Follow Us On

08

October

2024

Tuesday

ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള്‍ ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന്‍ കഴിയും.
കേരളത്തില്‍ നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള്‍ പറയാം. പുതുവര്‍ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്‍പൂരം അടക്കമുള്ള പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്‍, ക്ലബുകളുടെ വാര്‍ഷികങ്ങള്‍, ഇടവക-വാര്‍ഡ് ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്‍, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള്‍ തുടങ്ങി വളരെയധികം ആഘോഷങ്ങള്‍ നാം കാണുന്നു; ഇവയില്‍ പലതിലും നാം പങ്കെടുക്കുന്നു. ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നതിന് കുടുംബങ്ങളും സ്ഥാപനങ്ങളും ചിലപ്പോള്‍ ഗവണ്‍മെന്റും നല്ല രീതിയില്‍ പണം ചെലവഴിക്കുന്നുണ്ട്.

ഇത്തരം പല ആഘോഷങ്ങളുടെയും ഭാഗമായി നാം കാണുന്ന ചില പൊതുഘടകങ്ങളുണ്ട്. മൈക്ക് ഉപയോഗം, അലങ്കാരങ്ങള്‍, വെടിക്കെട്ട്, കലാപരിപാടികള്‍, ആഘോഷത്തോട് അനുബന്ധിച്ച് അവിടെ നടക്കുന്ന താല്‍ക്കാലിക കച്ചവടങ്ങള്‍, ചിലയിടങ്ങളില്‍ കാണുന്ന വിനോദസൗകര്യങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആഘോഷിക്കാന്‍ ഒന്നും ഇല്ലെങ്കില്‍ നമ്മള്‍ ആഘോഷിക്കാന്‍ ഒരു കാരണം കണ്ടുപിടിക്കും. ഫഌവര്‍ എക്‌സിബിഷനും വില്‍പനയും നടീല്‍ വസ്തുക്കളുടെയും കാര്‍ഷികവിളകളുടെയും പ്രദര്‍ശനവും വില്‍പനയും വ്യാപാരമേളകള്‍… ഇങ്ങനെ പലതും ഉദാഹരണങ്ങളാണ്. ഇവയോടനുബന്ധിച്ച് റാലിയും വെടിക്കെട്ടും ആനയെ എഴുന്നള്ളിക്കലും ഭക്ഷണസ്റ്റാളുകളും നിരവധിയായ വീട്ടുപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ടിക്കറ്റ് എടുത്ത് കാണാനും പങ്കെടുക്കാനും പറ്റുന്ന നിരവധി വിനോദപരിപാടികളുടെ സ്റ്റാളുകളും എല്ലാം കാണാം.

നമ്മുടെ നാട്ടില്‍ നല്ല സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. എല്ലാ സാധനങ്ങളുംതന്നെ നമ്മുടെ നാട്ടിലെയോ നാടിന് അടുത്തുള്ളതോ ആയ കടകളില്‍ ലഭ്യമാണ്. എന്തുതരം ഭക്ഷണവും കിട്ടുന്ന ഭക്ഷണശാലകളും എല്ലായിടത്തും ഉണ്ട്. എങ്കിലും ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ധാരാളം താല്‍ക്കാലിക കച്ചവടപീടികകള്‍ വരുന്നു, താല്‍ക്കാലിക ഹോട്ടലുകളും തട്ടുകടകളും വരുന്നു. ധാരാളം ആളുകള്‍ ഇത്തരം സാധനങ്ങള്‍ വാങ്ങുന്നു, ഇത്തരം സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നു. ഇല്ല്യുമിനേഷന്‍ ആ പ്രദേശത്താകെ നടത്തുന്നു.

ശബ്ദമലിനീകരണത്തെപ്പറ്റിയും അന്തരീക്ഷമലിനീകരണത്തെപ്പറ്റിയും പറയുമ്പോഴും ബാന്റ്‌സെറ്റും ചെണ്ടമേളവും വെടിക്കെട്ടും നാം ഒഴിവാക്കാറില്ല. സിനിമാതിയേറ്ററുകളിലും ടെലിവിഷനിലും എല്ലാം നല്ല സിനിമകളും ഇതര പരിപാടികളും ഉണ്ടെങ്കിലും നമ്മള്‍ അതിനെക്കാള്‍ ആസ്വദിക്കുന്നത്, അതിനെക്കാള്‍ ഗുണമേന്മ കുറഞ്ഞ നമ്മുടെ മക്കളുടെയും നാട്ടുകാരുടെയും പരിപാടികളാണ്. ചുരുക്കിപ്പറഞ്ഞാല്‍, നാട്ടില്‍ ആഘോഷങ്ങള്‍ ഉണ്ടെങ്കിലേ ഇത്തരം പരിപാടികള്‍ അരങ്ങേറാനും ആസ്വദിക്കുവാനും അവസരം ഉണ്ടാകൂ. വേറൊരു കാര്യംകൂടിയുണ്ട്. ഇത്തരം ആഘോഷസ്ഥലങ്ങളില്‍ പോവുക, ഭക്ഷണം കഴിക്കുക, എന്തെങ്കിലുമൊക്കെ വാങ്ങുക, ചെണ്ടയും ബാന്റും കലാപരിപാടികളും വെടിക്കെട്ടും മറ്റും ആസ്വദിക്കുക എന്നത് വല്ലാത്തൊരു രസമാണ്. അതിനാല്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

അതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. അത് ഇത്തരം ആഘോഷങ്ങളുടെ സാമൂഹ്യപ്രാധാന്യമാണ്. ആഘോഷങ്ങള്‍ ഒന്നും ഇല്ലാത്തപ്പോള്‍ ഓരോരുത്തരും അവരുടെ വീടും ജോലിയും ആയിട്ട് പോകും. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ഒന്നിച്ചുകൂടും. പരിപാടികളുടെ നടത്തിപ്പിന്റെ വിവിധ ഉത്തരവാദിത്വങ്ങള്‍ ഓരോരുത്തരെ ഏല്‍പിക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടുകാരെല്ലാം വരും. അങ്ങനെ സമൂഹം ഒന്നിച്ചുകൂടും. സഹകരിച്ച് പ്രവര്‍ത്തിക്കും. ഫണ്ട് സംഭാവന ചെയ്യും. വലിയൊരു കൂട്ടായ്മയുടെയും സഹകരണത്തിന്റെയും അവസരംകൂടിയാണ്. ഓരോ പ്രദേശത്തെ ആളുകളെ ഒന്നിപ്പിച്ചുനിര്‍ത്തുവാന്‍ സഹായിക്കുന്ന വലിയൊരു അവസരമാണ് ഇത്തരം ആഘോഷങ്ങള്‍.

ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മലയാളികളുടെ ഓണം. ഹൈന്ദവ വിശ്വാസികള്‍ക്ക് ഓണം ഒരു മതപരമായ ചടങ്ങുകൂടിയായിരിക്കും. എന്നാല്‍ ഇതര മതവിഭാഗങ്ങള്‍ക്ക് അതൊരു സാമൂഹ്യ ആഘോഷംമാത്രമാണ്. വെടിക്കെട്ടും ചെണ്ടമേളവും ആനയെഴുന്നള്ളത്തും ഒന്നുംതന്നെ ഓണത്തോടനുബന്ധിച്ച് ഇല്ല. പക്ഷേ അതു ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആഘോഷാവസരമാണ്. വലിയൊരു ബിസിനസ് കാലവുമാണത്. മനുഷ്യര്‍ ഓരോന്ന് വാങ്ങിക്കൂട്ടുവാന്‍ ഉത്പാദകര്‍ നിര്‍ബന്ധിക്കുന്ന കാലം. എല്ലാവര്‍ക്കും സന്തോഷവും ലാഭവും കിട്ടുന്ന സമയമാണത്. കച്ചവടം കൂടുന്നതിനാല്‍ ഉത്പാദകര്‍ക്കും വില്‍പനക്കാര്‍ക്കും സന്തോഷം; പരസ്യങ്ങള്‍ കൂടുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് സന്തോഷം; വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുന്നതുകൊണ്ടും ഇടയ്ക്ക് സമ്മാനങ്ങള്‍ കിട്ടുന്നതുകൊണ്ടും വാങ്ങുന്നവര്‍ക്കും സന്തോഷം. അതുപോലെ അത് ഒത്തുചേരലിന്റെ അവസരമാണ്.

ദൂരങ്ങളിലായിരിക്കുന്ന ധാരാളംപേര്‍ വീട്ടില്‍വരുന്ന സമയമാണത്. അയല്‍ക്കാര്‍ ഒന്നിച്ചുകൂടുന്നു. സ്‌കൂളുകളിലും കോളജുകളിലും ഇതര ഓഫീസുകളിലും വലിപ്പ-ചെറുപ്പവും ജാതിവ്യത്യാസങ്ങളും നോക്കാതെ എല്ലാവരും ഒന്നിച്ചുകൂടുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കുകയും ഒന്നിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സമയം. ഓണത്തിന് ക്രൈസ്തവര്‍ കൂടരുത്; ഓണാഘോഷം നടത്തരുത് എന്നൊക്കെ പലരും പറയുന്നുണ്ട്, പ്രസംഗിക്കുന്നുണ്ട്, വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ക്രൈസ്തവര്‍ ആരും ഓണത്തെ മതപരമായ ആഘോഷമായി കാണുന്നില്ല എന്നതാണ് സത്യം. സാമൂഹ്യജീവി എന്ന നിലയില്‍ നാടിന്റെ പൊതുആഘോഷത്തില്‍ പങ്കുചേരുന്നു എന്നേ ഉള്ളൂ. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ആരുടെയും ക്രൈസ്തവ വിശ്വാസമോ ഇസ്ലാംവിശ്വാസമോ നഷ്ടപ്പെട്ടതായി കേട്ടിട്ടില്ല. ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നതുകൊണ്ട് ഹിന്ദുക്കളുടെയോ മുസ്ലീം സഹോദരങ്ങളുടെയോ വിശ്വാസം നഷ്ടപ്പെട്ടതായി നാം കേട്ടിട്ടില്ല.
അതിനാല്‍, മനുഷ്യര്‍ക്ക് സാമൂഹ്യജീവി എന്ന നിലയില്‍ ആഘോഷങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് ഇത്തരം ആഘോഷങ്ങള്‍ ഇനിയും തുടരും. ഒറ്റപ്പെട്ട് കഴിയുന്ന ജനങ്ങളെ ഒന്നിച്ചുകൂട്ടാനും സന്തോഷിപ്പിക്കുവാനും പരസ്പരം സഹകരിപ്പിക്കാനും ആഘോഷങ്ങള്‍ക്ക് കഴിയുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?