സണ്ണി കുറ്റിക്കാട്ട് സിഎംഐ
രണ്ടാം ലോകമഹായുദ്ധകാലത്ത് ലോസാഞ്ചലസിലെ ഒരു ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങ് സലാഡും കാബേജ് പൊടിമാസും ഉണ്ടാക്കുന്നതായിരുന്നു മേരി കാലെന്‍ഡറുടെ ജോലി. ഉച്ചഭക്ഷണത്തിനെത്തുന്നവര്‍ക്കുവേണ്ടി ഇറച്ചിയടയുണ്ടാക്കുവാന്‍ റെസ്റ്റോറന്റിന്റെ ഉടമ അവരോട് ആവശ്യപ്പെട്ടു. മേരിക്കത് ഒരു പുതിയ തൊഴിലവസരമായിരുന്നു.
നൂറു പൗണ്ടിലധികം തൂക്കംവരുന്ന ധാന്യമാവിന്റെ സഞ്ചികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി തന്റെ വീട്ടില്‍വച്ച് ഇറച്ചിയട വേവിക്കുകയായിരുന്നു ആദ്യമൊക്കെ അവര്‍ ചെയ്തിരുന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുശേഷം അവരും ഭര്‍ത്താവുമായി ചേര്‍ന്ന് തങ്ങളുടെ കാറു വിറ്റുകിട്ടിയ തുകയ്ക്ക് ചെറിയൊരു കെട്ടിടവും ഒരു ഓവനും ഫ്രിഡ്ജും വാങ്ങി. അവിടെവച്ച് മേരി വേവിച്ചുണ്ടാക്കിയ ഇറച്ചിയട അവരുടെ ഭര്‍ത്താവ് സമീപപ്രദേശങ്ങളിലെ റെസ്റ്റോറന്റുകള്‍ക്ക് വിതരണം ചെയ്തു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ പ്രതിദിനം ഉണ്ടാക്കുന്ന ഇറച്ചിയടകളുടെ എണ്ണം ഇരുന്നൂറിലധികമായി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ആയിരങ്ങളായി വര്‍ധിച്ചു.
ഇതിനിടയില്‍ ഇവര്‍ സ്വന്തമായി ആദ്യത്തെ ഷോപ്പു തുറന്നു. ആദ്യവര്‍ഷങ്ങളില്‍ ചെറിയ ലാഭമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഭര്‍ത്താവിന്റെയും പിന്നീട് മകന്റെയും സഹായത്തിന്റെ പിന്‍ബലത്തില്‍ പതിനാല് സംസ്ഥാനങ്ങളിലേക്ക് അവരുടെ റെസ്റ്റോറന്റുകള്‍ വ്യാപിച്ചു. മേരി കാലെന്‍ഡറുടെ ഇറച്ചിയട പെട്ടെന്ന് പേരെടുത്തു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ നൂറ്റിപതിനഞ്ച് റെസ്റ്റോറന്റുകളുടെ ചെയിന്‍ തൊണ്ണൂറു മില്യന്‍ ഡോളറിന് മറ്റൊരു വ്യവസായഗ്രൂപ്പിന് വിറ്റു. ഒരു ഉരലും ഒരു സഞ്ചിമാവും മാത്രം ആയുധമായിട്ടുണ്ടായിരുന്ന ആ യുവമാതാവിന്റെ അത്ഭുതാവഹമായ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തി സ്ഥിരോത്സാഹവും ദൃഢനിശ്ചയവുമായിരുന്നു.
തയ്‌ച്ചെടുത്ത
ജീവിത വിജയം
സ്‌പെയിന്‍, അന്‍പതുകളുടെ തുടക്കം. രാജ്യം ആഭ്യന്തര കലാപത്തിന്റെ തീച്ചൂളയില്‍പെട്ട് നട്ടംതിരിയുന്ന സമയമായിരുന്നു. സ്‌പെയിനിലെ ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളില്‍ ഒന്നായ ഗലീസിയയിലാണ് റൊസാലിയ ജനിച്ചത്. മാതാപിതാക്കളുടെ കുറഞ്ഞ വരുമാനവും പണം കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മയുംമൂലം റൊസാലിയയുടെ ബാല്യകാലം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നും പട്ടിണി.
പതിനൊന്നു വയസായപ്പോള്‍ റൊസാലിയ പഠനം നിര്‍ത്തി. തയ്യല്‍ പഠിച്ചിരുന്നതുകൊണ്ട് അയല്‍പക്കത്തുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ തുണി തയ്ച്ചുകൊടുക്കാന്‍ കൂടി. ആദ്യമൊക്കെ അവര്‍ അളവൊപ്പിച്ച് വെട്ടിയിടുന്ന തുണി തയ്ക്കുന്ന ജോലിയായിരുന്നു റൊസാലിയയ്ക്ക്. എന്നാല്‍ ഒന്നുരണ്ടുവട്ടം അവള്‍ തന്റെ ഭാവനയ്‌ക്കൊത്ത് തനിയെ തുണി വെട്ടി തയ്ച്ചുകൊടുത്തു. വാങ്ങാന്‍ വന്നവര്‍ക്ക് അത് ഏറെ ഇഷ്ടപ്പെട്ടു. കാരണം കൃത്യമായ പാകം. ഒപ്പം പുതിയ ഡിസൈനും.
മകളുടെ സാമര്‍ത്ഥ്യം കണ്ടറിഞ്ഞ് അമ്മ അവള്‍ക്ക് തയ്യല്‍മെഷീന്‍ വാങ്ങിക്കൊടുത്തു. പിന്നെ റൊസാലിയയുടെ ഭാവനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യമായി.
പരിസരത്തുള്ള പല വീടുകളിലെയും തയ്യല്‍ജോലികള്‍ അവള്‍ ഏറ്റെടുത്തു. പക്ഷേ, അതുകൊണ്ട് കാര്യമായ സാമ്പത്തിക നേട്ടമൊന്നും അവള്‍ക്കുണ്ടായില്ല. അതുകൊണ്ട് ലാമജാ എന്ന തുണിക്കടയില്‍ തയ്യല്‍ക്കാരിയായി അവള്‍ ചേര്‍ന്നു. അവള്‍ക്കന്ന് പത്തൊന്‍പത് വയസായിരുന്നു പ്രായം.
ഇതിനിടയില്‍ കടയിലെ മെസഞ്ചര്‍ ബോയിയായിരുന്ന ഒരു യുവാവിനെ സുഹൃത്തായി ലഭിച്ചു. അയാളുടെ പേര് അമെന്‍ഷ്യോ ഒര്‍ട്ടോഗ എന്നായിരുന്നു. റൊസാലിയയ്ക്ക് തയ്യലിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ ഒര്‍ട്ടേഗ സ്വന്തമായി ഒരു തയ്യല്‍ക്കട എന്ന ആശയം റൊസാലിയയോടു പറഞ്ഞു. അവള്‍ക്കും അതിഷ്ടപ്പെട്ടു. അങ്ങനെ ഇരുവരുടെയും പങ്കാളിത്തത്തോടെ ഒരു ചെറിയ തുണിക്കട അവര്‍ തുടങ്ങി, ഇന്‍ഡിടെക്‌സ് എന്ന് കടയ്ക്ക് പേരും കൊടുത്തു. വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടി. അങ്ങനെ കൂടുതല്‍ ജോലിക്കാരെവച്ച് അവര്‍ തങ്ങളുടെ തയ്യല്‍ക്കട വിപുലീകരിച്ചു.
ക്രമേണ സ്‌പെയിനിലെ പല ടെക്‌സ്റ്റൈല്‍സുകളിലും ഫാഷന്‍ സ്റ്റോറൂമുകളിലും സ്ത്രീകളുടെ വസ്ത്രങ്ങള്‍ അവര്‍ സപ്ലൈ ചെയ്തു. താമസിയാതെ ഇരുവരും വിവാഹിതരായി. മറ്റുള്ള കടകള്‍ക്ക് വസ്ത്രം തയ്ച്ചു നല്‍കുന്നിനുപകരം സ്വന്തമായി ഒരു വസ്ത്രഷോറൂം എന്ന ആശയം അവര്‍ക്കുണ്ടായി.
റൊസാലിയ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ഗലീസിയയിലെ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതെങ്കിലും അന്ന് സ്‌പെയിന്‍ ഭരിച്ചിരുന്ന ഏകാധിപതിയായ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ അടിച്ചേല്‍പിച്ചിരുന്ന കര്‍ശന നിയമങ്ങള്‍ മൂലം അവ ധരിക്കാന്‍ സ്ത്രീകള്‍ തയാറായില്ല. അതോടെ ഇന്‍ഡിടെക്‌സ് പൂട്ടുമെന്ന അവസ്ഥയായി.
ഈ സാഹചര്യത്തിലാണ് ഭാഗ്യം 1975-ല്‍ ഫ്രാങ്കോയുടെ മരണത്തിന്റെ രൂപത്തില്‍ അവരുടെ മുന്നിലെത്തിയത്. ഏകാധിപത്യഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ ഫാഷന്‍ സങ്കല്പങ്ങള്‍ മാറ്റിമറിച്ചു. അവര്‍ റൊസാലിയയുടെ വസ്ത്രഡിസൈനുകളുടെ പിന്നാലെ പോയി. ആ അവസരം റൊസാലിയയും ഒര്‍ട്ടോഗയും മുതലാക്കി. അങ്ങനെ അവര്‍ സ്വന്തമായി സാറാ എന്ന പേരില്‍ ഒരു റീട്ടെയില്‍ ഷോറൂം തുറന്നു. മുപ്പതുവര്‍ഷങ്ങള്‍കൊണ്ട് സാറാ ലോകതത്തിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്ല്‍ ഷോറൂം ശൃംഖലയായി വളര്‍ന്നത് റൊസാലിയയുടെ ബിസിനസ് സാമര്‍ത്ഥ്യത്തിന് തെളിവാണ്. 2013-ല്‍ മരിക്കുമ്പോള്‍ 69-കാരിയായ റൊസാലിയയ്ക്ക് ഏകദേശം മുപ്പത്തി ആറായിരംകോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. സ്‌പെയിനിലെ ഏറ്റവും മികച്ച സ്വയാര്‍ജ്ജിത ശതകോടീശ്വരി.
ഈ രണ്ടു ജീവിതവിജയങ്ങളും നമ്മുടെ പ്രവര്‍ത്തനമേഖലകളില്‍ ആവേശവും പ്രതീക്ഷയും പ്രചോദനവും നല്‍കുന്നതാണ്. പുതിയ ആശയവുമായി എത്തുന്ന ഒരു വ്യക്തിയുടെ സര്‍ഗശേഷിയും സംഘടനാപാടവവുമാണ് സംരംഭമായി പരിണമിക്കുന്നത്. വലിയ മൂലധനമോ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങളോ ഒന്നുംവേണ്ട, വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയും വേറിട്ട ഭാവനാശേഷിയുമുണ്ടെങ്കില്‍ നിശ്ചയമായും വിജയിച്ചു മുന്നേറാം.
Leave a Comment
Your email address will not be published. Required fields are marked with *