Follow Us On

18

October

2024

Friday

കാരുണ്യത്തിന്റെ മാലാഖയെ ജനം മറന്നിട്ടില്ല

കാരുണ്യത്തിന്റെ  മാലാഖയെ ജനം മറന്നിട്ടില്ല

പാവങ്ങള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച കാരുണ്യത്തിന്റെ മാലാഖ മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിവേഗം മുന്നോട്ട് പോകുന്നു. മദര്‍ മേരി ലിറ്റിയുടെ നാമകരണ നടപടികള്‍ അതിരൂപതാ തലത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മദര്‍ മേരി ലിറ്റിയുടെ വിശുദ്ധ ജീവിതത്തിന്റെ ഖ്യാതി ജനങ്ങളുടെയിടയില്‍ എത്രമാത്രമുണ്ട് എന്നതിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു കമ്മീഷനും നിലവില്‍ വന്നു.
ദൈവപരിപാലനയുടെ ചെറുദാസികള്‍ എന്ന സന്യാസിനി മഠത്തിന്റെ സ്ഥാപകയായ ഡോ.സിസ്റ്റര്‍ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു. നാലു പതിറ്റാണ്ട് കരുണ്യത്തിന്റെ ഉദാത്ത മാലാഖയായി അറിയപ്പെട്ടു.

ഓരോ കിടക്കയും ബലിപീഠമായി കണ്ട് ഓരോ രോഗിയെയും ക്രിസ്തുവിനെപ്പോലെ വീക്ഷിച്ച് ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച സന്യാസിനിയായിരുന്നു ലിറ്റിയമ്മ. കോതമംഗലം മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തില്‍ ചേര്‍ന്ന കൊച്ചുത്രേസ്യാ എന്ന സിസ്റ്റര്‍ മേരിലിറ്റി സഭാവസ്ത്ര സ്വീകരണത്തിനും വ്രതവാഗ്ദാനത്തിനും ശേഷം വൈദ്യശാസ്ത്ര പഠനത്തിന് റോമിലേക്ക് പുറപ്പെട്ടു. പഠനത്തിനിടയില്‍ വിശുദ്ധ ജോസഫ് കൊത്തലെംഗോ സ്ഥാപിച്ച ടൂറിനിലെ ദൈവപരിപാലനാഭവനം സന്ദര്‍ശിച്ചു. ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിച്ചുവന്ന ഈ ഭവനത്തില്‍ നിന്നുമാണ് സിസ്റ്ററിന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി ഒരു ആതുരാലയം സ്ഥാപിക്കാനുള്ള വിളി ഉണ്ടായത്. പാവങ്ങള്‍ക്കും അശരണര്‍ക്കുംവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ലിറ്റിയമ്മ സഭാധികാരികളെ അറിയിക്കുകയും ഏറെ താമസിയാതെ ഇതിനുള്ള അനുമതി സഭാധികൃതര്‍ നല്‍കുകയും ചെയ്തു.

ഇതേ ആഗ്രഹം അന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ ആന്റണി പടിയറയെയും അറിയിയിച്ചു. അദ്ദേഹത്തില്‍നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് 1978 ജനുവരി 17 ന് കുന്നന്താനത്തുള്ള ഓലമേഞ്ഞ കൊച്ചുവീട്ടില്‍ ശുശ്രൂഷക്ക് തുടക്കമിട്ടു. നടക്കുകയോ സംസാരിക്കുകയോ ചെയ്യാത്തതും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുമായ കോതമംഗലം സ്വദേശി ത്രേസ്യാമ്മയെ ആദ്യഅന്തേവാസിയായി ലിറ്റിയമ്മ സ്വീകരിച്ചു. ടൂറിനിലെ ദൈവപരിപാലനയുടെ ഭവനം ആരംഭിച്ചതിന്റെ 150-ാം വാര്‍ഷിക ദിനത്തിലാണ് കുന്നന്താനത്തെ ഭവനത്തിനും തുടക്കമിട്ടത്.

ആതുരശുശ്രൂഷയും വചനപ്രഘോഷണവും കുടുംബപ്രേഷിതത്വവും പ്രേഷിതമേഖലയാക്കിയ ഈ സന്യാസിനിസഭയ്ക്ക് ഇന്ത്യയിലും ആഫ്രിക്കയിലുമായി 19 ഭവനങ്ങളും 180 സന്യാസിനികളുമുണ്ട്. കുന്നന്താനത്തെ പ്രത്യാശാഭവനില്‍ ദിനരാത്രങ്ങള്‍ ലിറ്റിയമ്മയും സഹോദരിമാരും ചെയ്തുവന്ന ശുശ്രൂഷകള്‍ക്ക് ജാതി മത വിശ്വാസത്തിന്റെ അതിര്‍വരമ്പുകളില്ലായിരുന്നു. വൈകല്യങ്ങളും ബലഹീനതകളുമായി ജനിച്ചവരും ആശുപത്രികളില്‍ പെറ്റമ്മ ഉപേക്ഷിച്ചുകളഞ്ഞതുമായ കുഞ്ഞുങ്ങളെ മാലാഖമാരായി കണ്ട് അവരെ അവര്‍ മാറോടു ചേര്‍ത്തു.

വൈദ്യശാസ്ത്ര പഠനത്തിന്റെ അറിവും ദൈവാശ്രയത്വത്തിന്റെ അനുഭവവും പിന്‍ബലമാക്കി സിസ്റ്റര്‍ പരിപാലിച്ചു വളര്‍ത്തിയവരുടെ എണ്ണം പതിനായിരത്തിലധികം വരും. ഒരായിരം പുരസ്‌കാരങ്ങളും ബഹുമതികളും അംഗീകാരങ്ങളും ലിറ്റിയമ്മയെ തേടിയെത്തിയപ്പോഴൊക്കെ എല്ലാം കാരുണ്യവാനായ ദൈവം തന്റെ മക്കളുടെ ആശ്വാസത്തിനും പരിപാലനത്തിനുമായി തരുന്ന സമ്മാനങ്ങളാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധയെന്ന് വിശേഷിപ്പിക്കപ്പെട്ട കന്യാസ്ത്രിയായിരുന്നു ലിറ്റിയമ്മ. ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ചുകൊണ്ടുള്ള മദര്‍മേരി ലിറ്റിയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും തുടര്‍ന്നുള്ള നാളുകളില്‍ കേരളസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.

ക്രിസ്തുവിനെ കണ്ട സിനിമാനടി

സെലിബ്രിറ്റികളായ സിനിമാതാരങ്ങളോ രാഷ്ട്രീയക്കാരോ യേശുവിനെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ആകാംക്ഷയോടെയാണ് എന്നും കേള്‍ക്കാറുള്ളത്. കാരണം അവര്‍ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പറയുമ്പോള്‍ ആളുകള്‍ അത് ഹൃദയത്തിലേറ്റും.
അതുകൊണ്ടാണ് താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും തന്നെ യേശു രക്ഷിച്ചെന്നും മൂന്‍ എംഎല്‍എയും സിനിമാതാരവുമായ ജയസുധ ഈ കഴിഞ്ഞ ദിവസം പറഞ്ഞത് ആളുകള്‍ ഏറ്റെടുത്തത്. ഒരു പ്രമുഖ മലയാള ചിത്രത്തിലൂടെ കേരളത്തിലും ശ്രദ്ധ നേടിയ നടിയാണ് ജയസുധ. കൂടാതെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളില്‍ നായികയായും സഹതാരമായും ജയസുധ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ കോണ്‍ഗ്രസ് നേതാവും അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ക്ഷണപ്രകാരമാണ് അവര്‍ രാഷ്ട്രീയത്തില്‍ ചേരുന്നത്.
താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തിയത് ഏറെ നാളായി ചര്‍ച്ചയാണ്. ഭര്‍ത്താവ് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്.

1985ല്‍ ഭര്‍ത്താവ് നിഥിന്‍ കപൂറിനൊപ്പം ഹണിമൂണിനായി തായ്‌ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ജീസസിനെ നേരില്‍ കാണാന്‍ സാധിച്ചെന്നാണ് ജയസുധ പറയുന്നത്. യാത്രക്കിടയില്‍ ബീച്ചിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. എന്നെ അതില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വെള്ളം പേടിയായതിനാല്‍ ഞാന്‍ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു.
അവസാനം നിഥിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയില്‍ കയറാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ കടലില്‍ കുറച്ച് ദൂരം പോയപ്പോഴേയ്ക്കും ബാലന്‍സ് നഷ്ടപ്പെട്ട് ഞാന്‍ വെള്ളത്തില്‍ വീണു. കടലില്‍ വീണപ്പോഴെ ജീവിതം അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. പെട്ടന്ന് ഉറക്കെ അലറി വിളിച്ചു. എന്റെ മനസില്‍ പെട്ടെന്ന് തെളിഞ്ഞ രൂപം ക്രിസ്തുവിന്റേതായിരുന്നു. ഞാന്‍ ഉറക്കെ എന്റെ യേശുവേ എന്ന് വിളിച്ചു. കണ്ണുതുറന്നപ്പോള്‍, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടല്‍പ്പായലും സൂര്യകിരണങ്ങളുമാണ് കണ്ടത്. സൂര്യകിരണങ്ങള്‍ക്ക് പിന്നിലായി ക്രിസ്തുവിന്റെ ശാന്തവും സൗമ്യവുമായ രൂപം.
യേശുവിന്റെ കണ്ണുകള്‍ കണ്ടപ്പോള്‍, എന്റെ ഹൃദയത്തില്‍ ഉണ്ടായ ആനന്ദം വാക്കുകളിലൊതുങ്ങുന്നതല്ല. 25 വര്‍ഷം മുമ്പുള്ള ആ അനുഭവത്തിന് ശേഷം യേശു ഇന്നും ജീവിക്കുന്നവനാണെന്ന് ഞാന്‍ മനസിലാക്കി.

ഞാന്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുകയും ചെയ്തു. ജയസുധ പറയുന്നു. ജയസുധയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ധാരാളം പേര്‍ ക്രിസ്തീയ വിശ്വാസാനുഭവത്തിലേക്ക് വരുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?