Follow Us On

15

January

2025

Wednesday

മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം

മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍  പ്രതിഷേധം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന അക്രമാന്തരീക്ഷത്തിനെതിരെ ബിഷപ്പുമാരും വൈദികരും വിശ്വാസികളും പ്രതിഷേധ മാര്‍ച്ച് നടത്തി. ഗുണ്ടാസംഘങ്ങള്‍ നേതൃത്വം നല്‍കുന്ന ‘മരണത്തിന്റെ സംവിധാനം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായാണ്  തക്‌സതലാ ഗുട്ടറസ് അതിരൂപതയിലെയും താപാക്കുലാ, സാന്‍ ക്രിസ്റ്റോബാല്‍ ഡെ ലാസ് കാസാസ് രൂപതകളിലെയും  ബിഷപ്പുമാരും വൈദികരും അല്‍മായരും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ഭരണാധികാരികള്‍ അവഗണിക്കുകയോ നിശബ്ദരാക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്യുന്ന അക്രമത്തിന്റെ ഇരകളെ  ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതെന്ന് ചിയാപാസ് സഭാകേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി.

2023 മുതല്‍ മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. 2018 മുതല്‍ ഇതുവരെ രണ്ടുലക്ഷത്തോളം കൊലപാതകങ്ങളാണ് മെക്‌സിക്കോയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് ഒരോ വര്‍ഷവും ശരാശരി 30,000 ത്തോളം കൊലപാതകങ്ങള്‍. ചിയാപാസ് സംസ്ഥാനത്ത്  3515 കൊലപാതകങ്ങളാണ് ഈ കാലയളവില്‍ നടന്നിരിക്കുന്നത്. ഈ കൊലപാതകങ്ങള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോകലുകളും ആളുകളെ മനുഷ്യപരിചയാക്കിയുള്ള അക്രമങ്ങളും നടക്കുന്നതായും നിരവധിയാളുകളെ മയക്കുമരുന്നു സംഘങ്ങള്‍ അടിമകളായി ഉപയോഗിക്കുകയാണെന്നും സഭയുടെ കുറിപ്പില്‍ പറയുന്നു. ഈ മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും അനുവാമില്ലാത്ത ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നില്ല.

നിഷ്‌കളങ്കരായ മനുഷ്യരുടെ ഈ ദയനീയ അവസ്ഥക്ക് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ചരിത്രം പ്രദേശത്തെ ഭരണാധികാരികള്‍ക്ക് മാപ്പ് കൊടുക്കുകയില്ലെന്ന് കുറിപ്പില്‍ പറയുന്നു. ക്രിമിനല്‍ സംഘങ്ങളുടെ ആയുധങ്ങള്‍ കണ്ടെടുത്ത് അവരെ വിഘടിപ്പിക്കുക, സാമൂഹ്യ സുരക്ഷിതത്വം വീണ്ടെടുക്കുക, ജനങ്ങള്‍ക്ക് സ്ഥലം വാങ്ങുവാനും അവിടെ ജോലി ചെയ്ത് സുരക്ഷിതമായി ഉപജീവനം നടത്തുവാനും ആവശ്യമായ സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സഭ ഭരണകൂടത്തിന്റെ മുമ്പില്‍ ഉയിര്‍ത്തുന്നത്. മരണസംസ്‌കാരത്തിനെതിരായ പോരാട്ടം തുടരുമെന്നും ക്രിസ്തുവിന്റെ പ്രത്യാശ പ്രഘോഷിക്കുന്നത് തുടരുമെന്നും ചിയാപാസിലെ സഭാകേന്ദ്രത്തില്‍ നിന്നുള്ള കുറിപ്പില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?