Follow Us On

22

November

2024

Friday

ഇഎസ്എ, മുല്ലപ്പെരിയാര്‍; സെപ്റ്റംബര്‍ 8 ന്ജാഗ്രതാ ദിനവുമായി കത്തോലിക്ക കോണ്‍ഗ്രസ്

ഇഎസ്എ, മുല്ലപ്പെരിയാര്‍; സെപ്റ്റംബര്‍ 8 ന്ജാഗ്രതാ ദിനവുമായി കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: പുതിയ ഇഎസ്എ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും  കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായര്‍ ജാഗ്രതാ ദിനമായി  ആചരിക്കും.
അന്നേ ദിവസം എല്ലാ യൂണിറ്റുകളും ഈ വിഷയങ്ങളില്‍ ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് മീറ്റിംഗുകള്‍, പ്രതിഷേധങ്ങള്‍, നിവേദനം സമര്‍പ്പിക്കലുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്താനും തീരുമാനിച്ചു.
ജൂലൈ 31ന് പുറത്തിറക്കിയ കരട് ഇഎസ്എ വിജ്ഞാപനത്തില്‍ കാര്‍ഷിക മേഖലകളും കൃഷിയിടങ്ങളും ധാരാളമായി ഉള്‍പ്പെട്ടിരിക്കുന്നു. ഇഎസ്എ പ്രഖ്യാപനം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും കൃഷിയിടങ്ങളെ ഒഴിവാക്കാവുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. അതിനു വേണ്ടിയിരുന്നത് വനഭൂമിയുള്ള വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ് എന്നും, റവന്യൂ വില്ലേജ് എന്നും തിരിക്കുകയും അതില്‍ ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ ആകും എന്ന് കേന്ദ്രത്തെ അറിയിക്കുകയുംമായിരുന്നു. എന്നാല്‍ നാളിതുവരെ അപ്രകാരം ഒരു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ നിരവധി  വില്ലേജുകള്‍ പൂര്‍ണമായും ഇഎസ്എ ആകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകള്‍ ഇ എസ് എയില്‍ ഉള്‍പ്പെടുന്നു. ഇതുവഴി ഈ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ആളുകളുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും സുഗമമായ സഞ്ചാരം നിഷേധിക്കുകയും   വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കാതെ വരുകയും ഉപജീവന മാര്‍ഗംം പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.
മുഴുവന്‍ കൃഷിയിടങ്ങളും ജനവാസ മേഖലകളും മറ്റ് ടൗണ്‍ഷിപ്പുകളും ഇഎസ്എ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉയര്‍ത്തിപ്പിടിക്കണം. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഡാം പരിശോധന കുറ്റമറ്റതാക്കുവാനും അനുകൂലമാക്കുവാനും  സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.
ആവശ്യമെങ്കില്‍ അന്തര്‍ദ്ദേശീയ ഡാം എഞ്ചിനീയറിംഗ് വിദഗ്ധരുടെ സഹായത്താല്‍ ഡാമിന്റെ ബലവും പഴക്കവും പരിശോധിക്കുകയും ബദല്‍ സംവിധാനങ്ങള്‍ക്കായി സാങ്കേതിക വിദ്യയും സ്വീകരിക്കുവാനും തയാറാകണം. സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ തുടര്‍ന്ന് നടത്തുകയും, അടുത്ത ഘട്ടത്തില്‍ കേന്ദ്ര-രൂപതാ ഘടകങ്ങള്‍ സമര രംഗത്ത് ഇറങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ ഡോ. കെ.എം ഫ്രാന്‍സിസ്, ബെന്നി ആന്റണി, തോമസ് ആന്റണി, ജോമി കൊച്ചുപറമ്പില്‍, ഡോ. കെ.പി സാജു, തമ്പി എരുമെലിക്കര, ജേക്കബ് നിക്കോളാസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, അഡ്വ. മനു വരാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?