Follow Us On

21

November

2024

Thursday

കേരളത്തെ കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകള്‍

കേരളത്തെ കാത്തിരിക്കുന്നത്  വെല്ലുവിളിയുടെ നാളുകള്‍

ഡോ. റോക്‌സി മാത്യു കോള്‍
(ഡോ. റോക്‌സി മാത്യു കോള്‍ പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്‍ പുരസ്‌കാര ജേതാവുമാണ്)

2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ പ്രളയമായും വരള്‍ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്‍ഷം വയനാട്ടില്‍ സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

പ്രവചനാതീതമായ മാറ്റങ്ങള്‍ അതിവേഗം ഉണ്ടാകുന്ന കാലാവസ്ഥാമേഖലയാണ് ഉഷ്ണമേഖല. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തി ഏറ്റവുമധികം പ്രകടമാകുന്ന ഈ ഉഷ്ണമേഖലയിലാണ് ഭാരതവും നമ്മുടെ കൊച്ചു കേരളവും സ്ഥിതി ചെയ്യുന്നത്. ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് 90 ശതമാനത്തോളം ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. സമുദ്രങ്ങളില്‍ തന്നെ കേരളത്തിന്റെ ചുറ്റുമുള്ള ഇന്ത്യന്‍മഹാസമുദ്രത്തിന്റെയും അറബിക്കടലിന്റെയും ഉപരിതലത്തിലാണ് ചൂടിലുള്ള വര്‍ധനവ് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. അതിന്റെ പ്രതിഫലനങ്ങളാണ് കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ കാലാവസ്ഥയില്‍ കണ്ടുവരുന്നത്.

അറബിക്കടലിലെ
ചുഴലിക്കാറ്റുകള്‍

അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ സംഖ്യയില്‍ 50 ശതമാനത്തോളം വര്‍ധനവാണ് സംഭവിച്ചിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് വന്നപ്പോഴാണ് ഇതിന്റെ തിക്തഫലം കേരളം ആദ്യമായി അനുഭവിച്ചത്. ചുഴലിക്കാറ്റിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന സ്രോതസായി സമുദ്രതാപനവും ഇവിടുത്തെ ഈര്‍പ്പവും മാറിയിരിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആരംഭിക്കുന്ന കാലവര്‍ഷത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ടച്ചിംഗ് പോയിന്റ് കേരളമാണ്. സമുദ്രതാപനത്തിലെ വര്‍ധനവ് മഴയുടെയും മഴക്കാലത്തിന്റെയും കാര്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിതീവ്രമഴയോടൊപ്പം വളള്‍ച്ചയും കേരളത്തിന് ഭീഷണി ഉയര്‍ത്തുന്നു. അതിതീവ്രമഴയില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും ആകെ ലഭിക്കുന്ന മഴയില്‍ കുറവാണ് കണ്ടുവരുന്നത്. ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴയൊക്കെ ഏതാനും മണിക്കൂറുകള്‍കൊണ്ട് പെയ്യുന്ന പ്രതിഭാസത്തെയാണ് മേഘവിസ്‌ഫോടനം, അതിതീവ്രമഴ തുടങ്ങിയ പേരുകളില്‍ നാം വിളിക്കുന്നത്. ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും അതിതീവ്രമഴയെന്ന പ്രതിഭാസത്തിലും വലിയ വര്‍ധനവാണ് വരും വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്.

തീരദേശമേഖലക്ക് ഭീഷണിയാകുന്ന പ്രതിഭാസമാണ് കടലാക്രമണം. സമുദ്രത്തിന്റെ ഉപരിതലത്തില്‍ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് രൂപപ്പെടുന്ന തിരമാലകള്‍ 5 മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ വലിപ്പം കൈവരിക്കുന്നു. സാധാരണ മണ്‍സൂണിനോട് അനുബന്ധിച്ച് രൂപപ്പെടുന്ന വലിയ തിരമാലകള്‍ പോലും പരമാവധി ഒരു മീറ്റര്‍ ഉയരം കൈവരിക്കുന്ന സ്ഥാനത്താണ് അഞ്ചും എട്ടും മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കരയിലേക്ക് ആഞ്ഞടിക്കുന്നത്. സമുദ്രനിരപ്പ് വര്‍ധിക്കുന്നതുമൂലവും ചുഴലിക്കാറ്റ് മൂലവും ഉണ്ടാകുന്ന പ്രളയങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നു. നിലവില്‍ സമുദ്ര നിരപ്പ് ഓരോ വര്‍ഷവും 3എംഎം/വര്‍ഷം എന്ന തോതിലാണ് വര്‍ധിക്കുന്നത്. കരയുടെ ചെരിവുംകൂടെ കണക്കിലെടുക്കുമ്പോള്‍ പത്ത് വര്‍ഷംകൊണ്ട് 17 മീറ്റര്‍ വരെ കര കടലിന്റെ ഭാഗമാകുന്നു. എന്നാല്‍ ഇരുപതോ മുപ്പതോ വര്‍ഷത്തിനുള്ളില്‍ ഒരോ വര്‍ഷവും കര എടുക്കുന്ന തോത് 5 എംഎം/വര്‍ഷമായി വര്‍ധിക്കും. അതിന് ആനുപാതികമായി ഒരു ദശകത്തില്‍ കരയെടുക്കുന്ന കടലിന്റെ തോത് 28 മീറ്റര്‍ എന്ന കണക്കില്‍ വര്‍ധിക്കുകയും ചെയ്യും.

മുന്‍കരുതലുകള്‍ അനിവാര്യം

ഇത്തരം കാലാവസ്ഥാ മാറ്റങ്ങളില്‍ നിന്ന് ഇനി നമുക്കൊരു തിരിച്ചുവരവില്ല എന്ന് മാത്രമല്ല അത് ഭാവിയില്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും. അതിനുള്ള ഒരു കാരണം ആഗോളതാപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുര്‍ദൈര്‍ഘ്യം ആയിരത്തോളം വര്‍ഷമാണെന്നുള്ളതാണ്. അതായത് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലില്‍ കാര്യമായ നിയന്ത്രണങ്ങളുണ്ടായാലും ഇപ്പോഴുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യം നൂറു കണക്കിന് വര്‍ഷങ്ങള്‍ ഇനിയും അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും.

ഇവിടെ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാനിടയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അതിനനുസരിച്ചുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതുമാത്രമാണ്. നിലവില്‍ കാലാവസ്ഥാ മുന്നറിയിപ്പ് എത്രമാത്രം മഴ പെയ്യുമെന്ന തോതിനെ മാത്രം അടിസ്ഥാനമാക്കിയാണ് നല്‍കിവരുന്നത്. ഉരുള്‍പൊട്ടലുമായും വെള്ളപ്പൊക്ക സാധ്യതയുമായൊന്നും അതിന് ബന്ധമില്ല. മറ്റ് വകുപ്പുകള്‍ കൂടെ ഏകോപിപ്പിച്ച് വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ക്ക് കൂടെ മുന്നറിയിപ്പ് നല്‍കാനുളള സംവിധാനമൊരുക്കിയാല്‍ ഒരു പരിധിവരെയങ്കിലും ദുരന്തങ്ങള്‍ ഒഴിവാക്കാനാവും.

പഞ്ചായത്ത് തലത്തില്‍ തന്നെ ജനങ്ങളെ ബോധവത്കരിക്കുകയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡ്രില്‍സ് സംഘടിപ്പിക്കുകയും വേണം. റോഡും, വീടും, കൃഷിയിടവുമടക്കം എല്ലാ കാര്യങ്ങളിലും മാറുന്ന കാലാവസ്ഥയ്ക്ക് യോജിച്ച വിധത്തില്‍ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തണം. അതിനുള്ള നയങ്ങള്‍ രൂപീകരിക്കുകയും ഓരോ പഞ്ചായത്തിനും ഏറ്റവും യോജിച്ച രീതിയില്‍ അത് നടപ്പാക്കുകയും വേണം. നിലവില്‍ കൃഷിവകുപ്പ് മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ച് ഏത് വിളകള്‍ വേണമെന്നും ഏത് വളം ഉപയോഗിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നതുപോലെ നമ്മുടെ പ്രദേശത്തെ കാലാവസ്ഥയും മഴയുടെ അളവും നിരീക്ഷിച്ച് അതിന് അനുസൃതമായി കൃഷിരീതികള്‍ മാറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മീന്‍കൃഷി, കോഴിവളര്‍ത്തല്‍, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിക്കും. ഓരോ പ്രദേശത്തിനും അവിടുത്തെ കാലാവസ്ഥക്ക് അനുസൃതമയ വിളകള്‍ തിരഞ്ഞെടുത്തുകൊണ്ട് കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഒരുപരിധിവരെയെങ്കിലും അതിജീവിക്കാനാവും.
കേരളദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉരുള്‍പൊട്ടലും അതുപോലെ മറ്റ് ദുരന്തങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ അറിവുകള്‍ നാം ഉപയോഗപ്പെടുത്തണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?