Follow Us On

22

December

2024

Sunday

ക്രിസ്തുവിന്റെ പടയാളിയായ യുഎസ് സൈനികന്‍

ക്രിസ്തുവിന്റെ പടയാളിയായ യുഎസ് സൈനികന്‍

രഞ്ജിത് ലോറന്‍സ്

ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കി വിവരങ്ങള്‍ കൈമാറേണ്ട അതീവ അപകടം നിറഞ്ഞ ദൗത്യമാണ് ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സൈനികനായിരുന്ന ഡേവിഡ് സാന്റോസില്‍ നിക്ഷിപ്തമായിരുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം അംഗമായിരുന്ന 173 ലോംഗ് റേഞ്ച് സര്‍വലന്‍സ് ഡിറ്റാച്ച്‌മെന്റിന് പലപ്പോഴും ശത്രുമേഖലയില്‍ പ്രവേശിക്കുകയും അപകടകരമായ മൈനുകള്‍ കുഴിച്ചിട്ട പ്രദേശത്തുകൂടെ സഞ്ചരിക്കുകയും ചെയ്യേണ്ടതായി വന്നിരുന്നു. 2005-ല്‍ അങ്ങനെയൊരു യാത്രയിലാണ് ഡേവിഡ് സാന്റോസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായി ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ്) പൊട്ടിത്തെറിക്കുന്നത്. അന്ന് ഒരു പോറല്‍ പോലുമേല്‍ക്കാതെ ദൈവത്തിന്റെ അദൃശ്യകൈ അദ്ദേഹത്തെ പൊതിഞ്ഞുസംരക്ഷിച്ചതിന് പിന്നില്‍ വലിയ ദൈവിക പദ്ധതി ഉണ്ടായിരുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം വൈദികനായി ശുശ്രൂഷ ചെയ്യുമ്പോഴും അന്ന് പൊട്ടിത്തെറിച്ച ബോംബിന്റെ ഒരു ഭാഗം തന്നെ സംരക്ഷിച്ച അത്ഭുതപരിപാലനയുടെ ഓര്‍മയ്ക്കായി ഫാ. ഡേവിഡ് സൂക്ഷിച്ചിട്ടുണ്ട്.

ആദ്യത്തെ ധ്യാനം
പോര്‍ച്ചുഗലില്‍ നിന്ന് കുടിയേറിയ കത്തോലിക്ക മാതാപിതാക്കളുടെ മകനായി യുഎസിലെ ന്യൂജേഴ്‌സി സംസ്ഥാനത്തുള്ള കേണിയിലാണ് ഡേവിഡ് സാന്റോസിന്റെ ജനനം. മാതാപിതാക്കളിലൂടെ വിശ്വാസത്തിന്റെ വിത്തുകള്‍ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡേവിഡ് സാന്റോസ് ആദ്യമായി ധ്യാനത്തില്‍ പങ്കെടുക്കുന്നത്. അവിടെ അദ്ദേഹം കണ്ടുമുട്ടിയ ഫാ. ടോണി എന്ന് എല്ലാവരും വിളിക്കുന്ന ഫാ. അന്റോണിയോ ബിക്കോയുമായുള്ള സംഭാഷണം തന്റെ ദൈവവിളിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുവാന്‍ സാന്റോസിനെ പ്രേരിപ്പിച്ചു.

യുഎസിനെ പിടിച്ചുകുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നതിന് ശേഷമുള്ള ആ നാളുകളില്‍ സൈനികനാകണം എന്ന മോഹവുമായി നടക്കുകയായിരുന്നു ഡേവിഡ്. ദീര്‍ഘകാലത്തിന് ശേഷം നടത്തിയ കുമ്പസാരത്തിന്റെ സമയത്ത് ജീവിതത്തില്‍ എന്ത് ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. ടോണി ഡേവിഡിനോട് ചോദിച്ചു. പട്ടാളക്കാരനാകണം എന്നായിരുന്നു ആഗ്രഹമെങ്കിലും ക്രിസ്തുവിന്റെ പട്ടാളക്കാരനാകണം (സോള്‍ജിയര്‍ ഓഫ് ക്രൈസ്റ്റ്) എന്നാണ് അദ്ദേഹം പെട്ടെന്ന് മറുപടി പറഞ്ഞത്.

താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് ചിന്തിച്ചുകൊണ്ടിരുന്ന ഡേവിഡിനോട് ഫാ. ടോണി ഇങ്ങനെ പറഞ്ഞു, ”ഇത് കേട്ടിട്ട് താങ്കള്‍ക്ക് വൈദികനാകാനാണ് ആഗ്രഹമെന്ന് തോന്നുന്നു.” അതുവരെയും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാതിരുന്ന ഡേവിഡ് അന്ന് അനുകൂലമായ മറുപടി നല്‍കിയില്ല. എങ്കിലും ആ ഉത്തരത്തിലൂടെ ദൈവം അദ്ദേഹത്തെ പിടികൂടി കഴിഞ്ഞിരുന്നു. ഫാ. ടോണിയുമായുള്ള സൗഹൃദം മുമ്പോട്ടുള്ള യാത്രയില്‍ ഡേവിഡിന് ബലം പകര്‍ന്നു. യേശുവിനെ എങ്ങനെ സ്‌നേഹിക്കണം എന്ന് തന്നെ പഠിപ്പിച്ചത് ഫാ. ടോണിയാണെന്ന് ഡേവിഡ് പറയുന്നു.

പട്ടാളക്കാരനില്‍ നിന്ന് പട്ടക്കാരനിലേക്ക്
പട്ടാള പരിശീലനത്തിനായി തന്റെ ഇരട്ടസഹോദരനൊപ്പം ഒരുങ്ങുമ്പോഴും പുരോഹിതന്റെ വേഷം ധരിച്ചു നില്‍ക്കുന്ന രൂപം ഡേവിഡിന്റെ മനസില്‍ അറിയാതെ തെളിഞ്ഞുവന്നു. സൈനികപരിശീലനത്തിന് ശേഷം ഡേവിഡും സഹോദരന്‍ ബ്രയന്‍ സാന്റോസും ഇറാക്കിലേക്ക് യാത്രയായി. മികവില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കും സവിശേഷ വൈദഗ്ധ്യം നേടിയവര്‍ക്കും മാത്രമായിരുന്നു അപകടരമായ ആ ഇന്റലിജന്‍സ് ദൗത്യത്തിന് അവസരം ലഭിച്ചത്. ആ വിദഗ്ധരുടെ സംഘത്തിലും ഡേവിഡിന്റെ വിശ്വാസവും സമര്‍പ്പണവും വേറിട്ടു നിന്നു. പല സ്വഭാവരീതികളുള്ള ടീമംഗങ്ങളോട് വേഗത്തില്‍ ഇഴുകിച്ചേര്‍ന്നെങ്കിലും അവരുടെ സ്വഭാവങ്ങളൊന്നും തന്നെ ബാധിക്കാന്‍ ഡേവിഡ് അനുവദിച്ചില്ല. ആ ദൗത്യം അവസാനിച്ചപ്പോള്‍ തിരികെ യുഎസിലേക്ക് മടങ്ങിയ ഡേവിഡ് ഒരു കാല്‍ ഈ ലോകത്തിലും മറുകാല്‍ സ്വര്‍ഗത്തിലും വച്ചാണ് തുടര്‍ന്നുള്ള കുറച്ചുകാലം ജീവിച്ചത്.

വെള്ളിയാഴ്ച രാത്രികളില്‍ കൂട്ടുകാരോടൊപ്പം പാര്‍ട്ടികളില്‍ പങ്കെടുത്ത് ജീവിതം ആഘോഷിച്ച ഡേവിഡ് തിരികെ വന്ന് കുളിയും കഴിഞ്ഞ് നേരെ പോയിരുന്നത് അടുത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റി കൂട്ടായ്മയുടെ ദിവ്യബലിക്കായിരുന്നു.
ക്രമേണ ദൈവവിളി അദ്ദേഹത്തില്‍ ആഴപ്പെടുവാന്‍ ആരംഭിച്ചു. എങ്കിലും സെമിനാരിയില്‍ ചേരുന്ന സമയത്തുപോലും തനിക്ക് വൈദികനാകണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു എന്ന് ഡേവിഡ് പറയുന്നു. മാത്രമല്ല, വീട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്തിനാണ് സെമിനാരിയില്‍ ചേരുന്നതെന്ന് ചോദിച്ച സഹോദരിയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, ”ഈ ലോകം ബഹളം നിറഞ്ഞ സ്ഥലമാണ്. ദൈവം എന്താണ് എന്നോട് പറയുന്നതെന്ന് കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” സാവധാനം ഡേവിഡിന്റെ ദൈവവിളി ദൈവാനുഗ്രഹത്തിന്റെ സ്രോതസാണെന്ന ബോധ്യത്തിലേക്ക് കുടംബം മുഴുവന്‍ കടന്നുവന്നു.

സൈനികന്റെ ജോലിയെക്കാള്‍ വലിയ വെല്ലുവിളി
പൗരോഹിത്യ സ്വീകരണ സമയത്ത് റിട്ടയര്‍ ആയ പുരോഹിതര്‍ നല്‍കുന്ന കാസ സമ്മാനമായി സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ട്. ഏത് വൈദികനാണ് കാസ ലഭിക്കുകയെന്ന് അറിയുവാന്‍ സാധിക്കില്ലാത്തതിനാല്‍ കാസയുടെ പിന്നില്‍ നല്‍കുന്ന വൈദികന്റെ ഓര്‍മയ്ക്കായി പേര് ആലേഖനം ചെയ്യും. ഫാ. ഡേവിഡിന് ലഭിച്ച കാസയുടെ പിന്നിലെ വാക്കുകള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ വിറച്ചു. അതില്‍ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു: സോള്‍ജിയര്‍ ഓഫ് ക്രൈസ്റ്റ്. ഇത്തരം അനുഭവങ്ങളിലൂടെ ദൈവവിളിയെക്കുറിച്ചുള്ള ബോധ്യം അദ്ദേഹത്തില്‍ ദൈവം ഊട്ടിയുറപ്പിക്കുകയായിരുന്നു.
2012 മെയ് 26 ന് നൂവാര്‍ക്ക് അതിരൂപതയ്ക്കുവേണ്ടി ഡേവിഡ് സാന്റോസ് പൗരോഹിത്യം സ്വീകരിച്ചു. വൈദികനായി 12 വര്‍ഷം പിന്നിടുന്ന ഫാ.ഡേവിഡ് സാന്റോസ് ഇപ്പോള്‍ സ്പ്രിംഗ്ഫീല്‍ഡിലെ സെന്റ് ജെയിംസ് ദൈവാലയ വികാരിയാണ്. ”പുരോഹിതനായിരിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാനും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും എല്ലാറ്റിലുമുപരിയായി കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാനും ഇടയനും ആത്മീയപിതാവും ആയിരിക്കുവാനുള്ള വിളിയാണിത്…. വൈദികനായിരിക്കുക എന്നത് പട്ടാളക്കാരനായിരിക്കുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണെന്ന് പറയുമ്പോള്‍ എല്ലാവരും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഏതെങ്കിലും ഒരു ദൗത്യം ചെയ്യുന്നതിലായിരിക്കും പട്ടാളത്തില്‍ സ്‌പെഷ്യലൈസ് ചെയ്യേണ്ടത്. എന്നാല്‍ വൈദികന് ഇടവക ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും ഇടപെടണം. ഇടവകയില്‍ ഒരു കുട്ടി ജനിക്കുമ്പോഴുള്ള സന്തോഷത്തിലും പ്രിയപ്പെട്ടവരുടെ വേര്‍പാടിലുള്ള ദുഃഖത്തിലും വൈദികര്‍ ഒരേപോലെ പങ്കാളികളാകണം. ഇടവകജനത്തിന്റെ എല്ലാ അനുഭവങ്ങളിലും അവരോടൊപ്പമായിരിക്കുവാന്‍ വൈദിക ന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അത് മനോഹരമാണ്; വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ്,” തന്റെ പൗരോഹിത്യ ജീവിതാനുഭവത്തെ ഫാ.ഡേവിഡ് സാന്റോസ് ഇങ്ങനെ സംഗ്രഹിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?