Follow Us On

22

November

2024

Friday

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ ജൂബിലി നിറവില്‍

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ  ജൂബിലി നിറവില്‍

മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി 23 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയുയര്‍ത്തല്‍, തിരിതെളിക്കാല്‍, വിശുദ്ധ കുര്‍ബാന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

വിശ്വാസത്തില്‍ വേരൂന്നി സേവനങ്ങളില്‍ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായി തീര്‍ന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ ബലി അര്‍പ്പിച്ച് വിവിധ ദിനങ്ങളില്‍ ജൂബിലി സന്തോഷങ്ങളില്‍ പങ്കുചേരും. 182 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ സുവര്‍ണ്ണ ദിനങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 ന് മുണ്ടക്കയം, പെരുവന്താനം ഫൊറോനാകളിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ മുണ്ടക്കയം വ്യാകുല മാതാ ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്ത ദിനങ്ങളില്‍ ബിഷപ്പുമാരായ മാര്‍ മാത്യു അറക്കല്‍, മാര്‍ സിബി പീടികയില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പൊന്തിഫിക്കല്‍ കുര്‍ബാനകള്‍ അര്‍പ്പിക്കും. ഇടവകയില്‍ ശുശ്രൂഷ ചെയ്ത് കടന്നുപോയ മുന്‍ ഇടവക വികാരിമാരും സഹവികാരിമാരും ദൈവവിളി ലഭിച്ചവരും ലോകത്തിന്റെ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നവരുമായ വൈദികരും കൃതജ്ഞതാ പ്രകാശനത്തിന് തിരികെയെത്തുന്നതാണ്.

അടുത്ത വര്‍ഷത്തെ തിരുനാള്‍ സമാപനത്തോടെയാണ് ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുക. 2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 6.30 ന് സുവര്‍ണ ജൂബിലി മഹാസമ്മേളനം നടക്കും. ചടങ്ങില്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ വ്യത്യസ്ത തലങ്ങളില്‍ മാറ്റ് തെളിയിച്ച പ്രതിഭകളെ സുവര്‍ണ ജൂബിലി മഹാസമ്മേളനത്തില്‍ ആദരിക്കും. ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ഇടവക വികാരി ഫാ. ജെയിംസ് മുത്തനാട്ട് അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?