Follow Us On

22

January

2025

Wednesday

33-ാം വയസില്‍ രക്തസാക്ഷിയായ ആദിവാസി വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട്‌

33-ാം വയസില്‍  രക്തസാക്ഷിയായ ആദിവാസി വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട്‌

എബ്രഹാം പുത്തന്‍കളം ചങ്ങനാശേരി

ഓഷ്യാന ഭൂഖണ്ഡത്തിലെ ബൃഹത്തായ ദ്വീപു സമൂഹമാണ് പാപ്പുവ ന്യൂ ഗനി. നരഭോജികളായ മനുഷ്യര്‍ അടങ്ങുന്ന ആദിവാസികളുടെ സമൂഹം വസിക്കുന്ന ദേശം. 1845 -ലാണ് ക്രൈസ്തവ മിഷനറിമാര്‍ സുവിശേഷവുമായി ഈ ദേശത്തേക്ക് കടന്നുചെല്ലുന്നത്. വളരെ പ്രാകൃതരും അപകടകാരികളുമായിരുന്ന ഇവരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിക്കുവാന്‍ എത്തിയ അനേകം മിഷനറിമാര്‍ നരഭോജികളുടെ ഇരയായി. മറ്റു ചിലര്‍ മാരകമായ രോഗങ്ങള്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും ക്രിസ്തുസ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന മിഷനറിമാരുടെ ദൗത്യത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല.

2024 സെപ്റ്റംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ ആഗോള കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാപ്പുവ ന്യു ഗനിയിലേക്ക് എത്തുമ്പോള്‍ ഇവിടുത്ത സാഹചര്യങ്ങള്‍ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. കത്തോലിക്കാസഭയുടെ 4 അതിരൂപതകളുടെ കീഴിലായി 19 രൂപതകളാണിവിടെ ഉള്ളത്. ഒരുകോടി ആറ് ലക്ഷം വരുന്ന ജനസംഖ്യയുടെ 27% ആളുകള്‍ കത്തോലിക്കാ സഭയില്‍ പെട്ടവരാണ്. 2011 സെന്‍സസ് പ്രകാരം 98% ജനങ്ങള്‍ ക്രൈസ്തവരാണ്.
വിദേശിയരും സ്വദേശിയരുമായ അനേകം മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സമര്‍പ്പണത്തിലൂടെയാണ് ഈ ദേശം ക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കടന്നുവന്നത്. സാര്‍വത്രികസഭയില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട് എന്ന തദ്ദേശിയനായ രക്തസാക്ഷി അതില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു

1912-ല്‍ പപ്പുവ ന്യൂ ഗനിയിലെ ഈസ്റ്റ് ന്യൂ ബ്രിട്ടന്‍ പ്രൊവിന്‍സില്‍ റകുണൈ ഗ്രാമത്തിലാണ് പീറ്റര്‍ തൊ റോട്ടിന്റെ ജനനം. ഗ്രാമത്തലവനും പ്രദേശത്തെ ആദ്യ കത്തോലിക്കരില്‍ ഉള്‍പ്പെട്ടവരുമായ ആഞ്ചലോ തൊ പുയയും മരിയയും ആയിരുന്നു മാതാപിതാക്കള്‍. പഠനത്തില്‍ മികവ് പ്രകടിപ്പിച്ചിരുന്ന പീറ്റര്‍ ചെറുപ്പം മുതല്‍ പ്രഭാത, സന്ധ്യാ പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധപൂര്‍വം ചൊല്ലിയിരുന്നു. ഭക്തരായ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച മാതൃകയായിരുന്നു പീറ്ററിന്റെ പ്രചോദനം. ദിവസേന വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്ന പീറ്റര്‍ ഗ്രാമത്തലവന്റെ മകനാണെന്ന അഹംഭാവമോ ധാര്‍ഷ്ട്യമോ ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.

വൈദികനാകാന്‍ സമയമായിട്ടില്ല
പീറ്ററിന് 18 വയസുള്ളപ്പോള്‍ വികാരിയായ ഫാ. ലൗഫര്‍ എംഎസ്‌സി, പീറ്റര്‍ പുരോഹിതനാകാനുള്ള സാധ്യതയെക്കുറിച്ച് പിതാവിനോട് സംസാരിച്ചു. തങ്ങളുടെ സമൂഹത്തില്‍ നിന്ന് ഈ തലമുറയില്‍ ഒരാള്‍ വൈദികനാകാന്‍ സമയമായിട്ടില്ലൊണ് താന്‍ കരുതുന്നത് എന്നായിരുന്നു ആഞ്ചലോയുടെ പ്രതികരണം. എങ്കിലും മതബോധന വിദ്യാഭ്യാസത്തിന് വിടാന്‍ പിതാവ് സമ്മതിച്ചു. അങ്ങനെ പീറ്റര്‍ എംഎസ്‌സി സഭയുടെ കാറ്റക്കിസ്റ്റ് സ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. പഠനത്തില്‍ തീക്ഷ്ണമായി മുന്നേറുന്നതിനോടൊപ്പം ദൈവിക കാര്യങ്ങളിലും പീറ്റര്‍ ശ്രദ്ധ ചെലുത്തി. സമയം കിട്ടുമ്പോഴൊക്കെ ദൈവാലയത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥനയ്ക്കായെത്തുമായിരുന്നു. പീറ്ററില്‍ തീക്ഷ്ണമായ ദിവ്യകാരുണ്യഭക്തി പ്രകടമായിരുന്നു. പ്രാര്‍ത്ഥനയോടൊപ്പം ജോലിയിലും സ്‌പോര്‍ട്‌സിലും വിനോദത്തിലും പീറ്റര്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പഠനത്തിന്റെ മൂന്നാം വര്‍ഷം ഇടവകയില്‍ പീറ്ററിന്റെ സേവനം ആവശ്യമുള്ളതിനാല്‍ ലൗഫര്‍ അച്ചന്‍ പീറ്ററിനെ തിരിച്ചുവിളിച്ചു.

മതബോധന ശുശ്രൂഷ
മതബോധന ശുശ്രൂഷകനായി ഇടവക സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ നിയോഗിക്കപ്പെടുമ്പോള്‍ കേവലം 21 വയസ് മാത്രമായിരുന്നു പീറ്ററിന്റെ പ്രായം. ആ ജോലിക്കിടയിലും സമയം ലഭിക്കുമ്പോഴൊക്കെ രോഗികളെയും വൃദ്ധരെയും സന്ദര്‍ശിച്ച് അദ്ദേഹം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. വളരെ സൗമ്യതയും ശാന്തതയും നിറഞ്ഞ പീറ്ററിന്റെ സ്വഭാവത്തില്‍ എല്ലാവരും ആകൃഷ്ടരായി. സഭയും ഈശോയും ആയിരുന്നു എപ്പോഴും സംസാരവിഷയം. 1936 -ല്‍ പീറ്റര്‍, പൗള എന്ന പെണ്‍കുട്ടിയെ ജീവിതപങ്കാളിയായി സ്വീകരിച്ചു. റകുണൈ ദൈവാലയത്തില്‍ വച്ചായിരുന്നു അവരുടെ വിവാഹം. ഒരു മാതൃകാ ഭര്‍ത്താവായിരുന്ന പീറ്റര്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. മൂന്ന് മക്കളെ നല്‍കിയാണ് ഇവരുടെ ദാമ്പത്യജീവിതത്തെ ദൈവം അനുഗ്രഹിച്ചത്

പരീക്ഷണങ്ങളുടെ കാലഘട്ടം
1942-ല്‍ ഈസ്റ്റ് ന്യൂ ബ്രിട്ടനില്‍ നടന്ന ജാപ്പനീസ് അധിനിവേശം പീറ്റര്‍ തൊ റോട്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഈശോയിലുള്ള പീറ്ററിന്റെ വിശ്വാസം മാറ്റുരച്ചു നോക്കപ്പെട്ട അവസരം ആയിരുന്നു അത്. ജപ്പാന്‍ സൈന്യം അവിടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ മിഷനറിമാരെ ജയില്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ആ വിഷമഘട്ടത്തില്‍ ഫാ.ലൗഫര്‍ ഇടവകദൈവാലയത്തിന്റെ ചുമതല പീറ്ററിനെയാണ് ഏല്‍പ്പിച്ചത്. ജനങ്ങള്‍ ദൈവത്തെ മറക്കാതിരിക്കാന്‍ കരുതല്‍ ഉള്ളവന്‍ ആയിരിക്കണം എന്നാണ് അദ്ദേഹം പീറ്ററിനോട് ആവശ്യപ്പെട്ടത്. ദൈവത്തില്‍ ആശ്രയിച്ച് പീറ്റര്‍ ജോലി ഏറ്റെടുത്തു. വൈദികന്റെ അഭാവത്തില്‍ മതബോധനം, രോഗി സന്ദര്‍ശനം, മരണത്തിന് ആളുകളെ ഒരുക്കല്‍ തുടങ്ങിയ ശുശ്രൂഷകളില്‍ പീറ്റര്‍ വ്യാപൃതനായി. കൂടാതെ പ്രാര്‍ത്ഥനയ്ക്കായി എല്ലാ ദിവസവും ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും ഈശോയുടെ പ്രബോധനങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഉറപ്പിക്കുകയും ചെയ്തു. പുതുതായി വിശ്വാസം സ്വീകരിച്ചവരെയും കുഞ്ഞുങ്ങളെയും സ്നാനപ്പെടുത്തുക, മതബോധനം നല്‍കുക, വിവാഹങ്ങള്‍ നടത്തുക, രോഗികളെ സന്ദര്‍ശിക്കുക, തടവിലാക്കപ്പെട്ട മിഷനറിമാര്‍ക്കും യുദ്ധത്തടവുകാര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും പീറ്റര്‍ വിശ്വസ്തതയോടെ നിറവേറ്റി.

സൈന്യം കടുത്ത
നിലപാടിലേക്ക്
1943 അവസാനത്തോടെ ക്രെസ്തവ വിശ്വാസത്തോടുള്ള ജപ്പാന്റെ കടുത്ത നിലപാട് ഏറ്റുമുട്ടലിലേക്ക് വഴിമാറി. ഞായറാഴ്ച ഒത്തുകൂടലും പ്രാര്‍ത്ഥനകളും അവര്‍ വിലക്കി. എന്നാല്‍ ഏത് വിധേനെയും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ തുടരാനായിരുന്നു പീറ്ററിന്റെ തീരുമാനം. 1944 മാര്‍ച്ചില്‍ പീറ്ററിനെ മതപരമായ കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സൈന്യം വിലക്കി. എന്നാല്‍ ദൈവം തന്നെ ഭരമേല്‍പിച്ച കാര്യങ്ങള്‍ നിര്‍ത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. ടാവോഗോയിലെ തന്റെ വസ്തുവില്‍ ഒരു ഭൂഗര്‍ഭ ആലയം പണിത് അവിടെ പ്രാര്‍ത്ഥനയ്ക്കും കൂദാശകള്‍ക്കും ആളുകളെ കൊണ്ടുവരാന്‍ തുടങ്ങി.
താമസിയാതെ ജപ്പാന്‍ സൈന്യം പള്ളികള്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങി. ഇതിനിടെ പീറ്റര്‍ തൊ റോട്ട് മരംകൊണ്ട് ഒരു ചാപ്പല്‍ പണിയുകയും വിശുദ്ധ പാത്രങ്ങള്‍ ഒളിപ്പിച്ചു സൂക്ഷിക്കുകയും ചെയ്തിരുന്നു. വിദൂര ഗ്രാമമായ ഉനപോപ്പെയിലെത്തിയാണ് അദ്ദേഹം ഒരു പുരോഹിതനില്‍ നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്നത്. ബിഷപ്പിന്റെ പ്രത്യേക അനുമതിയോടെ, പീറ്റര്‍ രോഗികള്‍ക്കും മരണാസന്നര്‍ക്കും വിശുദ്ധ കുര്‍ബാന കൊണ്ടുവന്നു കൊടുത്തിരുന്നു.

പീഡനങ്ങളും രക്തസാക്ഷിത്വവും
1945 ല്‍ പീറ്റര്‍ തൊ റോട്ടിനെ സൈന്യം അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തെ തടവിന് വിധിക്കുകയും ചെയ്തു. ജാപ്പനീസ് സംസ്‌കാരത്തിനും നിയമത്തിനും വിരുദ്ധമായി ബഹുഭാര്യത്വം തെറ്റാണെന്ന് പീറ്റര്‍ തൊ റോട്ട് പഠിപ്പിച്ചതാണ് അധികാരികളെ ഏറെ പ്രകോപിപ്പിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ വിട്ടയക്കാത്തതെന്ന് ഗ്രാമത്തലവന്‍ പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍, പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാരുണ്ടാകുന്നതില്‍ നിന്ന് തടയുകയും ആളുകളെ നിഷിദ്ധമായ പ്രാര്‍ത്ഥനയ്ക്ക് വിളിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ മറുപടി.
ജാപ്പനീസ് അധികാരികളുടെ ശത്രുത തന്റെ ജീവന് ഭീഷണിയാണെന്ന് മനസിലാക്കിയതുകൊണ്ടാകണം, തടവറയില്‍ തന്നെ കാണാന്‍ വന്ന ഒരു സുഹൃത്തിനോട് പീറ്റര്‍ ഇങ്ങനെ പറഞ്ഞു, ‘ദൈവത്തിന്റെ ഇഷ്ടമാണെങ്കില്‍, വിശ്വാസത്തിനുവേണ്ടി ഞാന്‍ കൊല്ലപ്പെടും, ഞാന്‍ സഭയുടെ മകനാണ്, അതിനാല്‍ ഞാന്‍ ക്രിസ്തുവിനും സഭയ്ക്കും വേണ്ടി മരിക്കും.’

ജയിലിലും പീറ്റര്‍ തന്റെ പ്രാര്‍ത്ഥനാജീവിതം തുടര്‍ന്നു. മോചനത്തിനുള്ള സമയം അടുത്തപ്പോള്‍, ഒരു ദിവസം തടവറയിലെ മറ്റു തടവുകാരെ മുഴുവനും അവിടെ നിന്നും മാറ്റിയശേഷം രാത്രിയില്‍ ഒരു സൈനിക ഡോക്ടറുടെ സഹായത്തോടെ ജാപ്പനീസ് മിലിട്ടറി പോലീസിലെ രണ്ട് ഉദ്യോഗസ്ഥരായ യോഷിനോരി മച്ചിഡയും ഗുണ്ടോയും ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 33 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. താന്‍ ആര്‍ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ദിവ്യഗുരുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സമയത്തുണ്ടായിരുന്ന അതേ പ്രായം. പിറ്റേദിവസം മറ്റ് തടവുകാര്‍ വന്നപ്പോള്‍ പീറ്റര്‍ രോഗത്താല്‍ മരിച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ അവരോട് പറഞ്ഞത്. എന്നാല്‍ മൃതശരീരം കുളിപ്പിക്കാന്‍ എടുത്തപ്പോള്‍ മര്‍ദ്ദനത്തിന്റെയും കുത്തിവെച്ചതിന്റെയും പാടുകള്‍ വ്യക്തമായിരുന്നു. റകുണൈയിലെ ജനങ്ങള്‍ അദ്ദേഹത്തെ മിഷന്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു. ജാപ്പനീസ് പോലീസിന്റെ സാന്നിധ്യം വകവയ്ക്കാതെ, ദൈവത്തിന്റെ വിനീത ദാസന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വലിയ ജനക്കൂട്ടം പീറ്ററിനെ രക്തസാക്ഷിയായി അപ്പോള്‍ തന്നെ കണക്കാക്കിയിരുന്നു. അവര്‍ പീറ്റര്‍ തൊ റോട്ടിനെ ‘വിശ്വാസത്തിനായുള്ള രക്തസാക്ഷി’എന്ന് അന്നേ വിളിച്ചു തുടങ്ങി.

1995 ജനുവരി 17-ന് പീറ്ററിന്റെ രക്തസാക്ഷിത്വത്തിന്റെ 50 -ാമത് വര്‍ഷത്തില്‍ പാപ്പുവ ന്യൂ ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോഴ്‌സ്ബിയില്‍ വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പീറ്ററിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. റബൌള്‍ അതിരൂപതയില്‍ പെട്ട റകുണൈയിലാണ് പീറ്ററിന്റെ ദൈവലയം നിലകൊള്ളുന്നത്. ആ ദൈവാലയം ഇന്ന് വലിയ തീര്‍ത്ഥടന കേന്ദ്രമാണ്. ജൂലൈ 7 നാണ് വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ടിന്റെ തിരുനാള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?