Follow Us On

09

December

2024

Monday

കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍

കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍

പോള്‍ സെബാസ്റ്റ്യന്‍, മെല്‍ബണ്‍

സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്.
2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.

രൂപതാസ്ഥാപനത്തിന്റെ 10-ാം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്‌നമായിരുന്ന കത്തീഡ്രല്‍ ദൈവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം. 2020 ജൂലൈ മൂന്നിനാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ കത്തീഡ്രല്‍ ദൈവാലയത്തിന്റ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യും ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍, കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രല്‍ ദൈവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്.

1711 സ്‌ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിലുണ്ട്. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദൈവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. 500 ഓളം പേര്‍ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ പ്രമുഖ കണ്‍സ്‌ട്രെക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്കിയിരുന്നത്. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, യു.കെ. പ്രസ്റ്റണ്‍ രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപ്പും നിയുക്ത കര്‍ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്‌ബെന്‍ ആര്‍ച്ചുബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ്, കാന്‍ബെറ ആര്‍ച്ചുബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന്‍ ഹൊവല്‍, ഓസ്‌ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ് അമേല്‍ ഷാമോന്‍ നോണ, ഓസ്‌ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ് ആന്റൊയിന്‍ ചാര്‍ബെല്‍ റ്റരാബെ, ഓസ്‌ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്, ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്‍ എന്നിവര്‍ കൂദാശ കര്‍മത്തില്‍ സന്നിഹിതരായിരിക്കും.

കൂടാതെ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, ഓസ്‌ട്രേലിയയില്‍ മറ്റു രൂപതകളില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍, ഫെഡറല്‍ സ്റ്റേറ്റ് മന്ത്രിമാര്‍, എം.പി.മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യും സിറ്റി വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്‌സ് എന്നിവരും പങ്കെടുക്കും. നവംബര്‍ 23 ന് രാവിലെ 9 മണിക്ക് മെത്രാന്മാരെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30 ന് കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മം മനോഹരമായും ഭക്തിനിര്‍ഭരമായും നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം എന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന കത്തീഡ്രല്‍ ദൈവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മാര്‍ ജോണ്‍ പനംതോട്ടത്തില്‍, ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?