കണ്ണൂര്‍: വൈദികര്‍ നല്ല സമരിയാക്കാരനാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാര്‍ത്ഥിയിലും നല്ല സമരിയാക്കാരന്റെ നന്മകള് ഉള്‍ക്കൊള്ളാന്‍ സഹായകമാകണം. ഉദാത്തമായ ആധ്യാത്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിന്റെ രംഗത്ത് ഏറെ അക്കാദമിക മികവുകള്‍ നേടുമ്പോള്‍തന്നെ നല്ല അയല്ക്കാരന്റെ നന്മ നമ്മള് നിലനിര്‍ത്തണം. വിശുദ്ധിയുടെ വഴിയില്‍ മാറ്റപ്പെട്ട മനുഷ്യരാകാന്‍ കഴിയുമ്പോള്‍ മാതൃകയായ വൈദികരാകാന്‍ കഴിയുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം വിവിധ എന്‍ഡോവ്മെന്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സെമിനാരിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ജേക്കബ് ചാണിക്കുഴി, നസ്രത്ത് സന്യാസിനീ സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ജസീന്ത, ഡീക്കന്‍ മാത്യു തെരുവന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാരി അങ്കണത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലിമരം നട്ടു.
ഫാ. ആന്റണി കുറ്റിക്കാടന്‍, ഫാ. മാത്യു പട്ടമന, ഫാ. എബ്രഹാം നെല്ലിക്കല്‍, ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ഫാ. ജോര്‍ജ് കൂടപ്പുഴ, ഫാ. തോമസ് കല്ലുപുര തുടങ്ങിയവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *