Follow Us On

22

December

2024

Sunday

ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താല്‍ പ്രേരിതരായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേറി സമാധാനത്തിനായി പോരാടാന്‍ ഏവരോടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സിനഡിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന വിശുദ്ധ ബലിയര്‍പ്പണമധ്യേ നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച പ്രത്യേകമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും പാപ്പാ ആഹ്വാനം ചെയ്തത്.

2023 ഒക്ടോബര്‍ ഏഴിന് പലസ്തീനിലെ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനമാണ്, ലോകസമാധാനത്തിനുള്ള പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി പാപ്പാ തിരഞ്ഞെടുത്തത്. വിശുദ്ധ നാട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സായുധസംഘര്‍ഷങ്ങള്‍ക്കും, നിരവധി മരണങ്ങള്‍ക്കും കാരണമായത് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണമായിരുന്നു.
അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച്, റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെയും, ആഫ്രിക്കയിലെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന സായുധസംഘര്‍ഷങ്ങളുടെയും, വിവിധ ജനതകളെയും ദേശങ്ങളെയും കഷ്ടത്തിലാക്കുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ക്കൂടിയാണ് താന്‍, പ്രാര്‍ത്ഥനയും ഉപവാസവും നടത്തിക്കൊണ്ട് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തതെന്ന് പാപ്പാ വ്യക്തമാക്കി.

സമാധാനത്തിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ആറാം തീയതി ഫ്രാന്‍സിസ് പാപ്പാ റോമിലെ മേരി മേജര്‍ ബസലിക്കയിലെത്തി ജപമാല പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍, നിലവിലെ സിനഡില്‍ സംബന്ധിക്കാനായി റോമിലെത്തിയ ഏവരെയും പാപ്പാ ക്ഷണിച്ചു.
ഇതിനുമുന്‍പ്, സിറിയ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, തെക്കന്‍ സുഡാന്‍, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, ഉക്രൈന്‍, വിശുദ്ധനാടുകള്‍ എന്നീ പ്രദേശങ്ങളില്‍ സമാധാനം പുലരുവാനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്താന്‍ പാപ്പാ 2013 മുതലുള്ള വര്‍ഷങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?