പെരുവണ്ണാമൂഴി: പരിശുദ്ധാത്മാവ് ഉപയോഗിച്ച അതുല്യമായ മാധ്യമമാണ് സണ്‍ഡേ ശാലോം എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സണ്‍ഡേ ശാലോമിന്റെ 25-ാം വാര്‍ഷികം പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്‍ഡേ ശാലോം ഉയര്‍ത്തിപ്പിടിക്കുന്നത് സുവിശേഷമൂല്യങ്ങളെയാണ്. ഈ കാലഘട്ടത്തില്‍ എങ്ങനെ സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കുമോ അപ്രകാരം സുവിശേഷം പ്രസംഗിക്കാന്‍ സഹായിക്കുകയാണ് ഈ ഞായറാഴ്ച പത്രം.
സണ്‍ഡേ ശാലോമിന്റെ ജൈത്രയാത്രയില്‍ കൂടെയുള്ളത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. വിശ്വാസത്തെ ആഴപ്പെടുത്താന്‍, ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമ്മെ വിളിക്കുകയാണ് സണ്‍ഡേ ശാലോമിന്റെ 25 വര്‍ഷത്തെ യാത്രയെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ സണ്‍ഡേ ശാലോമിനെ പിന്തുടര്‍ന്നിട്ടുള്ള ഏതൊരു വ്യക്തിക്കും കരുത്തു നല്‍കുമെന്ന് നിസംശയം പറയാന്‍ കഴിയും. സണ്‍ഡേ ശാലോം പീഠത്തില്‍ തെളിച്ചുവച്ച ദീപമാണ്.
ഓരോ വിശ്വാസിയും മാമോദീസായിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുകാരനാകുകയാണ്. വൈദികര്‍ കൂദാശകളിലൂടെ ദൈവത്തെ മറ്റുള്ളവര്‍ക്ക് നല്‍കുന്നെങ്കില്‍ ഓരോ അല്മായനും മാമോദീസായിലൂടെ ലഭിച്ച പൗരോഹിത്യത്തെ അവര്‍ക്ക് ലഭിച്ചിട്ടുള്ള ശുശ്രൂഷകളിലൂടെ പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്താന്‍ കടപ്പെട്ടവരാണെന്ന് രണ്ടാം വത്തിക്കാ ന്‍ കൗണ്‍സിലിന്റെ അല്മായര്‍ എന്ന ഡോക്കുമെന്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സണ്‍ഡേ ശാലോം അന്വര്‍ത്ഥമാകുകയാണെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
കോഴിക്കോട് രൂപതാ വികാരി ജനറാള്‍ ഫാ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ചങ്കൂറ്റത്തിന്റെ, ധീരതയുടെ, ദൈവകൃപയുടെ 25 വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ദൈവജനത്തെ കര്‍ത്താവായ യേശുവിലേക്ക് ആകര്‍ഷിക്കുകയാണ് സണ്‍ഡേ ശാലോം ചെയ്യുന്നതെന്ന് ഫാ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കൂട്ടിച്ചേര്‍ത്തു. സണ്‍ഡേ ശാലോം ചീഫ് എഡിറ്റര്‍ ഷെവ. ബെന്നി പുന്നത്തറ അധ്യക്ഷത വഹിച്ചു.
ശാലോം ഛഠഠ-യുടെ ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. സണ്‍ഡേ ശാലോം അസോസിയേറ്റ് എഡിറ്ററും ശാലോം ടിവി ചെയര്‍മാനുമായ ഫാ. ജോസഫ് വയലില്‍ സിഎംഐ, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, പ്രശസ്ത സിനിമാ സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ ശാലോം മാനേജിംഗ് എഡിറ്റര്‍ പ്രഫ. കെ.ജെ മാത്യു സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് മൈക്കിള്‍ നന്ദിയും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *