Follow Us On

21

November

2024

Thursday

വിശ്വാസത്തിന്റെ പുഞ്ചിരിയും ആനന്ദത്തിന്റെ ആത്മീയതയും

വിശ്വാസത്തിന്റെ  പുഞ്ചിരിയും  ആനന്ദത്തിന്റെ  ആത്മീയതയും

രഞ്ജിത് ലോറന്‍സ്

‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്‍ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്‌ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തറയില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് കര്‍മോത്സുകമായ ഏഴു വര്‍ഷങ്ങള്‍. ഇന്ന് അതിരൂപതയില്‍ മാത്രമല്ല, കേരളത്തിലെ ഏത് കൊച്ചുകുഞ്ഞിനുപോലും മാര്‍ തോമസ് തറയില്‍ പരിചിതമുഖമാണ്. സോഷ്യല്‍ മീഡിയയിലൂടെ അനേകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗശകലങ്ങള്‍ അത്രയ്ക്ക് വൈറലാണ്. സണ്‍ഡേ ശാലോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കേരളസഭയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും സുവിശേഷം പ്രസംഗിക്കേണ്ടതിന്റെ അനിവാര്യതയും മാര്‍ തറയില്‍ പങ്കുവച്ചു

? സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലും ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട പിതാവും തമ്മില്‍ ആര്‍ക്കും പെട്ടന്നു തിരിച്ചറിയാവുന്ന ഒരു സാമ്യമുണ്ട്. സൗമ്യമായ പുഞ്ചിരിക്കുന്ന മുഖമാണത്. മായാത്ത ഈ പുഞ്ചിരിയുടെ രഹസ്യം എന്താണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗങ്ങളില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് ആനന്ദം. ആനന്ദിക്കുവിന്‍ ആഹ്ലാദിക്കുവിന്‍ എന്ന പേരില്‍ അദ്ദേഹം ഒരു അപ്പസ്‌തോലിക ലേഖനം എഴുതിയിട്ടുണ്ട്. തമാശ പറയാനും പൊട്ടിച്ചിരിക്കാനുമുള്ള കഴിവ് വിശുദ്ധിയുടെ ലക്ഷണമാണെന്ന് പാപ്പ പഠിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ ആത്മീയത ശോകമൂകമായ ഒരു ആത്മീയതയല്ല. അത് ആനന്ദത്തിന്റെ ആത്മീയതയാണ്. കാരണം ഏറ്റവും ശോകം നിറഞ്ഞ ഒരു കാര്യത്തെ ക്രൈസ്തവ ആത്മീയത പ്രത്യാശയുടെ അടയാളമാക്കി – കുരിശാണത്. കുരിശ് അപമാനത്തിന്റെയും ശാപത്തിന്റെയും ചിഹ്നമായിരുന്നു. എന്നാല്‍ ഈശോയുടെ കുരിശിലെ ബലിവഴി കുരിശ് രക്ഷയുടെയും ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും അടയാളമായി. സഹനമുണ്ടായാലും മരിക്കേണ്ടിവന്നാലും അവയ്‌ക്കെല്ലാം അപ്പുറം ഉത്ഥാനത്തിന്റെ ആനന്ദമുണ്ട്. ഉത്ഥാനത്തിന്റെ വലിയ ആനന്ദമാണ് നാമിന്ന് പ്രഘോഷിക്കേണ്ടത്. ക്രൈസ്തവ ആത്മീയത എന്ന് പറയുന്നത് സന്തോഷത്തിന്റെയും ധീരതയുടെയും ആത്മീയതയാണ്.
കേരളത്തിലെ മെത്രാന്‍മാര്‍ എല്ലാവരും വലിയ സൗഹൃദത്തിന്റെ മനുഷ്യരായാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അത് ജനങ്ങളിലേക്ക് എത്രമാത്രം എത്തുന്നുണ്ട് എന്നറിയില്ല. ഉള്ളിന്റെ ഉള്ളില്‍ എല്ലാവരും സ്‌നേഹമുള്ളവരാണ്, സൗഹൃദമുള്ളവരാണ് കൂട്ടായ്മ ആഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. ഈ കാലഘട്ടത്തില്‍തന്നെ കേരളത്തിലെ ക്രൈസ്തവസഭകള്‍ എത്രയോ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സഭാതലവന്‍മാരെല്ലാം ഒരുമിച്ചുകൂടിവരുന്നു. ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നു. ആ രീതിയില്‍ വലിയ കൂട്ടായ്മയും സ്‌നേഹവും ഉണ്ട്. ഇത് ക്രൈസ്തവ ആത്മീയതയുടെ സ്വഭാവികമായ ബഹിര്‍സ്ഫുരണമാണ്.

? അടുത്തകാലത്തുണ്ടായ സഭയിലെ പ്രശ്‌നങ്ങള്‍ സാധാരണ വിശ്വാസികളെ എപ്രകാരമാണ് ബാധിച്ചിട്ടുള്ളത്? കേരളസഭയുടെ മുമ്പോട്ടുള്ള പാത വെല്ലുവിളികള്‍ നിറഞ്ഞതാണോ.

ഈ കാലഘട്ടത്തില്‍ ഐക്യ കുറവ് സംഭവിച്ചു എന്നതിലുപരിയായി ഒറ്റപ്പെട്ട മേഖലകളില്‍ ചില എതിര്‍ സാക്ഷ്യങ്ങള്‍ ഉണ്ടായി എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. മെത്രാന്‍മാരെയും വൈദികരെയും അപഹസിക്കുന്ന പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും കുറെ മനുഷ്യരുടെ ഉള്ളിലുള്ള വിശ്വാസത്തിന് തകര്‍ച്ചയുണ്ടായി. മെത്രാന്‍സ്ഥാനത്തോടും പിതാക്കന്‍മാരുടോമുള്ള ആദരവ് കുറഞ്ഞു. അതിലൂടെ സഭയുടെ ഘടനയോടുളള മതിപ്പ് ജനങ്ങളുടെ ഇടയില്‍ കുറച്ചുകൊണ്ടുവരുവാന്‍ കുറെയൊക്കെ സാധിച്ചു. പക്ഷേ ദൈവകൃപയാല്‍ വലിയ ക്ഷീണം വന്നിട്ടില്ല. ദൈവാലയത്തില്‍ വരുന്നവരുടെ എണ്ണം കുറയുകയൊന്നും ചെയ്തിട്ടില്ല. പക്ഷേ ഉള്ളിന്റെ ഉള്ളില്‍ പൗരോഹിത്യത്തോടും സഭാഘടനകളോടുമുള്ള മതിപ്പ് കുറഞ്ഞു. അത് സങ്കടകരമാണ്.
ഞാനൊരിക്കലും കത്തോലിക്ക സഭയുടെ മുമ്പോട്ടുളള യാത്ര പൂമെത്ത വിരിച്ച യാത്രയായിരിക്കുമെന്ന് വിചാരിക്കുന്നില്ല. കാരണം സുവിശേഷത്തില്‍ നമ്മോട് പറഞ്ഞിരിക്കുന്നത്, നിങ്ങള്‍ക്ക് സഹനങ്ങള്‍ ഉണ്ടാകും, നിങ്ങള്‍ക്ക് ക്ലേശങ്ങള്‍ ഉണ്ടാകും, നിങ്ങള്‍ അപമാനിക്കപ്പെടും, നിങ്ങള്‍ക്കെതിരെ കള്ളസാക്ഷ്യം പറയും, നിങ്ങളെ പിടിച്ച് ജയിലില്‍ ഇടും, എങ്കിലും നിങ്ങള്‍ വിഷമിക്കേണ്ട, കാരണം ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നാണ്. ഇതാണ് നമ്മോട് പറഞ്ഞിരിക്കുന്നത്. നമ്മള്‍ പലപ്പോളും വളരെ സുഗമമായ വഴികള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഭിന്നതകളും എതിര്‍സാക്ഷ്യങ്ങളുമുണ്ടാകുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നത്. എതിര്‍സാക്ഷ്യങ്ങള്‍ എന്നെങ്കിലും പൂര്‍ണമായി ഇല്ലാതാകുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഒരെണ്ണം മാറിയാല്‍ മറ്റെടവിടെയെങ്കിലും അതുണ്ടാകും. പൂര്‍വികര്‍ തരണം ചെയ്ത ദുര്‍ഘടമായ പാതകളോട് തുലനം ചെയ്യുമ്പോള്‍ ഇന്നുള്ളത് വലിയ പ്രശ്‌നങ്ങളായി കാണാനാവില്ല. സഭയെക്കുറിച്ച് എനിക്ക് വലിയ പ്രത്യാശയാണുള്ളത്.

? സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതുകൊണ്ടും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടും നിരവധി ട്രോളുകളും വിമര്‍ശനങ്ങളും പിതാവിന് നേരിടേണ്ടതായി വന്നിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അതിന് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും…

സത്യം ഷൂസിട്ട് യാത്ര തുടങ്ങുമ്പോഴേക്കും നുണ ലോകത്തെ മൂന്ന് പ്രാവശ്യം ചുറ്റി കഴിഞ്ഞിരിക്കും എന്നാണ് പറയാറുള്ളത്. സത്യം വളരെ പതുക്കെയാണ് പോകുന്നത്. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സത്യത്തിന്റെ പക്ഷവും നന്മയുടെ വാര്‍ത്തകളും നാം നിരന്തരം കൊടുത്തുകൊണ്ടിരിക്കണം. അതില്‍നിന്ന് നാം മാറിനില്‍ക്കരുത്. പേടിക്കരുത്. സത്യത്തിന്റെ പക്ഷത്താണെങ്കില്‍ നാം ഭയപ്പെടേണ്ട കാര്യമില്ല. സഭയെ പ്രതിരോധിക്കാനും സഭയുടെ നന്മകള്‍ ജനമധ്യത്തിലെത്തിക്കാനും എല്ലാ ക്രൈസ്തവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. എതിര്‍ക്കുന്നവരെ നേടാന്‍ മിണ്ടാതിരിക്കേണ്ട കാര്യമില്ല. അവരോട് സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍ സംഭാഷണത്തിന്റെ ഒരു തലമാണ്. നിങ്ങള്‍ നിങ്ങളുടെ ആശയങ്ങള്‍ പറഞ്ഞുകൊള്ളുക.നിങ്ങള്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു ആശയം എനിക്ക് പറയാനുണ്ട് എന്ന നയമാണ് അവിടെ സ്വീകരിക്കേണ്ടത്.

പലപ്പോഴും നമ്മള്‍ പറയുന്ന ആശയങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയും നമ്മെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്നത്. ആശയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ സംവാദങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സാധ്യമാകുന്നത്. ഡിജിറ്റില്‍ മിഷനറിമാരാകുവാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം നമ്മള്‍ ഏറ്റെടുക്കണം.
സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാവില്ല. വ്യക്തിഹത്യകള്‍ക്കെതിരെ ഇപ്പോള്‍ തന്നെ നിയമങ്ങള്‍ ഉണ്ട്. അടുത്ത കാലത്ത് കന്യാസ്ത്രീകളെ വളരെ നീചമായി അവഹേളിച്ച ഒരു വ്യക്തി അയാള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി ആ ആവശ്യം നിരാകരിക്കുകയാണ് ചെയ്തത്. കന്യാസ്ത്രീകളുടെ മാനത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ആ ആവശ്യം നിരാകരിച്ചത്. ഇത്തരത്തിലുള്ള നിയമപരിരക്ഷ ഇപ്പോള്‍ തന്നെയുണ്ട്.

? കേരളത്തില്‍നിന്ന് യുവജനങ്ങളുടെ, പ്രത്യേകിച്ചും കത്തോലിക്കരായ യുവജനങ്ങളുടെ പലായനം തുടരുകയാണ്. ഇങ്ങനെപോയാല്‍ കേരളസഭയുടെ ഭാവി എന്താകും? നമ്മുടെ യുവജനങ്ങളെക്കുറിച്ചുള്ള പിതാവിന്റെ സ്വപ്നങ്ങള്‍

ദൈവത്തിന്റെ ഭാവി ഓര്‍ത്ത് നാം ആകുലപ്പെടേണ്ടതില്ല എന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സഭയെന്ന് പറയുന്നത് മിശിഹായുടെ തുടര്‍ച്ചയാണ്. സഭയുടെ ഭാവിയെന്ന് പറയുന്നത് മിശിഹായുടെ ഭാവിതന്നെയാണ്. നമ്മളാരാണ് സഭയെക്കുറിച്ച് ആകുലപ്പെടുവാന്‍. നമ്മള്‍ ഏല്‍പ്പിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്നു. ആ ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്യുക. നീ വിതച്ചാല്‍ മാത്രം മതി. വിളവ് തരുന്നത് കര്‍ത്താവാണ്. പക്ഷേ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണോ ചെയ്യുന്നത്? നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നമ്മള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സുവിശേഷം നല്‍കുകയാണ്. അത് കേള്‍ക്കുന്നവരുടെ മനസില്‍ മാനസാന്തരം നല്‍കുന്നത് കര്‍ത്താവാണ്. അങ്ങനെ മാനസാന്തരം സംഭവിച്ചവരെ പരിശുദ്ധ കുര്‍ബാനയിലേക്കും മറ്റ് കൂദാശകളിലേക്കും കൂട്ടിക്കൊണ്ടു വരണം. പക്ഷേ, പരിശുദ്ധ കുര്‍ബാനയിലേക്ക് വരുന്നവരെ മാത്രം പരിപാലിച്ചുകൊണ്ടിരുന്നാല്‍ പുറമെ ഉള്ളവരുടെ കാര്യം എന്താകും?

കേരളത്തിലെ സഭയ്ക്ക് വരാന്‍ പോകുന്ന ഏറ്റവും വലിയ തകര്‍ച്ച ചെറുപ്പക്കാരില്ലാത്തതുകൊണ്ടോ കുട്ടികളില്ലാത്തതുകൊണ്ടോ ഒന്നും അല്ല. സുവിശേഷം പറയുന്ന കാര്യത്തില്‍ നമ്മള്‍ പുറകിലാണ് എന്നുള്ളതാണ്. സ്ഥാപനങ്ങള്‍ നടത്തി പൊതുസമൂഹത്തെ വളര്‍ത്തി മുന്നോട്ടു പോകുന്നതിലൂടെ സഭ വളരുന്നില്ല. സുവിശേഷം കൊടുക്കുക എന്നത് വൈദികരും സന്യസ്തരുടെയും മാത്രമല്ല അല്മായരുടെയും ജീവിതനിയോഗമാണ് എന്ന ബോധ്യം കൊടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. സഭ മുഴുവന്‍ സുവിശേഷപ്രവര്‍ത്തനത്തിന് തയാറായാല്‍ സഭ വളരും. ചങ്ങനാശേരി അതിരൂപതയില്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് തുടങ്ങിയ സ്ഥാപനമാണ് മിഷനറി ഓറിയന്റേഷന്‍ സെന്റര്‍ (എംഒസി). മിഷന് പോകുന്നവര്‍ക്ക് നല്ല ഓറിയന്റേഷന്‍ കൊടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇപ്പോള്‍ അവിടെ ദൈവശാസ്ത്ര വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ആദിമ ലക്ഷ്യം വീണ്ടെടുക്കുകയാണെങ്കില്‍ ഈ മേഖലയിലുള്ള കുറവ് പരിഹരിക്കാന്‍ സാധിക്കും.

യുവജനങ്ങളുടെ കുടിയേറ്റം ആശങ്കകളുയര്‍ത്തുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ എല്ലാ കാലത്തും യുവജനങ്ങള്‍ പുറത്തേക്ക് പോകുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ അത് ഒരു ട്രെന്റാണ്. ഞാന്‍ യുവജനങ്ങളോട് പറയുന്നത് ഇതാണ്. കുറച്ചുപേരൊക്കെ പുറത്തു പൊയ്‌ക്കൊള്ളുക, കാരണം ഇവിടെ തൊഴില്‍സാധ്യകള്‍ കുറവാണ്. പക്ഷേ നല്ല ജോലികള്‍ ഇവിടെ തന്നെ ലഭിക്കാന്‍ സാധ്യത ഉള്ളവര്‍ അത് പ്രയോജനപ്പെടുത്തണം. മത്സരപരീക്ഷകള്‍ എഴുതാനും കാത്തിരിക്കാനുമൊക്കെ അവര്‍ തയാറാകണം. ബിസിനസ് രംഗത്തും പൊതുരംഗത്തും ശോഭിക്കാന്‍ സാധ്യതയുള്ളവര്‍ അതിന് പരിശ്രമിക്കണം. നന്നായിട്ട് പഠിക്കുന്ന പല കുട്ടികളുടെ ജീവിതം പോലും വിദേശ രാജ്യത്ത് ഏതെങ്കിലും ആശുപത്രിയില്‍ ജോലി ചെയ്ത് അവസാനിക്കുകയാണ്. ഒരു പക്ഷേ അവരില്‍ പലരും വലിയ ശാസ്ത്രജ്ഞരോ മറ്റ് പ്രതിഭകളോ ആകേണ്ടവരായിരിക്കും. നല്ല ശമ്പളമുണ്ട് എന്നതിനപ്പുറം അവരുടെ കഴിവുകള്‍ ഉപയോഗിക്കപ്പെടാതെ പോവുകയാണ്. ഇവിടെ മനുഷ്യവിഭവശേഷിയുടെ വലിയ ചോര്‍ച്ച സംഭവിക്കുന്നുണ്ട്.

? മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും ലൈസന്‍ഷ്യേറ്റും നേടിയിട്ടുള്ള വ്യക്തിയെന്ന നിലയില്‍ ഇന്നത്തെ മനുഷ്യനെ എങ്ങനെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് പിതാവ് കരുതുന്നത്? നവമാധ്യമങ്ങളുടെ ഈ യുഗത്തില്‍ ദൈവത്തിന്റെയും/ദൈവവിശ്വാസത്തിന്റെയും ആത്മീയതയുടെയും പ്രസക്തി എന്താണ്?

മനുഷ്യന്റെ എല്ലാക്കാലത്തെയും ഏറ്റവും വലിയ വെല്ലുവിളി ഏകാന്തതയാണ്. വിവാഹിതര്‍ ഒരു പ്രായംവരെ പ്രകടമായി അത് അനുഭവിക്കുന്നില്ലെങ്കിലും മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞ് ഒറ്റയ്ക്കായ ദമ്പതികള്‍ (പ്രത്യേകിച്ചും മക്കളെല്ലാവരും വിദേശത്തുള്ളവര്‍) കഠിനമായ ഏകാന്തതയിലൂടെയാണ് കടന്നുപോകുന്നത്. അതുപോലെ തിരസ്‌കരണം അനുഭവിക്കുന്ന ധാരാളം മനുഷ്യരുണ്ട്. കുടുംബജീവിതത്തിലാണെങ്കില്‍ ഭര്‍ത്താവ് ഭാര്യക്ക് വേണ്ടരീതിയിലുള്ള പിന്തുണ നല്‍കുന്നില്ല, ഭാര്യ വേണ്ട പരിഗണന ഭര്‍ത്താവിന് നല്‍കുന്നില്ല തുടങ്ങിയ കാര്യങ്ങളുണ്ടാകുമ്പോഴെല്ലാം മനുഷ്യര്‍ വല്ലാതെ ഒറ്റപ്പെട്ടു പോവുകയാണ്.
ഏകാന്തതയ്ക്ക് പരിഹാരമായിട്ടാണ് പലരും മദ്യപാനത്തിലേക്ക് കടക്കുന്നത്. സുവിശേഷത്തിന്റെ സന്തോഷം കണ്ടെത്തുക എന്നതാണ് ഇതിനെല്ലാമുള്ള പരിഹാരം. ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക, വെല്ലുവിളികളില്‍നിന്ന് ഒളിച്ചോടാതിരിക്കുക, കുരിശുകളെ സ്വീകരിക്കുക. കുരിശിലൂടെ മഹത്വത്തിലേക്ക് പ്രവേശിക്കുന്ന അനുഭവം സ്വന്തമാക്കുക. വിശ്വാസതലത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുന്ന വ്യക്തി കരുത്തുള്ള വ്യക്തിയാണ്. അവന്‍ ഒറ്റയ്ക്കാണെങ്കിലും ജീവിക്കും, കൂട്ടായ്മയിലാണെങ്കിലും ജീവിക്കും. അവനൊരിക്കലും നിരാശപ്പെടുന്നില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വിശ്വാസം നമ്മുടെ ജീവിതത്തെ പ്രസാദാത്മകമായി സ്വാധീനിക്കണം. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും വീട്ടില്‍ വന്ന് തല്ലും വഴക്കും സങ്കടവും ആശങ്കകളുമായി ജീവിക്കുകയും ചെയ്യുന്നത് എന്ത് വിശ്വാസമാണ്? കുരിശില്‍ മരിച്ച് ഉയര്‍ത്ത കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍ ഒരു കുരിശിനെയും ഭയപ്പെടാന്‍ പാടില്ല. കര്‍ത്താവ് കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുന്നതാണ് യഥാര്‍ത്ഥ ആത്മീയത. ആത്മീയത എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അപരന്റെ രക്ഷക്ക് വേണ്ടി കുരിശെടുക്കാനുള്ള മനസും കുരിശില്‍ മഹത്വം കണ്ടെത്താനുളള സിദ്ധിയുമാണത്.

? 12 -ാം ക്ലാസ് വരെ വേദപാഠം പഠിച്ച കുട്ടിയോട് യേശു ദൈവമാണോ എന്ന് ചോദിച്ചാല്‍ സംശയത്തോടെയാവും മറുപടി പറയുകയെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ പിതാവിന്റെ ഒരു പ്രസംഗത്തില്‍ കേള്‍ക്കുകയുണ്ടായി. നമ്മുടെ അധ്യാപന രീതിയാണോ, സിലബസാണോ അതോ നമ്മുടെ വിശ്വാസത്തിന്റെ ആഴക്കുറവാണോ മതബോധനമേഖലയിലെ യഥാര്‍ത്ഥ പ്രശ്നം

മാതാപിതാക്കള്‍ക്ക് നല്ല വിശ്വാസ വിനിമയമുണ്ടായിരുന്ന ഒരു കാലത്ത് നമുക്ക് ഈ വേദപാഠം മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടെ വ്യക്തതവരുത്തുകയും ചില ബോധ്യങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യേണ്ട കാലമാണ്.
ഈശോ എന്റെ ഏക രക്ഷകനാണെന്നും സഭയെന്ന് പറഞ്ഞാല്‍ എന്താണെന്നും വ്യക്തമായ ബോധ്യം കൊടുക്കാനാകണം. സഭയെക്കുറിച്ചൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്കെല്ലാം ഇന്ന് വലിയ കണ്‍ഫ്യൂഷനാണ്. സഭ മിശിഹായുടെ ശരീരമാണ്. ”സഭ അവന്റെ ശരീരമാണ്”എഫേസോസ്(1:23). പന്തക്കുസ്താദിനത്തില്‍ ഈശോ പുതിയൊരു ശരീരമെടുത്തു. മനുഷ്യാവതാരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പന്തക്കുസ്താ. പന്തക്കുസ്തായില്‍ ഈശോ ധരിച്ച ശരീരത്തിന്റെ പേരാണ് സഭ. ഇന്ന് ഈശോയെ കാണുന്നത് സഭയിലാണ്. കൂദാശകളിലൂടെയാണ് സഭയില്‍ ഈശോയെ കാണാന്‍ സാധിക്കുന്നത്. ഒരുങ്ങി കുമ്പസാരിച്ച് വന്ന് കൂദാശകള്‍ സ്വീകരിച്ചാല്‍ സഭയില്‍ ഇപ്പോഴും നിനക്ക് ഈശോയെ അനുഭവിക്കാം. എത്ര മനോഹരമായ കാര്യമാണത്. ഈ കാര്യങ്ങളെക്കുറിച്ചൊക്കെ കൂടുതല്‍ വ്യക്തത നല്‍കി മതബോധനം ‘ഷാര്‍പ്പന്‍’ ചെയ്യുകയാണ് വേണ്ടത്. സീറോ മലബാര്‍ സഭയിലെ ഇത്തവണത്തെ അസംബ്ലിയിലെ ഒന്നാമത്തെ വിഷയം മതബോധന നവീകരണമായിരുന്നു. ആ മേഖലയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴ് മക്കളില്‍ ഇളയവനാണ് മാര്‍ തോമസ് തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 1989 -ല്‍ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആര്‍ച്ചുബിഷപ് മാര്‍ പവ്വത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് സഹായമെത്രാനായുള്ള നിയമനം.

കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അജപാലന ചുമതലയായിരുന്നു മാര്‍ തറയിലില്‍ നിക്ഷിപ്തമായിരുന്നത്. പുതിയതായി വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ സുവിശേഷവത്കരണം, ഭവനപദ്ധതിയിലൂടെ നിരവധി പുതിയ ഭവനങ്ങള്‍, വിദ്യാഭ്യാസകാര്യങ്ങളിലുള്ള സജീവമായി ഇടപെടലും സഹായവും തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് വര്‍ഷമായി ചുക്കാന്‍ പിടിക്കുന്നു. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ വിശ്വാസികള്‍ മാത്രമല്ല പൊതുസമൂഹവും ഏറെ പ്രതീക്ഷയോടെയാണ് അത് ഉറ്റുനോക്കുന്നത്. ആത്മാവിനെയും മനസിനെയും തൊടുന്ന പുഞ്ചിരിയും കാര്യമാത്രപ്രസക്തമായ പ്രസംഗങ്ങളും ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായ പ്രവര്‍ത്തനശൈലിയും കാത്തുസൂക്ഷിക്കുന്ന ഈ ഇടന്റെ പുതിയ ദൗത്യത്തിന് പ്രാര്‍ത്ഥനയും പിന്തുണയുമായി ഒപ്പം ചേരുകയാണ് വിശ്വാസിസമൂഹവും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?