Follow Us On

10

January

2025

Friday

പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

ജനീവ:  മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന്‍ പാക്കിസ്ഥാനോട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വ്യാജ മതനിന്ദ ആരോപണങ്ങള്‍  ആള്‍ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്‍) മാനദണ്ഡങ്ങളനുസരിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്‍ട്ട്, വധശിക്ഷ ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ നല്‍കുന്നതും മതന്യൂനപക്ഷങ്ങളില്‍ ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്തുന്നതുമായ പാകിസ്ഥാന്‍ പീനല്‍ കോഡിന്റെ 295, 298 വകുപ്പുകളില്‍ ആശങ്ക രേഖപ്പെടുത്തി. സൈബര്‍ ക്രൈം നിയമങ്ങളുമായി ബന്ധപ്പെട്ട് മതനിന്ദ നിയമങ്ങള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും അന്വേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനും കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മതനിന്ദയോ മതത്തിനെതിരായ മറ്റ് കുറ്റകൃത്യങ്ങളോ ചുമത്തപ്പെട്ട എല്ലാ വ്യക്തികള്‍ക്കും വേഗത്തിലും ന്യായമായും വിചാരണ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമില്ലായ്മയും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളുടെ അഭാവവും ചൂണ്ടിക്കാട്ടി, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അക്രമങ്ങളും പാകിസ്ഥാന്‍ തടയണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ശുപാര്‍ശ ചെയ്തു. വിവേചനം, വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ട ആക്രമണം, പീഡനം, മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ തുടങ്ങിയവ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് മനുഷ്യാവകാശ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.

മതനിന്ദ ആരോപിച്ച് അക്രമത്തിന് പ്രേരിപ്പിക്കുകയോ അക്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന എല്ലാവരെയും അതുപോലെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യണം.നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, രാജ്യത്തുടനീളം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കുറഞ്ഞ വിവാഹപ്രായം 18 വയസായി ഉയര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങളും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നു.

അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് അവസാനിപ്പിക്കാനും ക്രിമിനല്‍ നിയമങ്ങളും തീവ്രവാദ വിരുദ്ധ നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ സംരക്ഷകരെയും നിശബ്ദമാക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയായ ഓപ്പണ്‍ ഡോര്‍സിന്റെ 2024 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പാകിസ്ഥാന്‍ ഏഴാം സ്ഥാനത്താനുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?