്യകാമറിയം. ദൈവഹിതത്തിനു മുൻപിൽ മുട്ടുകൾ മടക്കി, ശിരസു നമിച്ചതു മുതൽ സന്തോഷത്തിലും, ദുഖത്തിലും, സമ്പത്തിലും, ദാരിദ്യത്തിലും, ആരോഗ്യത്തിലും, അനാരോഗ്യത്തിലും, ക്ഷേമത്തിലും, തളർച്ചയിലും യേശുവിനോടൊപ്പം എവിടെയും കാണപ്പെട്ടിരുന്ന സാന്നിധ്യമായിരുന്നു പരിശുദ്ധ അമ്മയുടേത്. ഈ തീർത്ഥാടനമാണ്, യേശുവിന്റെ ഉത്ഥാനശേഷം, ശിഷ്യന്മാരുടെ ഭയം അകറ്റുവാൻ മാതൃഹൃദയത്തോടെ അവരോടൊപ്പം ആയിരിക്കുവാൻ പരിശുദ്ധ അമ്മയെ പ്രേരിപ്പിച്ചത്.
ഈശോയുടെ കൂടെ നടന്നു കൊണ്ട് അപരന്റെ കുറവുകളെ കണ്ടു മനസ്സിലാക്കുകയും ആ കുറവുകൾ നിറവുകൾ ആക്കാൻ തന്റെ മകനോട് മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മയെ കാനായിലെ വിരുന്നിന്റെ വേളയിൽ വിശുദ്ധ ഗ്രന്ഥം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഇപ്രകാരം ജീവിതത്തിൽ വീഞ്ഞിന്റെ; നന്മയുടെ, ആരോഗ്യത്തിന്റെ, ക്ഷേമത്തിന്റെ കുറവുകൾ അനുഭവിക്കുന്ന നിരവധിയാളുകൾ ഇന്നും ഉള്ളതിനാലാകും, പരിശുദ്ധ അമ്മയെ ദൈവസന്നിധിയിൽ ചേർക്കുവാൻ സ്വർഗാരോപണമെന്ന വരം നൽകി ദൈവം അനുഗ്രഹിച്ചത്.
നമ്മുടെ ജീവിതത്തിലും നമ്മുടെ കുറവുകളിൽ നമുക്കായി മധ്യസ്ഥം വഹിക്കാൻ ഒരു അമ്മ സ്വർഗത്തിൽ ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് സ്വർഗ്ഗാരോപണം. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണം നമ്മെ ഓർമിപ്പിക്കുന്നത് ഈ ഭൂമിയിലെ സഹനങ്ങൾക്കും, സുഖദുഃഖങ്ങൾക്കുമപ്പുറം സ്വർഗ്ഗത്തിൽ പരിശുദ്ധ ത്രീത്വത്തോടും, വിശുദ്ധ ഗണങ്ങളോടും, മാലാഖവൃന്ദങ്ങളോടും ചേർന്നുള്ള ഒരു ജീവിതം ഉണ്ടെന്ന ഉറപ്പാണ്.
ഈ പുണ്യദിനത്തിന്റെ ചിന്തകളിൽ, പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തിന്റെ ഏതാനും വരികൾ വിചിന്തനം ചെയ്യുന്നത് നമ്മെ ഏറെ സഹായിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, തന്റെ ജീവിതത്തിൽ അവൾ ശരണം വച്ചിരുന്ന ദൈവീക കരുണയാണ്. ” എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു”. തന്റെ ജീവിതത്തിൽ മാനുഷികമായ ആഗ്രഹങ്ങളും, അഭിലാഷങ്ങളും മാറ്റിവച്ചുകൊണ്ട് ദൈവ പദ്ധതിക്ക് തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയുടെ ഈ വാക്കുകൾ, അഴിവ് കാണാത്ത ആത്മാവിന്റെ അനശ്വരതയെ കുറിച്ചുള്ള ബോധ്യമാണ്.
താൻ ഒന്നുമല്ല എന്നും, കർത്താവിന്റെ മഹത്വമാണ് തന്റെ ജീവിതത്തിന്റെ സർവ്വസവുമെന്ന എളിമയുടെ വാക്കുകളാണ് സ്വർഗത്തിലേക്ക് കരേറ്റപ്പെടുവാൻ പരിശുദ്ധ അമ്മയെ യോഗ്യയാക്കിയത്. ലോകത്തിലും തൻ്റെ വ്യക്തിജീവിതത്തിലും ദൈവം വലിയവനായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. അവൻ്റെ മഹത്വത്താൽ മനുഷ്യസ്വാതന്ത്ര്യത്തിൽ നിന്ന് ത്യാഗം നടത്തുവാനും അവൾ ഭയപ്പെടുന്നില്ല.
ദൈവം വലിയവനെന്ന പോലെ അവനിൽ വിശ്വസിക്കുന്ന നമ്മെയും അവൻ വലിയവരാക്കുമെന്ന വിശ്വാസവും പരിശുദ്ധ ‘അമ്മ പങ്കുവയ്ക്കുന്നു. ദരിദ്രമായ നമ്മുടെ ജീവിതത്തെ അവൻ തന്റെ മഹത്വത്താൽ ഉയർത്തുകയും, വിശാലമാക്കുകയും, സമ്പന്നമാക്കുകയും ചെയ്യുമെന്ന ഉറപ്പുകൂടിയാണ് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമുക്ക് നൽകുന്നത്.
ഒരു പക്ഷെ ആധുനികയുഗത്തിൽ, നിലനിൽക്കുന്ന തെറ്റായ ചിന്തകളെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ഈ തിരുനാൾ നമുക്ക് നൽകുന്നത്. സർവശക്തനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ, നമ്മുടെ ഇല്ലായ്മയെ അവൻ കുറ്റപ്പെടുത്തുകയും, വിധിക്കുകയും ചെയ്യുമെന്ന കാഴ്ചപ്പാടിനെയാണ് പരിശുദ്ധ ‘അമ്മ മാതൃഹൃദയത്തോടെ തിരുത്തുന്നത്.
ഇത് മനുഷ്യജീവിതത്തിൽ നാം നേരിടുന്ന വലിയ പ്രലോഭനമാണെന്ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമുക്ക് കാണിച്ചുതരുന്നു. ദൈവത്തെ നിരാകരിച്ചുകൊണ്ട്, സ്വന്തം ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ ശ്രമിക്കുന്നവർ, തീർച്ചയായും പരാജയപ്പെട്ടുപോകും. ഇതാണ് പരിശുദ്ധ അമ്മയുടെ ഗീതത്തിൽ എടുത്തു പറയുന്ന വസ്തുത: “ശക്തരെ അവൻ സിംഹാസനത്തിൽ നിന്നും മറിച്ചിട്ടു” എന്ന്. അതിനാൽ എളിമയുടെ പുണ്യത്തിനു ദൈവം നൽകിയ സമ്മാനമാണ് സ്വർഗ്ഗാരോപണം. ദൈവത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ് നമ്മുടെ മഹത്വം കുടികൊള്ളുന്നുവെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തിൽനിന്നും അകന്നുപോകാതിരിക്കുവാൻ നാം ശ്രദ്ധിക്കണമെന്നും ഈ തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ ലോകത്ത് അമൂല്യവും പ്രിയപ്പെട്ടതുമായ എല്ലാം അപ്രത്യക്ഷമാകുന്ന അവസ്ഥയിൽ ആത്മാവിൻ്റെ രക്ഷയെ വാഗ്ദാനം ചെയ്യുക മാത്രമല്ല, അവ നേടിത്തരുവാൻ തന്റെ ജീവൻ പോലും അവൻ ത്യാഗം ചെയ്യുകയും, അവന്റെ മാതാവിലൂടെ നമ്മുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. വിലയേറിയതും പ്രിയപ്പെട്ടതുമായ ഒന്നും നശിപ്പിക്കപ്പെടുകയില്ല അതുകൊണ്ടാണ് കർത്താവ് ഇപ്രകാരം പറഞ്ഞത്: “നിങ്ങളുടെ തലയിലെ രോമങ്ങൾ പോലും എണ്ണപ്പെട്ടിരിക്കുന്നു” (മത്തായി 10.30). നമ്മുടെ ജീവിതം ആകാശത്തിൻ്റെ ആഴവും ഉയരവും സവിശേഷതകളും ഉള്ളിൽ വഹിക്കുന്നുണ്ടെന്നും, ആ മഹത്വത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുമെന്നും, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമുക്ക് ഉറപ്പു നൽകുന്നു.
മറിയത്തിന്‍റെ ഈ സ്വര്‍ഗ്ഗാരോപണം ഈ ഭൂമിയില്‍ സഹനവും കഷ്ടപാടുകളും ഏറ്റെടുത്തുകൊണ്ട്, മരണാനന്തര ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ മനുഷ്യമക്കള്‍ക്ക് പ്രത്യാശ പകരുന്നു. ഈ ലോകത്തിലെ ജീവിതം നശ്വരമാണ് എന്നും, നമ്മള്‍ അദ്ധ്വാനിക്കേണ്ടതും ജീവിക്കേണ്ടതും നശ്വരമായ ഈ ലോകത്തിനപ്പുുറമുള്ള, അനശ്വരമായ നിത്യ ജീവിതത്തിനുവേണ്ടിയാണെന്ന് സ്വര്‍ഗാരോപിതയായ മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
യോഹ 6:27-ല്‍ ഈശോ പറയുന്നു; ”നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍.” ഈ ഭൂമിയിലെ ജീവിതത്തിന്‍റെ നിസ്സാരതയ്ക്കും, കഷ്ടപ്പാടിനും സഹനത്തിനും ഉപരിയായി വരാനിരിക്കുന്ന നന്മ മനസ്സിലാക്കി ജീവിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഈ ഭൂമിയിലെ അനുദിന പ്രവര്‍ത്തനങ്ങളിൽ നമ്മുടെ പങ്കു നൽകിയെങ്കിൽ മാത്രമേ മരണാനന്തരം സ്വര്‍ഗ്ഗരാജ്യ പ്രവേശനം നമുക്ക് സാധ്യമാകൂ എന്നും ത്രീലോക രാജ്ഞിയായി മുടി ചൂടി, സ്വര്‍ഗാരോപിതയായ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പരിശുദ്ധ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണോ, അതോ മരിച്ചതിനുശേഷമാണോ ആത്മീയശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപണം ചെയ്തത് എന്ന ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് അപ്പുറം മരണത്തെ തോല്‍പ്പിച്ച് സാത്താനെ പരാജയപ്പെടുത്തിയവളാണ് പരി. അമ്മ എന്നും ആ അമ്മയോട് മരണനേരത്ത് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, കൂടുതൽ വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി പ്രാര്‍ത്ഥിക്കണമെന്നും ഈ വലിയ തിരുനാൾ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
Leave a Comment
Your email address will not be published. Required fields are marked with *