Follow Us On

21

November

2024

Thursday

ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം

ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം

ഇടുക്കി: 2,10,677 ഏക്കര്‍ ഏലമലകള്‍ വനമാണെന്ന വനം വകുപ്പ് നിലപാടില്‍ ആശങ്കയറിയിച്ച്  ഇടുക്കി രൂപത. വനംവകുപ്പിന്റെ മൂന്നാര്‍ കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ 2,10, 677 ഏക്കര്‍ ഏലമലകള്‍ വനത്തിന്റെ പട്ടികയില്‍ ആണെന്നാണ് വനമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചത്. വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയും സിഎച്ച്ആര്‍ റിസര്‍വ് വനമായാണ് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്ക് മുഴുവന്‍ സിഎച്ച്ആര്‍ റിസര്‍വ് വനം ആണെന്നാണ് വനം വകുപ്പിന്റെ രേഖകളില്‍ ഉള്ളത്. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പട്ടയം നല്‍കിയതോ പട്ടയ നടപടികള്‍ തുടരുന്നതോ ആയ കൃഷിഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

2008ലാണ് പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെടെ 28588.159 ഹെക്ടര്‍ ഭൂമിക്ക് 1993 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടപ്രകാരം പട്ടയം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഒട്ടേറെ കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു. ചില കര്‍ഷകരുടെ അപേക്ഷകളില്‍ പട്ടയ നടപടികള്‍ തുടരുകയുമാണ്. 1993 ലെ ചട്ടപ്രകാരവും മറ്റു ഭൂപതിപ്  ചട്ടങ്ങള്‍ പ്രകാരവും ഉടുമ്പന്‍ചോല താലൂക്കില്‍ പട്ടയം അനുവദിച്ച കൃഷിഭൂമി എല്ലാം വനം വകുപ്പിന്റെ കണക്കില്‍ റിസര്‍വ് വനത്തിന്റെ പട്ടികയില്‍ ഉള്ള ഭൂമിയാണ് എന്നാണ്  വാദം. വിവിധ ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ ഭൂമി പോലും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ല എന്നതാണ് സത്യം.

ഇതുകൂടാതെ 1951 ഏപ്രില്‍ 25ന് 86400 ഹെക്ടര്‍ സിഎച്ച്ആര്‍ ഭൂമി വനേതരാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ നിലവിലെ വനം വകുപ്പിന്റെ കണക്കനുസരിച്ച് ഈ ഭൂമിയെല്ലാം സിഎച്ച്ആര്‍ റിസര്‍വ് വനമാണ്.ഇടുക്കി ജില്ലയിലെ ഇഎസ്എ വില്ലേജുകളുടെ പുതുക്കിയ പട്ടികയില്‍ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഉള്‍പ്പെടുന്നു എന്നാണ് മനസിലാക്കുന്നത്. ഇത് ഹൈറേഞ്ചിലെ മനുഷ്യവാസത്തെ പ്രതികൂലമായി ബാധിക്കും. നിര്‍മാണങ്ങളെല്ലാം സമ്പൂര്‍ണമായി നിശ്ചലമാകുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. 1963 മുതല്‍ ആളുകള്‍ കൃഷി ചെയ്ത് ഉപയോഗിക്കുന്നതും പട്ടയം ഉള്ളതുമായ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്യാണത്തണ്ട് മേഖലയിലുള്ള 45 കുടുംബങ്ങളുടെ സ്ഥലം പുല്ലുമേടായി കണ്ട് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതും പ്രതിഷേധാര്‍ഹമാണ്. നാള്‍ക്കുനാള്‍ ഇടുക്കി ജില്ലയിലെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ആളുകള്‍ക്ക് ജീവിതം ദുസഹമാക്കുന്ന ഭരണകൂട നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിവാന്‍ ഇടുക്കി രൂപത മീഡിയ കമ്മീഷന് വേണ്ടി ഫാ.ജിന്‍സ് കാരയ്ക്കാട്ട് പുറത്തിറക്കിയ കുറിപ്പില്‍ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?