Follow Us On

08

October

2024

Tuesday

ദൈവം കപ്പലില്‍ സഞ്ചരിച്ച മൂന്ന് ദിവസങ്ങള്‍

ദൈവം കപ്പലില്‍ സഞ്ചരിച്ച  മൂന്ന് ദിവസങ്ങള്‍

1950 ലെ ക്രിസ്മസ് കാലത്ത് ഉത്തരകൊറിയയിലായിരുന്നു ആ സംഭവം നടന്നത്. കൊറിയന്‍ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് യുഎസ് മെര്‍ച്ചന്റ് മറൈന്‍ ക്യാപ്റ്റനായ ലാറ്യൂ കൊറിയയില്‍ എത്തിയത്. ഓഫീസര്‍മാരും ജോലിക്കാരുമുള്‍പ്പെടെ 47 പേര്‍ക്ക് സഞ്ചരിക്കാവുന്ന എസ് എസ് മെരിഡിത്ത് വിക്ടറി എന്ന ചരക്കുകപ്പലിന്റെ ചുമതലയായിരുന്ന അദ്ദേഹം വഹിച്ചിരുന്നത്. ശത്രുസൈന്യത്തില്‍ നിന്നുള്ള ഭീഷണിയെ അതിജീവിച്ച് ഉത്തരകൊറിയന്‍ തുറമുഖമായ ഹംഗ്‌നാമില്‍ എത്തിയ ലാറ്യൂ അവിടെ കണ്ട ദയനീയ കാഴ്ച കണ്ട് ഞെട്ടി.

ആ തുറമുഖത്ത് നിന്നുള്ള അവസാന കപ്പലായ ഈ ചരക്കു കപ്പലില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാമെന്ന പ്രതീക്ഷയില്‍ ഉത്തരകൊറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെക്കൊണ്ട് അവിടം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആ അഭയാര്‍ത്ഥികളെ നിരാശപ്പെടുത്തുവാന്‍ ലാറ്യൂവിന്റെ മനഃസാക്ഷി അനുവദിച്ചില്ല. ആയുധങ്ങളും സാധനസാമഗ്രികളുമടക്കമുള്ള എല്ലാ സാധനങ്ങളും അവിടെ ഇറക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഒരു ദിവസം മുഴുവനെടുത്തു ആ സാധനങ്ങള്‍ മുഴവന്‍ തുറമുഖത്ത് ഇറക്കുവാന്‍. പിന്നെ അദ്ദേഹം തന്റെ കപ്പലിലേക്ക് അഭയാര്‍ത്ഥികളെ ക്ഷണിച്ചു. 47 മനുഷ്യര്‍ക്ക് മാത്രം സഞ്ചരിക്കാനായി നിര്‍മ്മിച്ച ആ ചരക്കു കപ്പലിലേക്ക് ആയിരങ്ങളാണ് കടന്നു വന്നത്. ആരെയും നിരാശപ്പെടുത്തി മടക്കി അയക്കുവാന്‍ ലാറ്യൂ തയാറായിരുന്നില്ല. 14000 പേര്‍ എങ്ങനെയൊക്കെയോ ആ കപ്പലില്‍ കയറിപ്പറ്റി. 1950 ഡിസംബര്‍ 23ന് ഇവരെയും വഹിച്ചുകൊണ്ട് ആ യുഎസ് കപ്പല്‍ ഉത്തരകൊറിയന്‍ തീരത്ത് നിന്ന് യാത്രയായി.

14000 പേര്‍ക്കുള്ള ഭക്ഷണമോ വെള്ളമോ പോയിട്ട് എല്ലാവര്‍ക്കും നേരെ ചൊവ്വേ ഇരിക്കുവാനുള്ള സ്ഥലം പോലും ആ കപ്പലില്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ തണുപ്പ് സഹിക്കാന്‍ സാധിക്കാതെ കപ്പലിലെ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഡ്രമ്മുകളുടെ മുകളില്‍ ചിലര്‍ തീകൂട്ടിയെങ്കിലും വലിയ അത്യാഹിതമൊന്നും സംഭവിച്ചില്ല. ദൈവം ആ കപ്പലില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നാണ് ലാറ്യൂ ആ അനുഭവത്തെക്കുറിച്ച് ഓര്‍മിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ക്രിസ്മസ് ദിനത്തില്‍ കോജോ ഡോ എന്ന തുറുമുഖത്ത് അവര്‍ സുരക്ഷിതരായി എത്തി. ആ കപ്പല്‍ യാത്രയെക്കുറിച്ച് ലാറ്യൂ പില്‍ക്കാലത്ത് പറഞ്ഞത് ഇപ്രകാരമാണ് – ‘ഇത്രയും ചെറിയ ഒരു ചരക്കു കപ്പലിന് എങ്ങനെയാണ് ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളുവാനും ആര്‍ക്കും അപകടമൊന്നും സംഭവിക്കാതെ സുരക്ഷിത സ്ഥലത്ത് എത്താനായെന്നും ഞാന്‍ പലപ്പോഴും ആലോചിച്ചു. ക്രിസ്മസ് സമയത്ത് നടന്ന ആ സംഭവം നല്‍കുന്ന സന്ദേശം ഒന്നു മാത്രമാണ്. ദൈവത്തിന്റെ കരങ്ങള്‍ തന്നെയായിരുന്നു അന്ന് ആ കപ്പല്‍ നിയന്ത്രിച്ചത്.’

ആ കപ്പല്‍ യാത്രയിലൂടെ ലഭിച്ച ദൈവാനുഭവം ലാറ്യൂവിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പില്‍ക്കാലത്ത് അദ്ദേഹം ബ്രദര്‍ മാരിനസ് എന്ന പേര് സ്വീകരിച്ച് ന്യൂ ജഴ്സിയിലുള്ള ബനഡിക്ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. 2001ല്‍ മരണമടയുന്നത് വരെ വിശ്വസ്തനായ ബനഡിക്ടൈന്‍ സന്യാസിയായി അദ്ദേഹം ദൈവത്തെ ശുശ്രൂഷിച്ചു. ‘കടലിന്റെ’ എന്നര്‍ത്ഥമുള്ള ബ്രദര്‍ മാരിനസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികള്‍ക്ക് യുഎസ് ബിഷപ്പുമാര്‍ തുടക്കംകുറിച്ചിട്ടുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?