Follow Us On

22

December

2024

Sunday

മുനമ്പം സമരം ലക്ഷ്യം കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍

മുനമ്പം സമരം ലക്ഷ്യം  കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍
മുനമ്പം: പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര്‍ വീഴാന്‍ കാരണമാകുന്നവര്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്നും മുനമ്പത്തെ സഹനസമരം ലക്ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്നും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലില്‍ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം. സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശ ത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയാകെ പ്രശ്‌നമാണ്. ജനങ്ങള്‍ മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ ഏകോദരസഹോദരങ്ങളായി ജീവിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് രാജ്യത്തെ ജനപ്രതി നിധികളും നിയമനിര്‍മാണ സഭയുമെല്ലാം ചെയ്യേണ്ടത്; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.
കടലുമായി തീരജനതയ്ക്ക് ആത്മബന്ധമാണുള്ളത്. അതു രക്തബന്ധംപോലെ ദൃഢമാണ്. അതുകൊണ്ടുതന്നെ തീരത്തുള്ളവരെ ഇറക്കിവിടുന്ന എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതു മനുഷ്യത്വരഹിതവും ജനാധി പത്യവിരുദ്ധവുമായ നടപടിയാണ്.
വഖഫ് നിയമത്തിന്റെ പരിധിയില്‍ മുനമ്പം പ്രദേശവുമകപ്പെട്ടിട്ടുണ്ടെന്നു അടുത്തകാലത്താണ് നമ്മള്‍ അറിയുന്നത്. ഇനി ഏതെല്ലാം പ്രദേശങ്ങള്‍ വരുമെന്ന് നമുക്ക് അറിഞ്ഞുകൂടാ. ഈ നാട്ടില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ജനം സുതാര്യമല്ലാത്തൊരു നിയമത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിനു കളങ്കമാണ്. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ആശങ്കകള്‍ക്കു മനുഷ്യത്വപരവും നിയമപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍  ആവശ്യപ്പെട്ടു.
സമരപ്പന്തലിലെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ആന്റണി തറയില്‍, സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്നവര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയത്തില്‍നിന്നു വൈദികരും സന്യാസിനിമാരും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളും മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം മുനമ്പത്തെ സമരപ്പന്തലിലെത്തിയിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?