ഷൈമോന്‍ തോട്ടുങ്കല്‍
സ്‌കന്‍തോര്‍പ്പ്: ദൈവ വചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്‌കന്തോര്‍പ്പില്‍ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
രൂപതയുടെ ഏഴാമത് ബൈബിള്‍ കലോത്സവം ഇംഗ്ലണ്ടിലെ സ്‌കന്‍തോര്‍പ്പ് ഫ്രഡറിക് ഗോവ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ കിരീടം ബ്രിസ്റ്റോള്‍ -കാര്‍ഡിഫ് റീജിയന്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും മൂന്നാം സ്ഥാനം പങ്കുവച്ച് ബിര്‍മിംഗ് ഹാം കാന്റര്‍ബറി റീജിയനുകളും കലോത്സവത്തില്‍ മുന്‍ നിരയിലെത്തി.
യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിള്‍ കലോത്സവത്തിന് മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഒന്നു ചേര്‍ന്ന തോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി വി.സി, ഫാ. ഫാന്‍ സ്വാപത്തില്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറ, ഫാ. ജോജോ പ്ലാപ്പള്ളില്‍ സിഎംഐ, ഫാ. ജോസഫ് പിണക്കാട്, ബൈബിള്‍ കലോത്സവം കോ-ഓ ര്‍ഡിനേറ്റര്‍ ആന്റണി മാത്യു , ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മാരായ ജോണ്‍ കുര്യന്‍, മര്‍ഫി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *