Follow Us On

23

December

2024

Monday

വൈക്കോല്‍പ്പന്തലില്‍ ദിവ്യകാരുണ്യം ഒളിപ്പിച്ച വൈദികന്‍

വൈക്കോല്‍പ്പന്തലില്‍ ദിവ്യകാരുണ്യം ഒളിപ്പിച്ച വൈദികന്‍

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS

കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയാകുന്ന വാഴ്ത്തപ്പെട്ട മാര്‍ട്ടിന്‍ മാര്‍ട്ടിനെസ് പാസ്‌കുവാല്‍ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്താലിക്കാ വൈദികനായതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസന്‍. 1936  ആഗസ്റ്റു മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിനു രണ്ടു നിമിഷങ്ങള്‍ക്കു മുമ്പ്  ഒരു കത്തോലിക്കാ വൈദീകന്റെ മുഖത്തു  വിരിഞ്ഞ പുഞ്ചിരിയാണിത് . നിത്യതയുടെ മുന്നാസ്വാദനം കണ്ട പുഞ്ചിരി. മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മനുഷ്യന്‍ സ്വര്‍ഗ്ഗം കണ്ട് പുഞ്ചിരിക്കുന്നു. ഈ ചെറുപുഞ്ചിരി മാഞ്ഞിട്ട് ഇന്നു 88 വര്‍ഷം പൂര്‍ത്തിയാകുന്നു.

മാര്‍ട്ടിനെ വധിക്കുന്നതിനു  തൊട്ടുമുമ്പ് ഹാന്‍സ് ഗൂട്ടമാന്‍ (Hans Guttman) എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പകര്‍ത്തിയത്. നിത്യതയുടെ മുന്നാസ്വാദനം  കണ്ട മാര്‍ട്ടിന്റെ കണ്ണുകളുടെ തെളിച്ചവും, വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിര്‍വൃതിയും ഗൂട്ടമാന്‍ ഈ ചിത്രത്തില്‍ ഒപ്പിയെടുത്തിരിക്കുന്നു.
ഒരു സ്പാനിഷ് മരപ്പണിക്കാരന്റെ മകനായി, 1910 നവംബര്‍ 11 ന് ജനിച്ച മാര്‍ട്ടിന്‍ ഭക്തിയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്.
Colegio San José de Murcia സെമിനാരിയില്‍ ലത്തീന്‍ അധ്യാപകനാകുന്നതിനു മുമ്പ് സ്‌പെയിനിലെ ജോലി ചെയ്യുന്ന വൈദികര്‍ (worker priest movement)  എന്ന വൈദിക സംഘത്തില്‍ സജീവ അംഗമായിരുന്നു.

സ്‌പെയിനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ കലാപകാരികള്‍ കത്തോലിക്കാ സഭക്കെതിരെ  തിരിഞ്ഞു .ഒരു ദിവസം ദൈവാലയം ആക്രമിച്ചപ്പോള്‍  മാര്‍ട്ടിന്‍ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന വി.കുര്‍ബാനയുമായി, ധ്യാനപ്പുരകളിലും, ഗുഹകളിലും വൈക്കോല്‍പ്പന്തലിലും കലാപകാരികളുടെ കണ്ണില്‍ പെടാതെ കുറേ ദിവസങ്ങള്‍  ഒളിവില്‍ താമസിച്ചു. പിന്നീട് മാര്‍ട്ടിന്‍ പടയാളികളുടെ തടവിലായി,അവിടെയും തന്റെ പുരോഹിത കടമകള്‍ തുടര്‍ന്നു.സഹതടവുകാരുടെ കുമ്പസാരം കേള്‍ക്കുകയും, തന്റെ കൈവശമുണ്ടായിരുന്ന വി.കുര്‍ബാന നല്‍കി അവര്‍ക്ക് ധൈര്യം പകരുകയും ചെയ്തു
1936 ആഗസ്റ്റ് 18ന് മാര്‍ട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു ‘ തോക്കിന്‍ കുഴല്‍ ഭയപ്പെട്ടന്നുവോ?’ ഇല്ല എന്നായിരുന്നു മറുപടി . തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാര്‍ട്ടിന്‍ പ്രാര്‍ത്ഥിച്ചു ‘ ഞാന്‍ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം നല്‍കുന്നു, നിങ്ങള്‍ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ ‘.

മാര്‍ട്ടിന്‍ പിന്നീട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ‘VIVA CRISTO REY!’ ( Long live Christ the King) ക്രിസ്തുരാജന്‍ ജയിക്കട്ടെ .
സ്‌പെയിനില്‍ 1936 മുതല്‍ 1939 ( 17 ജൂലൈ 1936  1 ഏപ്രില്‍ 1939) വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ 6832 വൈദീകരും സന്യസ്തരും ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി , ഇതില്‍ 13 മെത്രാന്‍മാരും  4172 രൂപതാ വൈദീകരും സെമിനാരി വിദ്യാര്‍ത്ഥികളും 2364 സന്യാസ വൈദീകരും സഹോദരങ്ങളും 283 സന്യാസിനികളും ഉള്‍പ്പെടുന്നു. ഇവരില്‍ ആയിരത്തൊളം പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയിര്‍ത്തിയിട്ടുണ്ട്.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1995 ഒക്ടോബര്‍ 1 ന് മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?