Follow Us On

09

December

2024

Monday

ക്രൈസ്തവര്‍ പിന്തള്ളപ്പെടാതിരിക്കാന്‍

ക്രൈസ്തവര്‍  പിന്തള്ളപ്പെടാതിരിക്കാന്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്)

രാജ്യത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്തവരാണ് ക്രൈസ്തവ സമൂഹം. ഈ നാടിന്റെ വികസന പ്രക്രിയയില്‍ അവര്‍ നല്‍കിയിട്ടുള്ള പിന്തുണ അതുല്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യവികസനം കയ്യെത്തുംദൂരത്തെത്തി നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്, കത്തോലിക്കാ സഭയുടെ സംഭാവനകളാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രൈസ്തവ സമൂഹം സാമൂഹ്യ പരമായും രാഷ്ട്രീയപരമായും അരക്ഷിതാവസ്ഥയിലാണെന്ന കാര്യം പറയാതെ വയ്യ.

ഇന്ത്യയില്‍ രണ്ടു ശതമാനത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ന്യൂനപക്ഷമായിരുന്നിട്ടു കൂടി രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ അനിഷേധ്യമായ സാന്നിധ്യവും നേതൃത്വവും എല്ലാക്കാലത്തും ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരുന്നു. പള്ളിക്കൊപ്പം സ്ഥാപിച്ച പള്ളിക്കൂടങ്ങളിലൂടെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ ജാതിമതഭേദമേന്യ സാക്ഷരരാക്കിയെന്നതു എടുത്തു പറയേണ്ട യാഥാര്‍ത്ഥ്യമാണ്. ആരോഗ്യ പരിപാലനരംഗത്തും ബാങ്കിംഗ് മേഖലയിലും കേരളം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിട്ടു നില്‍ക്കുന്നതിലും ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ ഒട്ടും ചെറുതല്ല. എന്നാല്‍ അടുത്ത കാലത്തായി, മുഖ്യാധാരാ മണ്ഡലങ്ങളില്‍ തീര്‍ത്തും അവഗണിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവര്‍ മാറിയിരിക്കുന്നു.

ഉദ്യോഗസ്ഥതലം
സിവില്‍ സര്‍വ്വീസ് രംഗത്തും ഉദ്യോഗസ്ഥ തലത്തിലും മതിയായ പരിശീലനങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും അപര്യാപ്തത മൂലം ക്രൈസ്തവ യുവജനങ്ങള്‍ പുറന്തള്ളപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍, മുഖ്യധാരാ സംവിധാനങ്ങളില്‍ സഭാംഗങ്ങളുടെ പ്രാതിനിധ്യം ഇനിയും കുറയും.
ഏറെ കൊട്ടിഘോഷിച്ച് നാം ആരംഭിച്ച പല പരിശീലന കേന്ദ്രങ്ങളും സാമ്പത്തിക പരാധീനതകള്‍കൊണ്ടോ, ആസൂത്രണത്തിലെ പാളിച്ചകള്‍കൊണ്ടോ മാന്ദ്യത്തിന്റെ പാതയിലാണെന്നത് കാണാതെ പോകരുത്. അക്കാദമികളില്‍ മികച്ച പരിശീലകരും ആസൂത്രകരും അക്കാദമിക മികവുള്ള വിദ്യാര്‍ത്ഥികളുമുണ്ടെങ്കില്‍ വിജയവും സുനിശ്ചിതമാണ്.

രാഷ്ട്രീയരംഗം
രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ ക്രൈസ്തവ പ്രാതിനിധ്യം പുനര്‍വിചിന്തിനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃത്വത്തിന്റെ കണക്കെടുത്താല്‍ ക്രൈസ്തവ പ്രതിബദ്ധതയുള്ള എത്ര പേരെ കാണാന്‍ സാധിക്കും? ഇടവകകളിലും രൂപതകളിലും എത്ര അല്മായ നേതാക്കള്‍ക്ക് നമ്മുടെ സംഘടനാ സംവിധാനങ്ങളുടെ മതില്‍ക്കെട്ടിനപ്പുറത്തേക്ക് സ്വാധീനമുണ്ട്? പൊതുരംഗത്തുള്ള ക്രിസ്ത്യന്‍ നാമധാരികളായ നേതാക്കള്‍ക്ക് സഭയോട് കൂറില്ലെന്നത് നമ്മുടെ പരാതിയാണ്. സ്വയമൊന്നു വിചിന്തനം ചെയ്താല്‍, അവരാരും നാം വളര്‍ത്തിയവരല്ല; സാഹചര്യങ്ങളോടും പ്രതിസന്ധികളോടും മല്ലടിച്ചും പൊരുതിയും വന്നവരാണെന്ന് ബോധ്യപ്പെടും. പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയ അവര്‍ക്ക്, സ്വാഭാവികമായും നമ്മെ ആവശ്യമില്ല.
ഈ സാഹചര്യം മനസിലാക്കി, യുവത്വത്തിലേ തന്നെ നേതൃത്വഗുണമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കാനും ക്രൈസ്തവബോധ്യങ്ങള്‍ നല്‍കാനും നാം കൂടുതല്‍ സജ്ജരാകേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പോഷക സംഘടനകളും സമൂഹത്തില്‍ നിലനില്‍ക്കുന്നത് പങ്കാളിത്ത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. ഒറ്റത്തിരിഞ്ഞും ഒറ്റയ്ക്കും വളരുകയെന്ന ശൈലിയില്‍നിന്നും പങ്കാളിത്തത്തോടെ വളരാനുള്ള സാഹചര്യമൊരുക്കുക എന്നതും ഇന്നിന്റെ അനിവാര്യതയാണ്.

സാമൂഹ്യ പ്രതിബദ്ധത
ഇന്നു നമ്മുടെ സംഘടനകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി കാരിസത്തെകുറിച്ചുള്ള അവബോധക്കുറവ് തന്നെയാണ്. നൈയാമികമായ മാര്‍ഗരേഖയും കാരിസവും എല്ലാ സംഘടനകള്‍ക്കുമുണ്ട്. ആത്മീയ-വിശ്വാസ പ്രഘോഷണത്തോടൊപ്പംതന്നെ സാമൂഹ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരം, ഭൂരിഭാഗം സംഘടനയുടെയും കാരിസം ഉറപ്പുനല്‍കുകയും ചെയ്യുന്നു.
ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തില്‍ താല്‍പ്പര്യമുള്ള ഭാരവാഹികളുടെ ഇംഗിത പ്രകാരം ഏറ്റെടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നിലച്ചുപോകുന്നതും നാമെത്ര കണ്ടിരിക്കുന്നു. രക്തദാനം, നേത്രദാനം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു കാലത്തു സജീവമായിരുന്ന പല സംഘടനകളും ഇടക്കാലത്ത് കാലയവനികക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. നമ്മുടെ നേതാക്കള്‍ക്ക് പൊതുജനസമക്ഷം നിലനില്‍ക്കണമെങ്കില്‍ സാമൂഹ്യമുഖം കൂടി ആവശ്യമുണ്ട്. അത്തരത്തില്‍ സാമൂഹ്യമുഖമുള്ളവരെ ഉള്‍ച്ചേര്‍ക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ മുഖം നല്‍കാനും നാം പ്രതിജ്ഞാബദ്ധരാണ്.

അടിയന്തിര വിഷയങ്ങള്‍
രാജ്യത്തെ ന്യൂനപക്ഷം എന്ന നിലയില്‍, വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രാതിനിധ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതും സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സാധ്യമായ സാധ്യതകള്‍ ഉപയോഗിക്കേണ്ടതുമാണ്. സാമൂഹികപരമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമായ പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടതും കൂടുതല്‍ കരുതലുകള്‍ ആവശ്യമെങ്കില്‍ ഉപയോഗപെടുത്തേണ്ടതും നമ്മുടെ ദൗത്യമാണ്. മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് ചേര്‍ന്നു താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, സാമ്പത്തിക സംവരണ ക്രമത്തില്‍ പെടുന്നവര്‍ എന്നീ മേഖലകളിലുള്ളവരെ പ്രത്യേകം പരിഗണിക്കുകയും അവര്‍ക്കാവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം.

സഭയും സ്ഥാപനങ്ങളും
സമുദായ അംഗങ്ങള്‍ക്ക് സമുദായത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും പ്രവേശനവുമായി ബന്ധപ്പെട്ട് ന്യായമായ പ്രാതിനിധ്യം ലഭ്യമാക്കാനും അങ്ങിനെ സാമൂഹ്യപരമായും സാമ്പത്തികമായും അവരെ വളര്‍ത്താനും സാധിക്കണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഇടവകാതലത്തില്‍ കണ്ടെത്താനും അവര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങളെ സംബന്ധിച്ച അവബോധം നല്‍കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി റിസര്‍വേഷനില്‍ കൈകടത്താനുള്ള ഒരവസരവും അനുവദിച്ചുകൂടെന്നു മാത്രമല്ല; സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം സീറ്റുകളിലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് പ്രവേശനമുറപ്പാക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയും വേണം. മതേതരത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങളെ സാമുദായിക വളര്‍ച്ചയ്ക്കുള്ള ഉല്‍പ്രേരകങ്ങളായിക്കൂടെ വളര്‍ത്താന്‍ കഴിയണം. അതിനാല്‍ മാനേജ്‌മെന്റ് കോട്ടയില്‍ മറ്റു മാനദണ്ഡങ്ങള്‍ക്കപ്പുറം, നമ്മുടെ കുട്ടികള്‍ കൂടുതല്‍ പ്രവേശനം നേടുന്നുണ്ടെന്ന് അതാതു മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം. ക്രൈസ്തവ മൂല്യങ്ങളുടെ പരിശീലനക്കളരികളായി സ്ഥാപനങ്ങള്‍ മാറണം. ന്യൂനപക്ഷ അവകാശങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഭരണഘടനാ പരിരക്ഷയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം.

നേതൃത്വം ഉണരണം
മാറിയ കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതികളിലും കാലികമായ മാറ്റം അനിവാര്യമാണ്. പുതിയ തലമുറയുടെ വിഭവശേഷി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ സാധിക്കണം. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം ചെയ്ത അതേ ആര്‍ജ്ജവം, പൊതുവില്‍ അന്തര്‍മുഖരായ പുതിയ തലമുറയിലെ ആണ്‍കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ കാണിക്കണം. കൂട്ടായ ശ്രമങ്ങളാണ് വിജയകരങ്ങളായ പലപര്യവസാനങ്ങള്‍ക്കും ആധാരം. അതുകൊണ്ടുതന്നെ വൈദിക നേതൃത്വവും അല്മായ നേതൃത്വവും ഉള്‍പ്പെടുന്ന സമുദായ നേതൃത്വം, വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തന സജ്ജരാകണം. സമസ്ത മേഖലകളിലേയും സ്വാധീനക്കുറവെന്ന ക്രൈസ്തവ സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ ഊര്‍ജ്ജസ്വലതയോടെ കൈകാര്യം ചെയ്യുകയും പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?