ഫാ. ജോയി ചെഞ്ചേരില്‍ MCBS
കാലഘട്ടത്തിനു ദിശാബോധവും കര്‍മവഴികളില്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ വീണ്ടെടുക്കാനുമുള്ള നിയോഗവും ആഹ്വാനവുമാണ് ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിലേഖനമായ ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ (ദിലെക്‌സിത് നോസ്) നല്‍കുന്നത്. ഈശോയുടെ ഹൃദയത്തിന്റെ മാനുഷികവും ദിവ്യവുമായ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ ചാക്രികലേഖനം. ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച്, സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കാന്‍ മറ്റേതു കാലത്തേക്കാള്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ് ഇതിന്റെ സാരസംഗ്രഹം. വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് തിരുഹൃദയം ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ മുന്നൂറ്റി അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കൊപ്പമാണ് ദിലെക്‌സിത് നോസിന്റെ പ്രകാശനമെന്നത് ശ്രദ്ധേയമാണ്.
സ്‌നേഹത്തിന്റെ പ്രതീകം
ഹൃദയം സ്‌നേഹത്തിന്റെ പ്രതീകമാണ്. ഈ പ്രതീകം ഇന്നും അര്‍ഥപൂര്‍ണമാണോയെന്നു സംശയിക്കുന്നവര്‍ ഏറെയാണ്. ഉപരിപ്ലവതയുടെ യുഗത്തില്‍ ജീവിക്കുമ്പോള്‍ എന്തിനെന്നറിയാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി ഓടുകയാണ്. കമ്പോള സംസ്‌കാരങ്ങളുടെ പിടിയിലമരുന്ന ജീവിതം! യന്ത്രവല്കൃതലോകത്തില്‍ ഹൃദയശൂന്യരായി മാറുന്ന ദൈന്യമാണ് എവിടെയും. ഇവിടെ നമ്മുടെ സ്വത്വം സ്‌നേഹത്തില്‍ അധിഷ്ഠിതമാണെന്നും സ്‌നേഹഭാവങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടതാണെന്നും വിഭജിതമായ ആധുനിക ലോക സംസ്‌കാരം ഹൃദയത്തിന്റെ ശക്തിയെ തിരിച്ചറിയണമെന്നും പാപ്പ ഓര്‍മപ്പെടുത്തുന്നു.
ദിലെക്‌സിത് നോസില്‍ 5 അധ്യായങ്ങളും 220 ഖണ്ഡികകളുമാണുള്ളത്. എന്താണ് ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തു സ്‌നേഹത്തിന്റെ ചെയ്തികളും വാക്കുകളും ഏവയാണ്, ഏറെ സ്‌നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹം അകറ്റുന്ന ക്രിസ്തു, സ്‌നേഹത്തിലൂടെ സ്‌നേഹത്തിലേക്ക് നയിക്കപ്പെടുക എന്നിങ്ങനെയാണ് അധ്യായങ്ങളുടെ തലക്കെട്ടുകള്‍. ലൂമെന്‍ ഫിദെയി (2013), ലൗദാത്തോസി (2015), ഫ്രത്തേലി തൂത്തി (2020) എന്നിവയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ മൂന്നു ചാക്രിക ലേഖനങ്ങള്‍.
ഹൃദയ കാപട്യം
നിന്റെ ഹൃദയം എന്നോടൊപ്പം ഇല്ലാത്തപ്പോള്‍ എന്നെ നീ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ നിനക്ക് എന്നോട് പറയാന്‍ സാധിക്കും? ന്യായാധിപന്മാരുടെ പുസ്തകത്തില്‍ (15:16) ദലീല സാംസനോട് ചോദിക്കുന്ന ചോദ്യമാണിത്. അതെ, ഹൃദയം ഉള്ളപ്പോഴാണ് സ്‌നേഹത്തിന്റെ ഭാവങ്ങളും അതിന്റെ സ്പന്ദനങ്ങളും നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നത്, കാവ്യാത്മകമാക്കുന്നത്. നഷ്ടപ്പെട്ട ആര്‍ദ്രത വീണ്ടെടുക്കാനും നിമ്‌നമായ വ്യവസ്ഥകളില്‍ ബന്ധിതരാക്കപ്പെട്ട മനുഷ്യരുടെ ലോകത്ത് അവന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കുന്ന സ്പന്ദനങ്ങളായി മാറാനും ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നു.
വേഷപ്പകര്‍ച്ചകളും വഞ്ചനകളും മാറ്റിവെച്ച് ആത്മാര്‍ത്ഥതയുടെ ഹൃദയഭാവം സ്വന്തമാക്കാന്‍ പാപ്പ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. കാണിക്കാന്‍ വേണ്ടി മാത്രമുള്ള പ്രകടനങ്ങളും പ്രത്യക്ഷപ്പെടലുകളും അസത്യങ്ങളും വഞ്ചനയും നമ്മുടെ ആന്തരികതയെ നഷ്ടപ്പെടുത്തി നമ്മെ ശൂന്യരാക്കുകയാണ്. ഹൃദയകാപട്യമാണ് ഈ ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ വ്യഥയെന്നും ഒരു ലൈഫ് പ്രോജക്ടിന്, ജീവിത രൂപരേഖയ്ക്ക് ഹൃദയ പരമാര്‍ത്ഥതയാണ് ആവശ്യമെന്നും പാപ്പ നമ്മെ പഠിപ്പിക്കുന്നു (ഖണ്ഡിക 6).
പെരുകുന്ന സഹനങ്ങള്‍
ഹൃദയശൂന്യത നമ്മിലെ കവിതയെ വറ്റിച്ചു കളയുന്നു (ഖണ്ഡിക11). നമ്മുടെ കണ്ടുമുട്ടലുകളെയും കൂടിക്കാഴ്ചകളെയും അത് ജീവനറ്റതാക്കി മാറ്റുകയാണ്. ഈശോയുടെ തിരുഹൃദയം പരമാനന്ദവും തുറവും ദാനവും കണ്ടുമുട്ടലുമാണ്. അവിടെ നിന്നാണ് ആരോഗ്യകരവും സംതൃപ്തവുമായ ഹൃദയഭാവങ്ങളുടെ ഉറവപൊട്ടുന്നത്. അതാണ് നമുക്ക് ഈ ലോക ജീവിതത്തില്‍ പടുത്തുയര്‍ത്താനുള്ള സ്വര്‍ഗരാജ്യവും സാമൂഹിക ജീവിതത്തിന്റെ അദ്ഭുതവും (ഖണ്ഡിക 28). കുത്തിപ്പിളര്‍ക്കപ്പെട്ട ഈശോയുടെ തിരുഹൃദയം ദൈവസ്‌നേഹത്തിന്റെ പരിപൂര്‍ണ പ്രഘോഷണമാണ്. അതിന്റെ സ്പന്ദനങ്ങള്‍ തുടിക്കുന്ന ഒരു ഹൃദയത്തില്‍ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹഭാവങ്ങള്‍ ഉള്‍ക്കൊള്ളാനും അതുള്‍ക്കൊണ്ട് ഈ ലോകത്തിന്റെ എല്ലാ തലങ്ങളെയും ഹൃദയാര്‍ദ്രഭാവങ്ങളാക്കി മാറ്റാനുമുള്ള വിളിയാണ്.
സഹനങ്ങള്‍ പെരുകുന്ന ലോകത്തില്‍, യുദ്ധങ്ങള്‍ കൊടുംപിരികൊള്ളുന്ന ഇടങ്ങളില്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുന്നിടത്ത്, മാനവികതയെ ഭീഷണിപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍ പെരുകുമ്പോള്‍, ഹൃദയഭാവങ്ങള്‍ വീണ്ടെടുക്കേണമേ എന്ന് ഈശോയുടെ തിരുഹൃദയത്തോട് പ്രാര്‍ത്ഥിക്കുകയാണ് ഫ്രാന്‍സിസ് പാപ്പ (ഖണ്ഡിക31).
പുതിയ മാനവികത
നിരാശപ്പെടുന്നവര്‍ക്ക്, ആരെയും വിശ്വസിക്കാന്‍ ഇല്ലാത്ത വിധം ജീവിതത്തിന്റെ ഒറ്റപ്പെടലും ശൂന്യതയും അനുഭവിക്കുന്നവര്‍ക്ക് ഈശോ എന്നും സാന്ത്വനമാണ്. ‘എന്റെ മകനെ, മകളെ ധൈര്യമായിരിക്കുക’എന്ന് ഈശോ നമ്മോടു പറയുകയാണ്. തിരുഹൃദയത്തോടൊപ്പമെങ്കില്‍ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് ആ സ്‌നേഹ സ്പന്ദനം നമ്മെ ഓര്‍മിപ്പിക്കുന്നു എന്നാണ് പാപ്പ പറഞ്ഞു വയ്ക്കുന്നത് (ഖണ്ഡിക 37). എല്ലാവരും അവഗണിച്ചാലും നമുക്ക് എന്തു വരുമ്പോഴും ആരും നമ്മെ ശ്രദ്ധിച്ചില്ലെങ്കിലും ആര്‍ക്കും നമ്മള്‍ പ്രധാനപ്പെട്ടവരല്ലെങ്കിലും ആര്‍ക്കൊക്കെ പരിഹാസപാത്രങ്ങളായാലും അവന്‍ നമ്മെ കരുതുന്നുണ്ട്; അതാണ് നമ്മുടെ ആനന്ദം (ഖണ്ഡിക 40).
ക്രിസ്തുവുമായുള്ള ചങ്ങാത്തത്തെപ്പറ്റി പറയാന്‍ എന്തിനാണ് നമ്മള്‍ മടിക്കുന്നതെന്നാണ് പാപ്പ ചോദിക്കുന്നത് (ഖണ്ഡിക 120). മുറിവേറ്റ അവന്റെ പാര്‍ശ്വമെന്നും പ്രവാഹമായിക്കൊണ്ടിരിക്കുകയാണ്, പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്, അത് അനശ്വരമായ പ്രവാഹമാണ്. ആ പ്രവാഹത്തിനു മാത്രമേ ഒരു പുതിയ മാനവികതയെ വീണ്ടെടുക്കാനാവൂവെന്ന് പാപ്പ നമ്മെ ഓര്‍മിപ്പിക്കുന്നു (ഖണ്ഡിക 219).
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഉറവെടുക്കുന്ന സ്‌നേഹ ഭാവങ്ങളെ സ്വന്തമാക്കിക്കൊണ്ട് ജീവിതത്തെ സ്വര്‍ഗസമാനമായി മാറ്റാന്‍, ഈ ലോകത്ത് സമാധാനവും ശാന്തിയും വിത യ്ക്കാന്‍, അങ്ങനെ നഷ്ടപ്പെട്ടുപോയ സ്വത്വവും മഹത്ത്വവും മനുഷ്യജീവിതത്തിനു വീണ്ടുകിട്ടാന്‍വേണ്ടി ഫ്രാന്‍സിസ് പാപ്പ ഈ പുതിയ ചാക്രിക ലേഖനത്തിലൂടെ നമ്മെ ക്ഷണിക്കുകയാണ്. അസമത്വത്തിന്റെയും അശാന്തിയുടെയും ആകുലതകളുടെയും ലോകത്തില്‍ തിരുഹൃദയത്തെ നമുക്കും ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാം. അവന്‍ നമ്മെ സ്‌നേഹിച്ചു, നമുക്കും എല്ലാവരെയും സ്‌നേഹിക്കാം!
Leave a Comment
Your email address will not be published. Required fields are marked with *