Follow Us On

06

January

2025

Monday

അവാര്‍ഡ് കൊടുത്ത് തെറ്റിനെ ‘ശരി’യെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം?

അവാര്‍ഡ് കൊടുത്ത് തെറ്റിനെ ‘ശരി’യെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം?

‘കാതല്‍ ദ കോര്‍’ എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാര്‍ഡ് നല്കുന്നതില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായി പ്രതികരിച്ചു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചാല്‍  ‘കാതലിന്റെ’ പ്രമേയം സ്വീകാര്യമാകുമോ?
കമ്മീഷന്‍ എടുത്തു ചോദിക്കുന്നു.

റിലീസ് ചെയ്‌യപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ചലച്ചിത്രമാണ് ‘കാതല്‍ ദ കോര്‍’. സംവിധായകനായ ജിയോ ബേബി ഈ ചലച്ചിത്രംകൊണ്ട് താന്‍ ലക്ഷ്യമാക്കിയത് LGBTQIA + കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുകയും അവര്‍ക്ക് സാമാന്യ സമൂഹത്തിന്റെ പിന്തുണ സമ്പാദിക്കുകയുമായിരുന്നു എന്ന് ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയെയും മറ്റും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത് പോലും ജനങ്ങളെ പരമാവധി തിയറ്ററില്‍ എത്തിക്കാനും,  സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കാനും വേണ്ടി തന്നെയാണെന്നും സംവിധായകന്‍ തുറന്നു പറഞ്ഞിരുന്നു.

അതിനാല്‍ത്തന്നെ, ‘കാതല്‍ ദ കോര്‍’ എന്ന ചലച്ചിത്രം ഒരു പ്രൊപ്പഗാന്ത സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആ സിനിമയ്ക്ക് ഏറ്റവും ഉയര്‍ന്ന അംഗീകാരം നല്‍കിയിരിക്കുന്നതിനെ കാണേണ്ടത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോള്‍ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല.

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പ്രത്യേക ‘സമാശ്വാസ’ അവാര്‍ഡ് ബ്ലെസി സംവിധാനം ചെയ്ത് പ്രിത്വി രാജ് പ്രധാന വേഷത്തിലെത്തിയ ‘ആടുജീവിത’ത്തിന് കൊടുത്തപ്പോള്‍ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് ‘കാതല്‍ ദ കോര്‍’ എന്ന സിനിമയ്ക്കാണ്. ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡിനുള്ള മാനദണ്ഡം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍, രണ്ട് പേരിലുള്ള അവാര്‍ഡുകള്‍ രണ്ടു സിനിമകള്‍ക്ക് ഇത്തരത്തില്‍ കൊടുക്കുമ്പോള്‍ അതിലൊന്നിന് അവാര്‍ഡ് കമ്മിറ്റി നിര്‍ബന്ധിതമായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ധാര്‍മ്മിക മൂല്യംകൂടി പരിഗണിച്ചാല്‍ മികച്ച സിനിമയായി പരിഗണിക്കാന്‍ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങള്‍ ഉണ്ടായിരിക്കെ, സ്വവര്‍ഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്, ജാഗ്രതാ കമ്മീഷന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?