Follow Us On

06

January

2025

Monday

സഭാനിയമങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാര്‍ സഭാഅസംബ്ലി

സഭാനിയമങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാര്‍  സഭാഅസംബ്ലി

കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ച് നടത്തപ്പെടുന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചര്‍ച്ചകളും പ്രസ്താവനകളും ചില വ്യക്തികള്‍ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്.

2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റില്‍ സഭാഅസംബ്ലി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച് വര്‍ദ്ധിച്ചു. അസംബ്ലി കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അതിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2022 ഓഗസ്റ്റ് 16 മുതല്‍ 25 വരെ നടന്ന സിനഡുസമ്മേളനം ചര്‍ച്ച ചെയ്തു. പ്രതിനിധികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കാന്‍ തീരുമാനിക്കുകയും പ്രത്യേക നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ കാനോനിക്കല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളും ഭേദഗതികളും പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ 2023 ഓഗസ്റ്റ് സിനഡ് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ചുമതലപ്പെടുത്തി. 2024 ഫെബ്രുവരി 6ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതിചെയ്യപ്പെട്ട പ്രത്യേകനിയമത്തിനു അംഗീകാരം നല്‍കുകയും അതോടെ പ്രസ്തുത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു.

2023 ജനുവരി 14ന് അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങളടങ്ങിയ മാര്‍ഗരേഖ (lineamenta) പ്രസിദ്ധീകരിച്ചു. എല്ലാ രൂപതകളിലേക്കും സമര്‍പ്പിത സമൂഹങ്ങളിലേക്കും സെമിനാരികളിലേക്കും മാര്‍ഗരേഖ അയച്ചുകൊടുക്കുകയും ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രൂപതാ അസംബ്ലിയിലോ അസംബ്ലി നടത്തുവാന്‍ സാധിക്കാത്ത രൂപതകളില്‍ സമാനമായ മറ്റു സമിതികളിലോ ചര്‍ച്ച ചെയ്ത് അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. രൂപതകളിലും സമര്‍പ്പിത സമൂഹങ്ങളിലും സെമിനാരികളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി ക്രോഡീകരിച്ച റിപ്പോര്‍ട്ട് 2024 മാര്‍ച്ച് 31ന് അകം സഭാ ആസ്ഥാനത്തു ലഭിച്ചു.

ദക്ഷിണേന്ത്യന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉജ്ജയിന്‍ പാസ്റ്ററല്‍ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്‌തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികള്‍ ഓണ്‍ലൈനിലും സമ്മേളിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. കൂടാതെ, യുവാക്കളുടെയും വിശ്വാസപരിശീലകരുടെയും പ്രതിനിധികളുമായും അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പഠനരേഖ’ ചര്‍ച്ച ചെയ്തിരുന്നു. ഇപ്രകാരം ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ‘പ്രവര്‍ത്തനരേഖ’ (Instrumentum Laboris) യും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ രൂപതകളില്‍നിന്നും നല്കപ്പെട്ടിരിക്കുന്ന വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികള്‍ ‘പ്രവര്‍ത്തനരേഖ’ പഠിച്ച് അസംബ്ലിയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സീറോമലബാര്‍സഭ ഒന്നാകെ ഏറെ പ്രാര്‍ത്ഥനയോടെ നോക്കിക്കാണുന്ന മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?