പാലാ: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിന്റെ ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ (സെപ്റ്റംബര്‍ 5) തിരിതെളിയും. രാവിലെ 10.30-ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിക്കും. കോളജ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കും.
1965 ജൂലൈ 19-ന് അരുവിത്തുറ ഫൊറോന വികാരിയായിരുന്ന ഫാ. തോമസ് മണക്കാട്ട്, ഫാ. തോമസ് അരയത്തിനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൂനിയര്‍ കോളജായാണ് തുടക്കം. 1978-ല്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചു. 1994-ല്‍ യുജിസി അഫിലിയേഷന്‍ ലബിച്ച കോളജില്‍ 1995-ല്‍ പിജി കോഴ്‌സുകള്‍ ആരംഭിച്ചു.
1999 നവംബര്‍ 16-ന് കമ്യൂണിറ്റി ടെലികാസ്റ്റിങ്ങ് സെന്ററിന് രൂപം നല്‍കി. സാറ്റലൈറ്റ് ചാനലുകള്‍ക്കൊപ്പം കോളജിന്റെ മലയാളം ചാനലായ എസ്ജിസി ടിവിയും വീടുകളിലേക്കെത്തി. 14 ഫ്രാഞ്ചൈസികളെ യോജിപ്പിച്ച് എസ്ജിസി കേബിള്‍ നെറ്റ് വര്‍ക്ക് ആരംഭിച്ചു. 2000-ത്തില്‍ നാക് അക്രഡിറ്റേഷനില്‍ 4 സ്റ്റാര്‍ പദവി നേടി. 2008-ല്‍ കോട്ടയം ജില്ലയില്‍ ആദ്യമായി എ ഗ്രേഡ് നേടി. 2023-ല്‍ നാക് റി അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് അക്രഡിറ്റേഷന്‍ നേടുന്ന കേരളത്തിലെ ആദ്യ കലാലയമായി. കലാകായിക രംഗങ്ങളിലും കോളജ് മികവറിയിച്ചു.
മീനച്ചിലാറിന്റെ തീരത്ത് 27 ഏക്കറിലാണ് കാമ്പസ്. 17 സയന്‍സ് ലാബുകളും ഒമ്പത് കമ്പ്യൂട്ടര്‍ ലാബുകളും ഏഴ് സെമിനാര്‍ ഹാളുകളും സ്റ്റുഡിയോ ഫ്‌ളോറും ഓഡിയോ ബൂത്തും ഡിജിറ്റല്‍ തിയറ്ററും കോളജിലുണ്ട്. 18 മേജര്‍ യുജി പ്രോഗ്രാമുകളിലും അഞ്ച് പിജി പ്രോഗ്രാമുകളിലും രണ്ട് റിസര്‍ച്ച് പിജി ഡിപ്പാര്‍ട്ടുമെന്റുകളിലുമായി 1,800 വിദ്യാര്‍ത്ഥികളും നൂറില്‍പരം അധ്യാപകരും 50 അനധ്യാപകരുമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *