Follow Us On

10

January

2025

Friday

സീറോമലബാര്‍സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

സീറോമലബാര്‍സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

പാലാ: സീറോമലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാര്‍സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് 25ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സമാപിക്കുന്ന അസംബ്ലിയുടെ പ്രധാനവേദി അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസ്സുമാണ്. 80 വയസില്‍ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാള്‍മാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സമര്‍പ്പിത സഹോദരിമാരും 7 ബ്രദേഴ്‌സുമടക്കം പ്രാതിനിധ്യസ്വഭാവത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്ന 348 അംഗങ്ങള്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അസംബ്ലിയ്ക്ക് ആതിഥ്യമരുളുന്ന പാലായില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ.ഡോ ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസ് തറപ്പേല്‍, റവ. ഫാ. ജെയിംസ് പനച്ചിക്കല്‍ കരോട്ട്, റവ. ഫാ. തോമസ് മണ്ണൂര്‍, റവ. ഫാ. മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ രൂപത നേരിട്ട് നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ്. ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖയുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ കാക്കനാട് കൂരിയായില്‍ നിന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പൊതുവില്‍ നേതൃത്വം നല്‍കുന്നു.

പ്രോഗ്രാം, രജിസ്‌ട്രേഷന്‍, റിസപ്ഷന്‍, അക്കോമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഫുഡ്, ലിറ്റര്‍ജി, കള്‍ച്ചറല്‍ പ്രോഗ്രാം, മീഡിയ, സ്‌റ്റേജ്, ഡോക്കുമെന്റെഷന്‍ ആന്റ് ഡ്രാഫ്റ്റിംഗ് എന്നിങ്ങനെയാണ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം നടത്തുന്നത്. അസംബ്ലിയുടെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാന, മറ്റ് പ്രാര്‍ത്ഥനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കലാപരിപാടികളുടെ അവതരണത്തിനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.

അസംബ്ലിക്കെത്തുന്നവരുടെ വാഹന പാര്‍ക്കിംഗിന് സെന്റ് തോമസ് കോളജ് മൈതാനം ഒരുക്കിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെന്ന നിലയില്‍ പ്രാര്‍ത്ഥനകളടക്കം വിവിധ ഭാഷകളില്‍ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ ഇതിനോടകം പലതവണ യോഗം ചേര്‍ന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യദിനമായ ആഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അസംബ്ലി അംഗങ്ങള്‍ എത്തിച്ചേരും. ആരാധന, ജപമാല എന്നിവയോടെയാണ് കാര്യപരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ആഘോഷമായ റംശാ, അസംബ്ലി ആന്തം.
അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്കലും മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ടിംഗ് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പിതാവും ഗ്രൂപ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അസംബ്ലി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവും നല്‍കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആമുഖപ്രഭാഷണം നടത്തും.

രണ്ടാംദിനമായ ആഗസ്റ്റ് 23ന് രാവിലെ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഒന്‍പത് മണിക്ക് ഉദ്ഘാടന സമ്മേളനം. മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്‌തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.

സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തില്‍ ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഡോ. പി.സി അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും.
സീറോമലബാര്‍സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള ആദരവ് സമര്‍പ്പിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസകളര്‍പ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പ്രസംഗം നടത്തും. സുവിശേഷപ്രഘോഷണത്തില്‍ അത്മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തില്‍ പ്രഫ.കെ.എം ഫ്രാന്‍സിസ്, റവ.ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധാവതരണം നടത്തും.

മൂന്നാംദിനമായ ആഗസ്റ്റ് 24ന് സീറോമലബാര്‍ സമൂഹത്തിന്റെ ശക്തീകരണം എന്നവിഷയത്തില്‍ സിസ്റ്റര്‍ അഡ്വ. ജോസിയ എസ്.ഡി, ഫാ. ടോം ഓലിക്കരോട്ട്, ഡോ. എഫ്. മേരി റെജീന, ഡോ. ചാക്കോ കാള്ളാംപറമ്പില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും. 6.30ന് അസംബ്ലിയുടെ അന്തിമപ്രസ്താവന പുറപ്പെടുവിക്കും.

സമാപനദിവസമായ 25ന് രാവിലെ ഒന്‍പതിന് സമാപന സമ്മേളനം. സീറോമലങ്കരസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. 10.50ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍സഭ തലവന്‍ മാര്‍ത്തോമ്മാ മാത്യൂസ് ത്രിദീയന്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹപ്രഭാഷണം നടത്തും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?