Follow Us On

08

January

2025

Wednesday

അമ്മ എന്നോട് പോകണ്ടെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം

അമ്മ എന്നോട്  പോകണ്ടെന്ന് പറഞ്ഞതിന്റെ  അര്‍ത്ഥം

ജയ്‌മോന്‍ കുമരകം

വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനുമപ്പുറമുള്ള ദുരന്തങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എങ്കിലും ദൈവപരിപാലനയുടെ കരം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ജീവന്‍ തിരിച്ച് ലഭിച്ചതെന്ന് പറയുമ്പോള്‍ വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശി ഡാരല്‍ ഡൊമിനിക്കിന്റെ മിഴികള്‍ നിറയുന്നു.
പതിറ്റാണ്ടുകളായി എന്റെ പപ്പയും മമ്മിയും ഈ മണ്ണിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് ഇവിടെ ഒട്ടേറെ കൃഷികള്‍ ഉണ്ടായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍മൂലം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി കുടുംബമായി ഞാന്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടക്കെല്ലാം നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 27-ന് മാതാപിതാക്കളെ കാണാനുള്ള ആഗ്രഹത്തോടെയാണ് നാട്ടിലെത്തിയത്. ചേട്ടന്റെ രണ്ട് മക്കളും യുകെയില്‍നിന്നും എന്നോടൊപ്പം വന്നിരുന്നു. ഞങ്ങളുടെ ലക്ഷ്യം മഞ്ഞക്കുന്നിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കുക എന്നതായിരുന്നു.

അല്‍ഫോന്‍സാമ്മയുടെ തിരുനാളിലും മെഴുകുതിരി പ്രദക്ഷിണത്തിലുമൊക്കെ എല്ലാവരും ഹൃദയപൂര്‍വം പങ്കെടുത്തു. അന്നുരാത്രി തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് മമ്മിയുടെ സങ്കടം കലര്‍ന്ന വാക്കുകള്‍. ‘മക്കളൊക്കെ വന്നിട്ട് പെട്ടെന്ന് മടങ്ങുവാണോ, രണ്ടുദിവസംകൂടി ഇവിടെ കഴിഞ്ഞിട്ട് പോയാല്‍ പോരേ’. മറുത്തൊന്നും പറയാന്‍ തോന്നിയില്ല. തിങ്കളാഴ്ച വൈകുന്നേരം പോകാമെന്നാണ് കരുതിയത്. പക്ഷേ തിങ്കളാഴ്ച പതിവില്ലാത്ത തരത്തിലുള്ള മഴ. എങ്കില്‍ പിന്നെ ചൊവ്വാഴ്ച രാത്രിയാകാമെന്ന് തീരുമാനിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കും ഏറെ സന്തോഷമായി.
രണ്ടു മൂന്നു ദിവസം ലീവെടുത്തതിനാല്‍ ഓഫീസ് സംബന്ധമായ വര്‍ക്കുകളെല്ലാം രാത്രിയിലിരുന്ന് ലാപ്ടോപ്പിലാണ് ചെയ്തത്. പുറത്ത് പേമാരി തിമിര്‍ത്ത് പെയ്യുന്നു. കറണ്ട് പകലേ തന്നെ പോയിരുന്നു. അതിനാല്‍ ഇന്‍വേട്ടറിന്റെ വെളിച്ചത്തിലാണ് വര്‍ക്ക് ചെയ്തത്. രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ടാവും. പെട്ടെന്ന് അന്തരീക്ഷത്തില്‍ അസഹനീയമായ ദുര്‍ഗന്ധം. എന്താണ് കാര്യമെന്നറിയാന്‍ വരാന്തയിലേക്കിറങ്ങി.

തുള്ളിക്ക് ഒരുകുടം പോലെ പെയ്യുന്ന മഴ എന്നെ വല്ലാതെ പേടിപെടുത്തി. പ്രകൃതി പോലും ഭയന്നു നില്‍ക്കുന്നതുപോലെ. വീടിന് മുന്നില്‍ പി.ഡബ്ലു.ഡി റോഡാണ്. അവിടെത്തന്നെ പാലവുമുണ്ട്. അവശ്യസാധനങ്ങളെല്ലാം കിട്ടുന്ന രണ്ടു കടകള്‍, ഒരു കോഴി വില്‍പ്പനക്കട, ചെറിയൊരു വായനശാല ഉള്‍പ്പെടെയുള്ള ചെറിയൊരു അങ്ങാടിയാണ് വീടിനുമുന്നിലുളള്. വീട്ടില്‍നിന്നും നോക്കിയാല്‍ കാണാം മാതാവിന്റെ ഗ്രോട്ടോ.
പിന്നെയുള്ളത് ഒരു പഞ്ചായത്ത് റോഡാണ്. ഈ റോഡിനോട് ചേര്‍ന്ന് ഒരു ചെറിയ കൈത്തോടുണ്ട്. അതിശക്തമായി പെയ്ത മഴയില്‍ തോട്ടിലെ വെള്ളംപൊങ്ങി കലങ്ങിയൊഴുകുന്നു. ഉരുള്‍പൊട്ടിയതിനാല്‍ മൂന്നു വീടിനപ്പുറമുള്ള ഇടവഴിയിലൂടെ പാറക്കൂട്ടങ്ങളും ചെളിയും റോഡിലേക്ക് ഇറങ്ങിവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ആ വെള്ളം വീടിന് മുന്നിലുള്ള കടയിലേക്കും ഒഴുകിയിറങ്ങിയിട്ടുണ്ട്. വെളളം കയറിയതിനാല്‍ ചിക്കന്‍ സ്റ്റാളിലെ കോഴികള്‍ മുങ്ങിത്തുടങ്ങാറായി. ഞാന്‍ പെട്ടെന്ന് അങ്ങാടിയിലുള്ള കടകളുടെ ഉടമകളെയെല്ലാം ഫോണ്‍ വിളിച്ചു. അവരെല്ലാം ഉടന്‍ ഓടിയെത്തി.

ഇനിയൊരു ഉരുള്‍പൊട്ടാനുള്ള സാധ്യത ഇല്ലെന്നാണ് വന്നവരെല്ലാം പറഞ്ഞത്. പക്ഷേ കരിങ്കല്‍ ക്വാറിയിലെന്നവണ്ണം പാറക്കൂട്ടങ്ങള്‍ പൊട്ടുന്ന വിഹ്വലമായ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ വല്ലാത്തൊരു ശബ്ദത്തോടെ കരയുന്നു, വീട്ടിലുളള നായ്ക്കുഞ്ഞുങ്ങളും എന്തോ കണ്ട് പേടിച്ചു കരയുന്നുണ്ട്.
വീടിന്റെ മുകളിലേക്കുള്ള വഴിയില്‍ 30 ഓളം വീട്ടുകാരാണ് താമസിക്കുന്നത്. എല്ലാവരെയും അപ്പോള്‍ തന്നെ വിളിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചു. വാട്‌സാപ്പ് ഗ്രൂപ്പിലും സന്ദേശങ്ങളയച്ചു. അപ്പോഴാണ് വീടിന് തൊട്ടടുത്തുള്ള പറമ്പില്‍നിന്ന നാലു തേക്ക് മരങ്ങള്‍ വെട്ടിയിട്ടാലെന്നവണ്ണം മറിയുന്നത് ഇരുണ്ട വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടത്. ഒരു മിന്നല്‍പോലെ വീട്ടിലേക്ക് തിരിച്ച് ഓടി. കുഞ്ഞുങ്ങളെ കോരി എടുത്ത് മാതാപിതാക്കളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഉടനെ ഇവിടെ നിന്നും രക്ഷപെടണമെന്ന് പറഞ്ഞിട്ടും മാതാപിതാക്കള്‍ക്ക് അത്ര പെട്ടെന്ന് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കാരണം ഈ മണ്ണില്‍ വര്‍ഷങ്ങളായി അവര്‍ കഴിയുകയാണ്. സ്വന്തം വാസസ്ഥാനത്ത് ഒരു ദുരന്തത്തിനുളള സാധ്യത തീരെയില്ലെന്നായിരുന്നു അവരുടെ വാക്കുകള്‍. പക്ഷേ പെട്ടെന്നുതന്നെ അവരെയും കൂട്ടി സുരക്ഷിതമെന്ന് തോന്നിയ ഒരിടത്തേക്ക് മാറി. എവിടെ നിന്നൊക്കെയോ അലമുറ ഇടുന്ന ശബ്ദം കേള്‍ക്കാം.

റോഡില്‍ ഞങ്ങള്‍ നിന്ന സ്ഥലത്തിനടുത്താണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായി മാഷും നിന്നത്. അദ്ദേഹവും മറ്റൊരു അധ്യാപകനായ ഷിന്‍സും സജീവമായി രംഗത്തുണ്ടായിരുന്നു. ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയതാണിവര്‍. എന്നാല്‍ പെട്ടെന്ന് പൊട്ടിയൊഴുകി വന്ന ഉരുള്‍ റോഡില്‍ വെള്ളവും ചെളിയും നിറച്ചു. മാത്യുമാഷ് മാതാവിന്റെ ഗ്രോട്ടോയോട് ചേര്‍ന്നുള്ള കടയിലേക്ക് പെട്ടെന്ന് ഓടിക്കയറാന്‍ നോക്കി. എന്നാല്‍ റോഡില്‍ അടിഞ്ഞ ചെളി മാഷിന്റെ കാലുകളെ മുട്ടോളം താഴ്ത്തിയിരുന്നു. ചെളിയില്‍നിന്നും അദ്ദേഹത്തെ വലിച്ച് കയറ്റണമെങ്കില്‍ കയര്‍ വേണം. അതെടുക്കാനുളള നെട്ടോട്ടത്തിലായി എല്ലാവരും. എന്നാല്‍ കയറുമായി തിരികെ എത്തുന്ന സമയത്താണ് അതിശക്തമായ മൂന്നാമത്തെ ഉരുള്‍ പൊട്ടുന്നത്. ഭയാനകമായിരുന്നു അതിന്റെ ശബ്ദം. ഹുങ്കാരവം മുഴക്കി ലാവപോലെ ഒഴുകിവന്ന ഉരുളില്‍ മത്തായി മാഷിന്റെ മൊബൈല്‍ വെളിച്ചം ലയിച്ചില്ലാതാകുന്നത് നടുക്കത്തോടെയാണ് എല്ലാവരും കണ്ടത്. ഒന്നുതൊടാന്‍പോലും പറ്റാതെ കണ്‍മുന്നില്‍ ആ ജീവിതം ഉരുകിയൊഴുകിപ്പോയി.

വൈകുന്നേരം മുതലേ കറണ്ടു പോയിരുന്നെങ്കിലും മൂന്നാമത്തെ ഉരുള്‍പൊട്ടലുണ്ടാകുന്നതുവരെ ഇന്‍വേര്‍ട്ടറിലെ വെളിച്ചം വീടിനൊപ്പം ഗ്രോട്ടോയിലും തെളിഞ്ഞു നിന്നിരുന്നു. ഞങ്ങള്‍ നിന്ന സ്ഥലത്തു നിന്നാല്‍ ഗ്രോട്ടോയിലെ പ്രകാശം കാണാം. മഴയില്‍ വീടിന് മുന്നിലെ ലൈറ്റും മങ്ങി കാണാം. എന്നാല്‍ പെട്ടെന്നാണ് മാതാവിന്റെ ഗ്രോട്ടോയിലെ ലൈറ്റു കെട്ടുപോയത്.
‘അമ്മേ’എല്ലാവരും ഒന്നിച്ചാണ് വിളിച്ചത്. ഗ്രോട്ടോയിലെ വിളക്കണഞ്ഞു എന്നതിന്റെ അര്‍ത്ഥം ഗ്രോട്ടോ ഒഴുകിപ്പോയി എന്നാണ്. ഞാന്‍ വീടിരുന്ന ഭാഗത്തേക്ക് നോക്കി കട്ടപിടിച്ച ഇരുട്ടും പുതുതായി രൂപപ്പെട്ട കരിമ്പാറക്കൂട്ടവുമായിരുന്നു അപ്പോഴവിടെ. വീടൊഴുകിപ്പോയി എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പപ്പക്ക് വളരെ സമയം വേണ്ടിവന്നു. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് മഴവെള്ളത്തിന്റെ നനവിനൊപ്പം ഞാന്‍ അറിഞ്ഞു. ജീവിതം മുഴുവന്‍ സമ്പാദിച്ചത് കണ്ണടച്ച് തുറക്കുന്നത്ര വേഗത്തില്‍ അപ്രത്യക്ഷമായി എന്ന് പറഞ്ഞാല്‍ ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?

തൊട്ടു മുമ്പൊരു നിമിഷം ഞാന്‍ എന്റെ വണ്ടിയെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ആ ഒറ്റസെക്കന്റില്‍ അവിടെനിന്നും പിന്‍വാങ്ങുകയായിരുന്നു. അല്ലെങ്കില്‍ വീട്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്കൊപ്പം എന്റെ ജീവനും മണ്ണില്‍ പുതഞ്ഞുപോകുമായിരുന്നു. രണ്ടുകാറും ഒരു ജീപ്പും രണ്ടു ബൈക്കുകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞു തകര്‍ന്ന നിലയില്‍ ഒരുകാറും പപ്പയുടെ ജീപ്പും കിട്ടി. എന്നാല്‍ മറ്റു വാഹനങ്ങളും വീട്ടിലെ വിലപിടിച്ചതെല്ലാം വീടിനൊപ്പം നഷ്ടമായി.
തുടര്‍ച്ചയായി ഉണ്ടായ ഉരുള്‍ പൊട്ടല്‍ക്കൊണ്ട് റോഡിലുണ്ടായ വിടവ് മൂലം 80 ഓളം ആളുകളാണ് കുടുങ്ങിപ്പോയത്. മഞ്ഞക്കുന്ന് പള്ളിക്ക് സമീപമുള്ള വീട്ടുകാര്‍ക്ക് ഇങ്ങോട്ട് വരാനോ ഞങ്ങള്‍ക്ക് അവിടേക്ക് പോകാനോ പറ്റാത്ത അവസ്ഥ. നേരം പുലരുവോളം എല്ലാവരും അവിടെത്തന്നെ പ്രാര്‍ഥനകള്‍ ഉരുവിട്ട് കഴിച്ചു കൂട്ടി. ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. എങ്കിലും അവരെല്ലാം ആശ്വസിച്ചത് ജീവന്‍ നഷ്ടപ്പെട്ടില്ലല്ലോ എന്നോര്‍ത്തായിരുന്നു.

ദുരന്തത്തിലും ദൈവപരിപാലനയായി എനിക്ക് തോന്നുന്നത് മമ്മി എന്നെ ബംഗളൂരുവിലേക്ക് പോകാന്‍ തടസപ്പെടുത്തി എന്നതാണ്. ഒരുപക്ഷേ ഞാനന്ന് പോയിരുന്നെങ്കില്‍ വീട്ടിലുള്ളവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങുമായിരുന്നില്ല. ആ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. വിലപിടിച്ചതെല്ലാം പോയാലും ദൈവമേ ഞങ്ങളെ അവിടുന്ന് കാത്തുപാലിച്ചല്ലോ അതിന് നൂറുനന്ദി.
ഏതായാലും ദൈവം തിരിച്ച് തന്ന ഈ രണ്ടാം ജന്മം ഇനി ദൈവഹിത പ്രകാരം ജീവിക്കണമെന്ന് മാത്രമാണ് ആഗ്രഹം. ചില അരുതുകള്‍ ദൈവം പറയുമ്പോള്‍ നാം അതനുസരിക്കണം. അത് ദൈവം നന്മയ്ക്കായി മാറ്റുന്നത് പിന്നീട് നമുക്ക് അനുഭവിച്ചറിയാനാകും. ഡാരല്‍ പറഞ്ഞവസാനിപ്പിക്കുമ്പോഴും മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?