ഷൈമോന്‍ തോട്ടുങ്കല്‍
ബര്‍മിംഗ്ഹാം: വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോമലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.
കിത്തിലി കേന്ദ്രീകൃതമായി സീറോമലബാര്‍ സഭയ്ക്ക് ഒരു മിഷന്‍ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്ന ത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ദൈവാലയ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്.
കിത്തിലിയിലെ സീറോ മലബാര്‍ സമൂഹം നിലവില്‍ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷന്‍ കൂടി നിലവില്‍ വരുന്ന തോടുകൂടി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് പുതിയ നാഴികകല്ലാകും.
വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികള്‍ നല്‍കിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോര്‍ക്ക് ഷെയറിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എത്തുമ്പോള്‍ കിത്തിലി ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. കിത്തിലി നിവാസികള്‍ നല്‍കിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയില്‍ വിശാലമായി കിടക്കുന്ന വെസ്റ്റ് യോര്‍ക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി.
ലീഡ്‌സ് ആസ്ഥാനമായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ വിശ്വാസികള്‍ ഫാ. ജോസഫ് പൊന്നോത്തിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തില്‍ ഇടവക ദൈവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികള്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്.
Leave a Comment
Your email address will not be published. Required fields are marked with *