പാലക്കാട്: പാലക്കാട് രൂപത സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണവും സെപ്റ്റംബര്‍ ഏഴിന് സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ നടക്കും. രാവിലെ ഒമ്പതിന് മേജര്‍ ആര്‍ച്ചുബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാര്‍മികനാകും. പന്ത്രണ്ട് ബിഷപ്പുമാരും 2500-ഓളം അല്മായ പ്രതിനിധികളും പങ്കെടുക്കും.
കത്തീഡ്രല്‍ സ്‌ക്വയറില്‍ 11.30-ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, മിസിസാഗ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, വി.കെ. ശ്രീകണ്ഠന്‍ എംപി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, മരിയന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വല്‍സ തെരേസ് സിഎച്ച്എഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി മാത്യു നെടുമ്പുറം എന്നിവര്‍ പ്രസംഗിക്കും.
ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. രൂപതാ ചരിത്രപുസ്തകത്തിന്റെ പ്രകാശനം രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ടും സുവനീര്‍ പ്രകാശനം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും നിര്‍വഹിക്കും. പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതവും വികാരി ജനറല്‍ മോണ്‍. ജിജോ ചാലയ്ക്കല്‍ നന്ദിയും പറയും. ഒരു വര്‍ഷമായി നടന്നുവന്ന സുവര്‍ണ ജൂബിലിയാഘോഷങ്ങളാണ് നാളെ സമാപിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *