Follow Us On

21

December

2024

Saturday

ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…

ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

ജിതിന്‍ ജോസഫ്

‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു.

പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്. മറ്റുള്ളവര്‍ക്കായുള്ള സ്വര്‍ഗവും നരകവും നാം തന്നെ ചിട്ടപ്പെടുത്തുമ്പോഴാണ് പലപ്പോഴും നമുക്ക് തെറ്റുപറ്റുന്നത്. അതിനുമുമ്പ് നാം ചിന്തിക്കേണ്ടതുണ്ട് എന്റെ ജീവിതം, എന്റെ സാമിപ്യം മറ്റുള്ളവര്‍ക്ക് നരകതുല്യമായിട്ടാണോ അനുഭവപ്പെടുന്നതെന്ന്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയില്‍ ‘സതി’ എന്ന കഥാപാത്രം പറഞ്ഞുവെക്കുന്നുണ്ട് ‘ഞാന്‍ ചെല്ലുന്ന ഇടം ഒരു നരകമായിരിക്കുമെന്ന്’. ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ ഓര്‍ക്കുക അവരുടെ ജീവിതം കൂടുതല്‍ നരകമാക്കാനല്ല മറിച്ച് സ്വര്‍ഗമാക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന്. അതിനു കഴിഞ്ഞില്ലെങ്കില്‍, മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും ‘Better to Quit’ എന്നതാണൊരു പോംവഴി.

സൈക്കോളജിയില്‍ പ്രൊജക്ഷന്‍ എന്നൊന്നുണ്ട്, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കാതെ, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരാതെ, നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരുടെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍. ഓര്‍ക്കുക പലപ്പോഴും അവരില്‍ ഒരാളെപ്പോലെയാണ് നാം. ‘ഗുരു’ എന്ന സിനിമയില്‍ അന്ധനായ അധ്യാപകന്‍ കുട്ടികളെ ഇങ്ങനെ പഠിപ്പിക്കുന്നു, ‘കുട്ടികളെ ഈ ലോകം വളരെ ചെറുതാണ്. ഇലാമ പഴം പോലെ ചെറുത്, ഈ ലോകത്തിന്റെ അതിരുകള്‍ നാം ജീവിക്കുന്ന ഈ താഴ്‌വാരത്തിന്റെ ചുറ്റുമുള്ള പാറക്കെട്ടുകള്‍ ആണ്.’
ജീവിതത്തില്‍ പലപ്പോഴും നാം അന്ധരാണ്. കാണേണ്ടത് കാണുവാനോ, കേള്‍ക്കേണ്ടത് കേള്‍ക്കുവാനോ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ ചിന്തകള്‍ക്കും കാഴ്ചകള്‍ക്കുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. അങ്ങനെ നാം അന്ധരെ നയിക്കുന്ന അന്ധരാകുന്നു. അങ്ങനെയെങ്കില്‍ പൊട്ടക്കുളത്തിലെ തവളയുടെ മനോരാജ്യത്തിലേക്കാണ് നാം നടന്നടുക്കുന്നത്.
സ്വാതന്ത്ര്യം, അതെല്ലാ മനുഷ്യന്റെയും അവകാശമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുവാനും നിയന്ത്രിക്കുവാനും നമുക്ക് അവകാശമില്ല. ഈ സ്വര്‍ഗവും, നരകവുമെല്ലാം ഒരു പരിധിവരെ നാം ജീവിക്കുന്ന ചുറ്റുപാടുകളെ ചുറ്റിപ്പറ്റിയിരിക്കുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ സഹജീവികളോടുള്ള പെരുമാറ്റത്തില്‍ ഒരു പരിധിവരെ നാം പണിതുയര്‍ത്തുന്നതോ, തച്ചുടയ്ക്കുന്നതോ ആണ് സ്വര്‍ഗവും നരകവും. അതുകൊണ്ടാണ് പലപ്പോഴും പറയുന്നത്, ‘Life is very simple, but we make it complicated’.

‘George Orwell’ പ്രശസ്തമായ ഒരു നോവലാണ്. Animal Farm ന്റെ, അതിലെ ഒരു വാചകം ഇങ്ങനെയാണ് ‘All animals are equal, but some animals are more equal than others.’ നാമെല്ലാവരും തുല്യരും സ്വതന്ത്രരും ആണെന്ന് മറ്റു മൃഗങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും വക്രബുദ്ധികൊണ്ടും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടും സമാധാനപ്രിയരെന്നും പുരോഗമന വാദികളെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പന്നികള്‍ അധികാരത്തിലെത്തുമ്പോള്‍ പരസ്പരം തമ്മിലടിപ്പിച്ച് സ്വര്‍ഗതുല്യമായ ജീവിതങ്ങള്‍ നരകമാക്കി തീര്‍ക്കുന്നു. പരസ്പ്പരം ദയയോടും സഹിഷ്ണുതയോടും മറ്റുള്ളവരോട് പെരുമാറുവാന്‍ നാം പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന്‍ നാം ആരെയും അനുവദിക്കരുത്, നമ്മുടെ സ്വര്‍ഗവും നരകവും നാം തീരുമാനിക്കുന്നതാകണം.
‘മ്യാവൂ’ എന്ന മലയാളം സിനിമയില്‍ നായക കഥാപാത്രം പറഞ്ഞുവെക്കുന്നു, ‘നീ നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്ക്… മറ്റുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ. ഇത്തിരി ദയ ഉണ്ടായാല്‍ മതി.’ ഒരു വ്യക്തിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തന്നിഷ്ടങ്ങളും ഒരിക്കലും മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ഇഷ്ടങ്ങളെയും തകര്‍ക്കുന്നതോ തടയുന്നതോ ആയിരിക്കരുത്. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ നാം പങ്കുചേരുമ്പോള്‍ അവരോട് ‘കഷ്ടം’ എന്ന് പറയുകയും, തിരിഞ്ഞുനടക്കുമ്പോള്‍ ചിരിച്ചുതള്ളുകയും ചെയ്യുന്ന ‘കുഷ്ഠം’ നിറഞ്ഞ മനസുകളുടെ ഉടമകളാണ് നാം പലപ്പോഴും.

John Donne എന്ന പ്രശസ്ത എഴുത്തുകാരന്റെ No man is an Island എന്ന കവിതയില്‍ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: തുരുത്തുകള്‍ വളരെ മനോഹരമാണ്. പക്ഷേ അതിനെക്കാലവും അതിന്റേതായ ഒരു നിലനില്‍പ്പില്ല, ഒരു പ്രളയമോ, വേലിയേറ്റമോ, വെള്ളപ്പൊക്കമോ അതിനെ മൂടിയേക്കാം.
മനുഷ്യനും ഏറെക്കുറെ ഇതുപോലെയാണ്. എക്കാലവും നമുക്ക് ഒറ്റയ്ക്ക് നിലനില്‍ക്കുവാനാകില്ല. മനുഷ്യനോടും സഹജീവികളോടും ഒരു ആത്മബന്ധം പുലര്‍ത്തി രമ്യതയില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും.
‘ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍’ എന്ന നാടകത്തില്‍ തന്റെ ആത്മാര്‍ത്ഥ മിത്രമായിരുന്ന ‘ബ്രൂട്ടസ്’ ചതിയന്മാരോടൊപ്പം ചതിക്കു കൂട്ടുനില്‍ക്കുമ്പോള്‍ സീസര്‍ അറിഞ്ഞിരുന്നില്ല തന്റെ നിഴല്‍ തന്നെയാണ് തന്നെ ചതിക്കുവാന്‍ പോകുന്നതെന്ന്.
മറ്റുള്ളവര്‍ക്കായി ജീവിതം മാറ്റിവയ്ക്കുന്ന, മറ്റുള്ളവരെ ഒറ്റിക്കൊടുക്കാത്ത നല്ല ഹൃദയമുള്ള മനുഷ്യന്മാരാകാന്‍ നമുക്കും സാധിക്കട്ടെ. ‘You Too Brutus’ എന്ന് നാളെ നമ്മെ നോക്കി ലോകം വിധിയെഴുതാന്‍ ഇടവരാതിരിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?